ഇക്കോ ടൂറിസംകേന്ദ്രങ്ങള്‍ അടച്ചുപൂട്ടല്‍; ഹൈക്കോടതി ഉത്തരവ് ജില്ലയുടെ നട്ടെല്ല് ഒടിക്കുമെന്ന്
കല്‍പ്പറ്റ: സൗത്ത് വയനാട് ഡിവിഷന് കീഴിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ അടച്ചുപൂട്ടാനുള്ള ഹൈക്കോടതി ഉത്തരവ് ജില്ലയുടെ നട്ടെല്ല് ഒടിക്കുന്നതാണെന്ന് കല്‍പ്പറ്റയില്‍ രൂപീകരിച്ച ടൂറിസം മേഖലയിലുള്ളവരുടെ കോഡിനേഷന്‍ കമ്മിറ്റി അഭിപ്രായപ്പെട്ടു. സ്‌റ്റേ ഉത്തരവ് മറികടക്കുന്നതിന് അധികൃതരും ജനപ്രതിനിധികളും രാഷ്ട്രീയ പാര്‍ട്ടികളും ജനങ്ങളും ഒരുമിക്കണം. കാര്‍ഷിക മേഖലയിലെ പിന്നാക്കാവസ്ഥയിലും ജില്ല പിടിച്ചുനില്‍ക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നത് ടൂറിസം മേഖലയാണ്. കുറുവാദ്വീപ്, സൂചിപ്പാറ, ചെമ്പ്രാപീക്ക്, മീന്‍മുട്ടി എന്നീ കേന്ദ്രങ്ങളാണ് കോടതി ഉത്തരവിനെ തുടര്‍ന്ന് അടച്ചുപൂട്ടിയത്. കുറുവാ ദ്വീപിലെ ചില പ്രശ്‌നങ്ങളുടെ അടിസ്ഥാനത്തില്‍ കോടതിയെ സമീപിച്ച പ്രകൃതിസംരക്ഷണ സമിതിയുടെ നടപടിയാണ് പുതിയ പ്രതിസന്ധിയിലേക്ക് എത്തിച്ചത്.
സാങ്കേതികമായി ലഭിക്കേണ്ട കേന്ദ്ര അനുമതിക്ക് സാവകാശം നല്‍കാന്‍ കോടതി തയാറാവണം. അതുവരെ ടൂറിസം കേന്ദ്രങ്ങള്‍ അടച്ചുപൂട്ടണമെന്ന ഉത്തരവ് ആയിരങ്ങളെ നേരിട്ടും പതിനായിരങ്ങളെ പരോക്ഷമായും പ്രതികൂലമായി ബാധിക്കും. പ്രശ്‌നം പരിഹരിക്കാന്‍ കാലതാമസം നേരിട്ടാല്‍ മറ്റ് ഡിവിഷനുകളിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങളും സ്വാഭാവികമായി അടച്ചുപൂട്ടലിലേക്ക് നീങ്ങുമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.വനത്തിലെ വളരെ ചെറിയ ഭാഗങ്ങളില്‍ മാത്രമാണ് ഇക്കോ ടൂറിസം നടപ്പാക്കുന്നത്. നാല് ഇക്കോ ടൂറിസം കേന്ദ്രങ്ങളിലും ആദിവാസി വിഭാഗങ്ങള്‍ അടക്കം 220ഓളം പേര്‍ നേരിട്ട് ജോലി ചെയ്ത് വരുന്നുണ്ട്.
ഇതിന് പുറമെ ടാക്‌സി ഡ്രൈവര്‍മാര്‍, ചെറുകിട-വന്‍കിട കച്ചവട സ്ഥാപനങ്ങള്‍, ഹോട്ടലുകള്‍, ഹോംസ്‌റ്റേകള്‍, റിസോര്‍ട്ടുകള്‍ എന്നിവരെല്ലാം ടൂറിസത്തെ ആശ്രയിച്ചാണ് പുലരുന്നത്. ഇവിടങ്ങളിലെല്ലാമായി ആയിരങ്ങള്‍ കഴിയുന്നു. പുതിയ സാഹചര്യത്തില്‍ പ്രകൃതിദത്ത വിനോദ കേന്ദ്രങ്ങള്‍ പൂട്ടുന്നതോടെ സന്ദര്‍ശകരുടെ വരവ് എന്നേന്നക്കുമായി നിലക്കും. ടൂറിസം ഭൂപടത്തില്‍ നിന്നും വയനാട് അപ്രത്യക്ഷ്യമാവും. ഇത് വയനാടന്‍ സമ്പത് വ്യവസ്ഥയെ കാര്യമായി ബാധിക്കും. കേന്ദ്രങ്ങള്‍ അടക്കുന്നതോടെ ജീവനക്കാര്‍ക്കുള്ള വരുമാനം നിലക്കും. വന സംരക്ഷണ പ്രവര്‍ത്തനങ്ങളും തടസപ്പെടും. കാട്ടുതീ ഉള്‍പ്പെടെ ഉണ്ടാവാന്‍ കാരണമാവും.
വയനാട്ടിലെ ടൂറിസം പ്രകൃതിക്ക് വരുദ്ധമാണെന്ന പ്രചാരണമാണ് ചിലര്‍ ബോധപൂര്‍വം നടത്തുന്നത്. പരിസ്ഥിതിയെ സംരക്ഷിച്ചുകൊണ്ടുള്ള ടൂറിസം മാത്രമാണ് വയനാട് ഗുണകരമാവുക എന്ന ബോധ്യം ഈ മേഖലയിലുള്ള എല്ലവര്‍ക്കുമുണ്ടെന്നാണ് ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്. ഒറ്റപ്പെട്ട ചില സംഭവങ്ങള്‍ ഇതിനെതിരെ ഉണ്ടാവുമ്പോള്‍ അത് പൊതുവല്‍ക്കരിക്കുകയാണ് പലരും. പിഴവുകള്‍ ഉണ്ടെങ്കില്‍ പരിഹരിച്ച് മുന്നോട്ടുപോകുകയാണ് ആധുനീക സമൂഹം ചെയ്യേണ്ടതെന്നും ഇവര്‍ പറയുന്നു. ഹൈക്കോടതിയുടെ സ്‌റ്റേ ഉത്തരവ് നീക്കുന്നതിന് വനസംരക്ഷണ സമിതികള്‍ കോടതിയെ സമീപിച്ചിട്ടുണ്ട്.
ഇതിന് എല്ലാവിധ പിന്തുണയും ടൂറിസം മേഖലയിലുള്ളവര്‍ നല്‍കുമെന്നും ഇതുമായി ബന്ധപ്പെട്ട് രൂപീകരിച്ച വയനാട് ടൂറിസം കോഡിനേഷന്‍ കമ്മിറ്റി ഭാരവാഹികളായ വാഞ്ചീശ്വരന്‍, കെ.എ അനില്‍കുമാര്‍, സുബൈര്‍ ഇളകുളം, ബാബു വൈദ്യര്‍, സജേഷ്, പ്രമോദ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."