പ്രതിസന്ധികളെ ഐക്യത്തോടെ അതിജീവിക്കാം
കൊവിഡ് മഹാമാരിയുടെ ദുരിതങ്ങള്‍ സമൂഹം മുഴുവന്‍ അനുഭവിക്കുകയാണ്. എല്ലാ മേഖലകളും പലവിധ പ്രതിസന്ധികളാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. ഈ ആഗോള പ്രതിഭാസത്തിന്റെ വിനയില്‍നിന്ന് ഒരു വ്യക്തിയും സമൂഹവും മുക്തരല്ല. നമ്മുടെ മദ്‌റസാ പ്രസ്ഥാനം ഇന്ന് ഏറെ വിഷമകരമായ സാഹചര്യമാണ് അഭിമുഖീകരിക്കുന്നത്. മദ്‌റസ മാനേജ്‌മെന്റ് കമ്മിറ്റികള്‍ വലിയ പ്രതിസന്ധിയിലാണ്. ചെറിയ ശമ്പളം സ്വീകരിച്ചു സേവനം ചെയ്തുകൊണ്ടിരിക്കുന്ന അധ്യാപകര്‍, കിട്ടുന്നതുകൊണ്ട് സ്വന്തം അഭിമാനം കാത്തുസൂക്ഷിച്ച് മാന്യമായി കുടുംബം പുലര്‍ത്തുന്നവരാണ്. എന്നാല്‍ അതു യഥാവിധി നല്‍കാന്‍ മാനേജ്‌മെന്റ് കമ്മിറ്റികള്‍ ഇന്ന് ഏറെ പ്രയാസം അനുഭവിക്കുന്നു.
പഠിതാക്കളുടെ രക്ഷിതാക്കളില്‍നിന്ന് പിരിച്ചെടുക്കുന്ന ഫീസാണ് മദ്‌റസകളിലെ പ്രധാന ധനാഗമന മാര്‍ഗം. അതു കുട്ടികളിലൂടെയാണ് സ്ഥാപനങ്ങളിലേക്ക് എത്തുന്നത്. മദ്‌റസകള്‍ അടഞ്ഞുകിടക്കുകയാണ്. രക്ഷിതാക്കളില്‍ ഭൂരിഭാഗവും കൂലിവേലക്കാരാണ്. എല്ലാവരും ലോക്ക്ഡൗണില്‍. തൊഴിലില്ല, വരുമാനമില്ല. ചുരുക്കം ചില സ്ഥാപനങ്ങള്‍ക്ക് വാടക ഇനത്തില്‍ വല്ലതും കിട്ടാനുണ്ടെങ്കില്‍ അതും ഈ പ്രത്യേക സാഹചര്യത്തില്‍ കൃത്യമായും പൂര്‍ണമായും ലഭിക്കുന്നില്ല. മറ്റുവിധത്തിലുള്ള സംഭാവനകളും ഇപ്പോള്‍ ഇല്ല. ചുരുക്കത്തില്‍, ബാധ്യതകള്‍ നിര്‍വഹിക്കാന്‍ കഴിയാതെ പല മദ്‌റസാ പരിപാലന സമിതികളും വീര്‍പ്പുമുട്ടുകയാണ്. സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമാണ്. എന്നാല്‍ അധ്യാപകര്‍ നിയമിക്കപ്പെടുന്നത് മാസാന്ത ശമ്പള വ്യവസ്ഥയിലാണ്. ദിവസക്കൂലി അടിസ്ഥാനത്തിലല്ല. സ്ഥാപനങ്ങള്‍ അടക്കപ്പെട്ടതുകൊണ്ടാണ് അധ്യാപകര്‍ സ്ഥാപനത്തില്‍ ഹാജരാവാത്തത്. മറ്റു യാതൊരു വരുമാന മാര്‍ഗവുമില്ലാത്ത പാവപ്പെട്ട അധ്യാപകരെ കൈവെടിയുക മാനേജ്‌മെന്റിനു സാധ്യമല്ല. എല്ലാറ്റിനുമുപരി മാനുഷിക പരിഗണന പാലിക്കേണ്ടതുണ്ട്.
ദീനീവിജ്ഞാന സംരംഭങ്ങള്‍ ഒരു തരത്തിലുള്ള തടസവും വരാതെ സംരക്ഷിക്കപ്പെടേണ്ടതുണ്ട്. കാരണം ദീനിന്റെ ജീവന്‍ വിജ്ഞാനമാണ്. ദീനില്ലാത്ത ജീവിതം വിശ്വാസികളെ സംബന്ധിച്ചിടത്തോളം നിരര്‍ഥകവും നിഷ്ഫലവുമാണെന്ന് മാത്രമല്ല, അത്യന്തം അപകടകരവും നിര്‍ഭാഗ്യകരവുമാണ്. അതിനാല്‍ സമുദായത്തിലെ എല്ലാ വിഭാഗവും ഈ വിഷയത്തില്‍ കൈ കോര്‍ത്ത് സഹകരിക്കണം. ഉസ്താദുമാരുടെ അനിവാര്യമായ ആവശ്യങ്ങള്‍ മാനേജ്‌മെന്റും മാനേജ്‌മെന്റിന്റെ പ്രയാസകരമായ പ്രതിസന്ധികള്‍ ഉസ്താദുമാരും പരസ്പരം മനസ്സിലാക്കണം. രക്ഷിതാക്കളും സാമ്പത്തിക ശേഷി കൊണ്ട് അനുഗൃഹീതരായ വ്യക്തിത്വങ്ങളും സ്വയം ഉയര്‍ന്നു പ്രതികരിക്കേണ്ട സമയമാണ്.
ഇന്നത്തെ പ്രത്യേക സാഹചര്യത്തില്‍ മദ്‌റസകളില്‍ അധ്യാപനത്തിന് മുടക്കം നേരിട്ടതിനാല്‍ കാലത്തിന്റെ ആവശ്യങ്ങളും സാധ്യതകളും മനസ്സിലാക്കി സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ഓണ്‍ലൈനായി മതപഠന ക്ലാസുകള്‍ സമയബന്ധിതവും വ്യവസ്ഥാപിതവും കാര്യക്ഷമവുമായി നടത്തികൊണ്ടിരിക്കുകയാണ്. ഇതു കുട്ടികള്‍ക്ക് ഫലപ്രദമായി ലഭ്യമാവണമെങ്കില്‍ ഉസ്താദുമാരുടെ ഇടപെടല്‍ കൂടി അനിവാര്യമാണ്. രക്ഷിതാക്കളുടെ ശ്രദ്ധയും ഉണ്ടാവണം.
ഉസ്താദുമാര്‍ ഓണ്‍ലൈനിലൂടെ തന്നെ കുട്ടികള്‍ക്ക് പാഠങ്ങള്‍ വിശദമാക്കി കൊടുക്കുന്നു. ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുന്നു. സംശയങ്ങള്‍ തീര്‍ത്തുകൊടുക്കുന്നു. അനുബന്ധമായ അഭ്യാസങ്ങള്‍ ചെയ്യിക്കുന്നു. ഇങ്ങനെ ഉസ്താദുമാരും ഇതു സംബന്ധമായി പ്രവര്‍ത്തന നിരതരാണ്. വിവിധ രാഷ്ട്രങ്ങളിലുള്ള മലയാളി കുടുംബങ്ങള്‍, കുട്ടികളും മുതിര്‍ന്നവരും ഈ ക്ലാസുകള്‍ ശ്രദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ജാതിമത ഭേദമില്ലാതെ പൊതുജനത്തില്‍നിന്ന് തന്നെ ഈ ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് വലിയ അംഗീകാരം നേടാനായിട്ടുണ്ട്. പ്രതികൂല സാഹചര്യങ്ങളെ ഇച്ഛാശക്തി കൊണ്ട് അനുകൂലമാക്കി മാറ്റിയെടുക്കാമെന്ന് ഇതിലൂടെ നാം തിരിച്ചറിയുന്നു. മദ്‌റസാ അധ്യാപകര്‍ തന്നെയാണ് ഇതിന്റെ പിന്നിലുള്ള ശില്‍പികള്‍.
പ്രയാസങ്ങളും പ്രതിസന്ധികളും നിറഞ്ഞ ഈ പ്രത്യേക ഘട്ടത്തില്‍ ദീനിന്റെ ജീവന്‍ നിലനിര്‍ത്തുന്നതിനായി നാം ചെയ്യുന്ന ത്യാഗങ്ങള്‍ അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള ധര്‍മ സമരമായിരിക്കും. ഇതു ഒരു സുവര്‍ണാവസരമായി ഓരോരുത്തരും കാണുക. സമൂഹത്തിലേക്ക് ഇറങ്ങിച്ചെന്നു പ്രവര്‍ത്തിക്കുക. ബന്ധപ്പെട്ട രക്ഷിതാക്കളെയും സമ്പന്നരും ഉദാരമനസ്‌കരുമായ വ്യക്തിത്വങ്ങളെയും പ്രത്യേകമായി കണ്ടെത്തി ഈ പ്രതിസന്ധി ഘട്ടം തരണം ചെയ്യാന്‍ ശ്രമം നടത്തുക.
പരസ്പരം സഹകരിച്ചു ആശ്വാസം പകര്‍ന്നും ആദരവും അംഗീകാരവും കൈമാറിയും നമുക്ക് കൈകോര്‍ക്കാം, പ്രവര്‍ത്തിക്കാം. ഐക്യത്തോടെയുള്ള പ്രവര്‍ത്തനത്തിന് നാഥന്റെ സഹായം സുനിശ്ചിതമാണ്. വിട്ടുവീഴ്ചകള്‍ പരസ്പരം ചെയ്യുക. തന്റെ അവകാശങ്ങളെക്കാള്‍ ഈ പ്രത്യേക ഘട്ടത്തില്‍ എന്തു ത്യാഗവും സേവനവുമാണ് തനിക്കു ചെയ്യാന്‍ കഴിയുക എന്നായിരിക്കണം ഓരോരുത്തരും ചിന്തിക്കേണ്ടത്. കുറ്റപ്പെടുത്തലുകളല്ല, പരസ്പര വിശ്വാസവും അംഗീകാരവുമാണ് ആവശ്യം. പ്രായോഗികമായ പദ്ധതികള്‍ ആവിഷ്‌കരിച്ച് ആസൂത്രിതമായ പ്രവര്‍ത്തനങ്ങളിലൂടെ പ്രതിസന്ധികളെ അതിജയിക്കുക. ക്രൈസിസ് മാനേജ്‌മെന്റാണ് ഒരു കൈകാര്യ കര്‍ത്താവിന്റെ കഴിവ്. സന്തോഷത്തോടെയുള്ള കൂട്ടായ പ്രവര്‍ത്തനമാണ് ഏതൊരു സംരംഭത്തിന്റെയും വിജയത്തിനു നിദാനം.
(സമസ്ത കേരള മദ്‌റസ മാനേജ്‌മെന്റ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."