കോണ്‍ഗ്രസുമായി ഭിന്നത; കാക്കൂര്‍ പഞ്ചായത്ത് യു.ഡി.എഫ് കണ്‍വീനര്‍സ്ഥാനം ലീഗ് രാജിവച്ചു
കോഴിക്കോട്: കോണ്‍ഗ്രസുമായുള്ള അഭിപ്രായവ്യത്യാസം രൂക്ഷമായതിനെ തുടര്‍ന്ന് കാക്കൂര്‍ പഞ്ചായത്ത് യു.ഡി.എഫ് കണ്‍വീനര്‍ സ്ഥാനം ലീഗ് രാജിവച്ചു. എം.ടി അബ്ദുല്‍ ഗഫൂറാണ് സ്ഥാനമൊഴിഞ്ഞത്. പഞ്ചായത്തിലെ അസിസ്റ്റന്റ് എന്‍ജിനീയര്‍ തസ്തികയിലേക്കുള്ള താല്‍ക്കാലിക നിയമനവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് രാജിയില്‍ കലാശിച്ചത്.
എ.ഇ തസ്തികയിലേക്ക് ലീഗ് അനുഭാവിയെ നിയമിക്കാമെന്ന് കോണ്‍ഗ്രസ് ഉറപ്പു നല്‍കിയിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് ഇക്കാര്യം ലീഗ് നേതാക്കളെ അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് യോഗ്യതയുള്ള ഉദ്യോഗാര്‍ഥിയെ ലീഗ് നിര്‍ദേശിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ ധാരണ ലംഘിച്ച് സി.പി.എം അനുഭാവിയായ വ്യക്തിയെയാണ് കോണ്‍ഗ്രസ് നിയമിച്ചതെന്നാണ് ലീഗിന്റെ ആരോപണം. ഇതുമായി ബന്ധപ്പെട്ട് നടന്ന യു.ഡി.എഫ് യോഗത്തില്‍നിന്ന് ലീഗ് പ്രതിനിധികള്‍ ഇറങ്ങിപ്പോവുകയും ചെയ്തിരുന്നു.
കോണ്‍ഗ്രസിന്റേത് വഞ്ചനാപരമായ നിലപാടാണെന്നും ഇതില്‍ പ്രതിഷേധിച്ചാണ് രാജിയെന്നുമാണ് ലീഗ് നേതാക്കള്‍ പറയുന്നത്. പുതിയ നിയമനവുമായി ബന്ധപ്പെട്ട് കോഴ നടന്നതായും ലീഗ് ആരോപിക്കുന്നു. നേരത്തെ തന്നെ കാക്കൂര്‍ പഞ്ചായത്തില്‍ യു.ഡി.എഫില്‍ ഭിന്നതയുണ്ടായിരുന്നു. ജില്ലാ നേതൃത്വം ഇടപെട്ടാണ് ഇവിടെ പ്രശ്നങ്ങള്‍ പരിഹരിച്ചത്. എന്നാല്‍, പ്രശ്നപരിഹാരത്തിന്റെ ഭാഗമായി ഉണ്ടാക്കിയ ധാരണകളൊന്നും കോണ്‍ഗ്രസ് പാലിച്ചില്ലെന്ന് ലീഗ് ആരോപിക്കുന്നു. ബാങ്ക്, സഹകരണ സംഘം ഉള്‍പ്പെടെ സ്ഥാപനങ്ങളില്‍ ഭാരവാഹിത്വം നല്‍കാമെന്ന് കോണ്‍ഗ്രസ് ഉറപ്പു നല്‍കിയിരുന്നുവെങ്കിലും ഇവയൊന്നും പാലിച്ചില്ലെന്നാണ് ലീഗ് നേതൃത്വം പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."