ഇസ്റാഈല്‍ ആക്രമണത്തിനെതിരേ ആയിരക്കണക്കിന് വനിതകള്‍ തെരുവിലിറങ്ങി
ഗസ്സ: തങ്ങളുടെ ഭൂമികള്‍ അധിനിവേഷത്തിലൂടെ പിടിച്ചെടുത്ത ഇസ്റാഈലിനെതിരേ ഗസ്സ നിവാസികള്‍ ഒടുവില്‍ തെരുവിലിറങ്ങി. മാര്‍ച്ച് അവസാനം മുതല്‍ ഗസ്സ അതിര്‍ത്തിയില്‍ ആരംഭിച്ച പ്രക്ഷോഭത്തിനിടെ ആദ്യമായാണ് സ്ത്രീകള്‍ റാലി നടത്തുന്നത്. ചൊവ്വാഴ്ച നടന്ന റാലിയില്‍ ആയിരക്കണക്കിന് പേരാണ് പങ്കെടുത്തത്.
നിരവധി സ്ത്രീകള്‍ ബസുകളിലൂടെയും അല്ലാതെയും ഗസ്സ അതിര്‍ത്തിയില്‍ എത്തിച്ചേര്‍ന്നു. ചിലര്‍ കുട്ടികളെയും കൂടെ കൂട്ടി. ഇസ്റാഈല്‍ അതിര്‍ത്തിയില്‍ നിന്ന് 50 മീറ്റര്‍ അകലെ വച്ചാണ് വനിതകളുടെ റാലി ആരംഭിച്ചത്. പ്രതിഷേധക്കാര്‍ക്ക് നേരെ ഇസ്റാഈല്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ 134 പേര്‍ക്ക് പരുക്കേറ്റു.
തന്റെ മകന് തുടക്കമിട്ട മാര്‍ച്ച് അവസാനിപ്പിക്കാനാണ് വന്നതെന്ന് റം അബൂ ഇര്‍മാന പറഞ്ഞു. മെയ് 14ന് ഇസ്റാഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട 15 കാരനായ വസലിന്റെ മാതാവാണ് അബൂ ഇര്‍മാന. സമാധാനത്തോടെയുള്ള പ്രതിഷേധമാണ് തങ്ങള്‍ നടത്തുന്നത്. സ്വന്തം ഭൂമിയും അവകാശങ്ങളും തിരിച്ചുപിടിക്കാനാണ് തങ്ങളുടെ പ്രതിഷേധമെന്ന് അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.
മാര്‍ച്ച് 30 മുതല്‍ ഗസ്സ അതിര്‍ത്തിയില്‍ നടക്കുന്ന പ്രതിഷേധത്തില്‍ ഇതുവരെ 134 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. 1948ല്‍ ഇസ്റാഈല്‍ പിടിച്ചെടുത്ത തങ്ങളുടെ പിതാക്കന്മാരുടെ പ്രദേശം തിരിച്ചുതരണമെന്ന് ആവശ്യപ്പെട്ടാണ് ഗസ്സ അതിര്‍ത്തിയില്‍ പ്രതിഷേധം നടക്കുന്നത്.
7,50,000 ഫലസ്തീനികളെയാണ് സ്വന്തം ഭൂമിയില്‍ നിന്ന് ഇസ്റാഈല്‍ അന്ന് പുറത്താക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."