വീട്ടില്‍ സൂക്ഷിച്ച ബോംബ് പൊട്ടിയ സംഭവം: ആര്‍.എസ്.എസ് നേതാവ് കീഴടങ്ങി
തളിപ്പറമ്പ്: നടുവില്‍ ആട്ടുകുളത്ത് വീട്ടില്‍ സൂക്ഷിച്ചിരുന്ന ബോംബ് പൊട്ടി കുട്ടികള്‍ക്ക് പരുക്കേറ്റ സംഭവത്തില്‍ പ്രതിയായ ആര്‍.എസ്.എസ് മണ്ഡല്‍ കാര്യവാഹ് കോടതിയില്‍ കീഴടങ്ങി. മുതിരമല ഷിബു ആണ് ഇന്നലെ വൈകിട്ട് മൂന്നോടെ തളിപ്പറമ്പ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് കോടതിയില്‍ കീഴടങ്ങിയത്. മജിസ്‌ട്രേറ്റ് നിജീഷ് കുമാര്‍ പ്രതിയെ 14 ദിവസത്തേക്കു റിമാന്‍ഡ് ചെയ്തു.
കഴിഞ്ഞ 23നായിരുന്നു കേസിനാസ്പദമായ സംഭവം. ഷിബുവിന്റെ വീടിനു പുറത്തെ പ്രാവിന്‍ കൂടിനു സമീപത്ത് കളിക്കുകയായിരുന്ന മകന്‍ ഗോകുലിനും അയല്‍വാസിയായ ശിവകുമാറിന്റെ മകന്‍ ഖജിന്‍ രാജിനുമാണ് ബോംബ് സ്‌ഫോടനത്തില്‍ പരുക്കേറ്റത്. ഇരുവരും ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രാവിന്‍ കൂടിനു മുകളില്‍ സൂക്ഷിച്ചിരുന്ന ബോംബ് താഴെ വീണ് പൊട്ടുകയായിരുന്നുവെന്നാണ് കരുതുന്നത്. സംഭവത്തെ തുടര്‍ന്നു പൊലിസ് നടത്തിയ പരിശോധനയില്‍ ഷിബുവിന്റെ വീടിനുള്ളില്‍ നിന്നും പരിസരത്ത് നിന്നുമായി ബോംബ് നിര്‍മാണ സാമഗ്രികളും ആയുധ ശേഖരവും കണ്ടെടുത്തിരുന്നു. ബോംബ് സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ വന്‍ സ്‌ഫോടക ശേഷിയുള്ള ബോംബുകളാണ് പൊട്ടിയതെന്നു കണ്ടെത്തി. സംഭവത്തെ തുടര്‍ന്ന് ഒളിവിലായിരുന്ന ഷിബുവിനുവേണ്ടി പൊലിസ് അന്വേഷണം നടത്തിവരുന്നതിനിടയിലാണ് കോടതിയില്‍ കീഴടങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."