കൊവിഡ് പ്രതിരോധ മാറ്റുമായി കയര്‍ കോര്‍പറേഷന്‍
കൊച്ചി: കൊവിഡ് വ്യാപനത്തെ ചെറുക്കാന്‍ കൈകോര്‍ത്ത് സംസ്ഥാന കയര്‍ കോര്‍പറേഷനും. കോര്‍പറേഷന്റെ പുതിയ ഉല്‍പന്നമായ ആന്റി കൊവിഡ് ഹെല്‍ത്ത് പ്ലസ് മാറ്റ് പുറത്തിറക്കി. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ധനമന്ത്രി തോമസ് ഐസക് ആണ് കൊവിഡ് പ്രതിരോധ മാറ്റുകള്‍ അവതരിപ്പിച്ചത്.
മാറ്റുകള്‍ ജൂലായ് മുതല്‍ വിപണിയില്‍ ലഭ്യമാക്കും. ഇന്നലെ ആലപ്പുഴ ആശ്രാമത്തെ 50 വീടുകളില്‍ ഫീല്‍ഡ് ട്രയല്‍ ആരംഭിച്ചതായി ചെയര്‍മാന്‍ അറിയിച്ചു.
അണുനശീകരണ ലായനി നിറച്ച ട്രേയില്‍ പ്രകൃതിദത്തനാരുകള്‍ കൊണ്ടുനിര്‍മിച്ച കയര്‍മാറ്റുകള്‍ വയ്ക്കുന്നു. ഇതില്‍ ചവിട്ടി കാല്‍ വൃത്തിയാക്കുമ്പോള്‍ കാലിലൂടെയുള്ള രോഗവ്യാപന സാധ്യതതടയാനാകും. തിരുവനന്തപുരം ശ്രീ ചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദഗ്ധരും എന്‍.സി.ആര്‍.എം.ഐയിലെ വിദഗ്ധരും നിര്‍ദേശിച്ച മാനദണ്ഡങ്ങള്‍ക്കനുസരിച്ച് നിര്‍മിക്കുന്ന അണുനാശിനിയാണ് ഉപയോഗിക്കുന്നത്.
കയര്‍മാറ്റ്, ട്രേ, അണുനശീകരണ ലായിനി എന്നിവ ഒരു കിറ്റായാണ് വിതരണം ചെയ്യുക. വിവിധ ഗുണനിലവാരത്തിലുള്ള മാറ്റുകളുടെ കിറ്റിന് 200 രൂപ മുതലാണ് വില നിശ്ചയിച്ചിട്ടുള്ളത്.
കുടുംബശ്രീ, കയര്‍കോര്‍പറേഷന്റെ വിതരണ ശൃംഖല വഴിയുമാണ് വിതരണം നടത്തുക. ആദ്യഘട്ടത്തില്‍ തദ്ദേശ സ്ഥാപനങ്ങളിലും രണ്ടാംഘട്ടത്തില്‍ പൊതുവിപണിയിലും വിതരണം നടത്തും.ചടങ്ങില്‍ കയര്‍ വകുപ്പ് സെക്രട്ടറി എന്‍. പത്മകുമാര്‍ ഐ.എ.എസ്, കയര്‍ കോര്‍പറേഷന്‍ ചെയര്‍മാന്‍ ടി.കെ ദേവകുമാര്‍, എം.ഡി ജി. ശ്രീകുമാര്‍, എന്‍.സി.ആര്‍.എം.ഐ ഡയറക്ടര്‍ ഡോ. കെ.ആര്‍ അനില്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."