ആലപ്പാട് സമരം 151-ാം ദിവസത്തിലേക്ക്; സത്യഗ്രഹികളുടെ സംഗമവും പൊതുസമ്മേളനവും നാളെ
കരുനാഗപ്പള്ളി: 'സേവ് ആലപ്പാട് സ്റ്റോപ്പ് മൈനിങ്' എന്ന മുദ്രാവക്യം ഉയര്‍ത്തി 2018 നവംബര്‍ ഒന്നിന് ആരംഭിച്ച അനിശ്ചിതകാല റിലേ സത്യഗ്രഹ സമരത്തിന്റെ 151-ാം ദിവസമായ നാളെ സത്യാഗ്രഹികളുടെ സംഗമവും പൊതുസമ്മേളനവും ചെറിയഴീക്കല്‍ ശ്രീ ശങ്കരനാരായണ ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇന്ത്യന്‍ വാട്ടര്‍മാന്‍ എന്നറിയപ്പെടുന്ന ഡോ. രാജേന്ദ്രസിംഗ് ഉദ്ഘാടനം ചെയ്യും.
ചെറിയഴീക്കല്‍ അരയവംശ പരിപാലന യോഗം പ്രസിഡന്റ് പി. സതീന്ദ്രന്‍ അധ്യക്ഷനാകും. അയ്യക്കണ്ണ് (ദേശീയ കര്‍ഷക നേതാവ്), അഡ്വ. ഗുരുസ്വാമി (നദി പുനരുദ്ധ ജീവന പ്രവര്‍ത്തകന്‍), വൈ. ജോണ്‍ നിക്കോളാസ് (റിട്ട. ഐ.പി.എസ്), വിളയോടി വേണുഗോപാല്‍ (ആലപ്പാട് സമരം സംസ്ഥാനതല ഐക്യദാര്‍ഢ്യ സമിതി ചെയര്‍മാന്‍), സി.ആര്‍ നീലകണ്ഠന്‍ (ആലപ്പാട് സമരം സംസ്ഥാനതല ഐക്യദാര്‍ഢ്യ സമിതി ജനറല്‍ കണ്‍വീനര്‍) എന്നിവര്‍ പങ്കെടുക്കും. കേരളത്തിലെ വിവിധ ജനകീയ സമരനേതാക്കളും ജില്ലാ സംസ്ഥാനതല ഐക്യദാര്‍ഢ്യ പ്രവര്‍ത്തകരും പരിപാടിയില്‍ പങ്കെടുക്കും.
സമരം 150 ദിവസം പിന്നിടുമ്പോഴും അധികാര കേന്ദ്രങ്ങള്‍ ആലപ്പാട് സമരത്തോട് നിസംഗത പാലിക്കുകയാണെന്ന് സമരസമിതി ഭാരവാഹികള്‍ പറഞ്ഞു. എല്ലാ നിയമങ്ങളെയും മനുഷ്യാവകാശങ്ങളെയും ലംഘിച്ചും തീരപരിസ്ഥിതിയെ തകര്‍ത്തും ഖനനം ഇപ്പോഴും തുടരുകയാണ്. ഇനിയും ഖനനം തുടരുകയാണെങ്കില്‍ ആലപ്പാട് ഭൂപടത്തില്‍ നിന്ന് ഇല്ലാതാകുമെന്നതില്‍ സംശയമില്ല. ഈ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രത്യേകിച്ച് നിലപാടുകള്‍ സ്വീകരിക്കേണ്ടതില്ലെന്നും മനഃസാക്ഷിക്കനുസരിച്ച് വോട്ടു ചെയ്യാനുമാണു സമരസമിതി തീരുമാനിച്ചിട്ടുള്ളതെന്നും ഭാരവാഹികള്‍ വാര്‍ത്താ സമ്മളനത്തില്‍ പറഞ്ഞു.
സമരസമിതി ചെയര്‍മാന്‍ കെ. ചന്ദ്രദാസ്, കണ്‍വീനര്‍ ആര്‍. ഗിരീഷ്, സമരസമിതി അംഗം സതീഷ്‌കുമാര്‍, കെ.സി ശ്രീകുമാര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."