വണ്ണപ്പുറത്ത് കുടിവെള്ളത്തിനായി ജനം നെട്ടോട്ടത്തില്‍
വണ്ണപ്പുറം: വേനല്‍ അതിരൂക്ഷമായതോടെ വണ്ണപ്പുറം പഞ്ചായത്തിലെ ജനങ്ങള്‍ കുടിവെള്ളത്തിനായി നെട്ടോടമോടുന്നു.
കുളങ്ങളും കിണറുകളും തോടുകളും വരണ്ടുണങ്ങിയതോടെ പഞ്ചായത്തിലെ പല മേഖലകളും രൂക്ഷമായ ശുദ്ധജലക്ഷാമത്തിന്റെ പിടിയിലമര്‍ന്നിരിക്കുകയാണ്. ഇതിനിടെ വാട്ടര്‍ അഥോറിറ്റിയുടെ പമ്പിംഗും കൂടി നിലച്ചതോടെ ജനങ്ങളുടെ ദുരിതം ഇരട്ടിച്ചു. കാളിയാര്‍ പുഴയില്‍ വെള്ളത്തിന്റെ ലഭ്യത കുറഞ്ഞതോടെ തീരത്ത് സ്ഥാപിച്ചിരിക്കുന്ന പമ്പ് ഹൗസില്‍ നിന്നുള്ള ജല വിതരണവും നിലച്ചു.
കാളിയാര്‍ പുഴയ്ക്കു സമീപത്തായി സ്ഥാപിച്ചിരിക്കുന്ന വാട്ടര്‍ അഥോറിറ്റിയുടെ പമ്പ് ഹൗസില്‍ നിന്നും 24 മണിക്കൂറും ജലവിതരണം ഉണ്ടായിരുന്നു.
ദിവസേന മൂന്ന് ഷിഫ്റ്റ് ആയിട്ടാണ് കോടിക്കുളം പഞ്ചായത്തിലും വണ്ണപ്പുറം പഞ്ചായത്തിലും സ്ഥാപിച്ചിരിക്കുന്ന വാട്ടര്‍ അഥോറിറ്റിയുടെ ടാങ്കുകളിലേക്ക് വെള്ളം പമ്പ് ചെയ്തിരുന്നത്. എന്നാല്‍ വെള്ളത്തിന്റെ അളവില്‍ കുറവു വന്നതോടെ മൂന്ന് ഷിഫ്റ്റ് ഒരു ഷിഫ്റ്റായി കുറഞ്ഞു.
കാളിയാര്‍ പുഴയില്‍ വെള്ളം കുറവായതിനാല്‍ എന്നും വെള്ളം പമ്പ് ചെയ്യാന്‍ സാധിക്കുന്നില്ലെന്നതാണ് വാട്ടര്‍ അഥോരിറ്റി ജീവനക്കാരുടെ നിലപാട്. ഇതുകൊണ്ടാണ് പച്ചിലയിലെ വാട്ടര്‍ ടാങ്കില്‍ വെള്ളമില്ലാത്തതെന്നും പറയപ്പെടുന്നു.
കാളിയാര്‍, വണ്ണപ്പുറം ടൗണുകളിലെ വ്യാപാര സ്ഥാപനങ്ങളിലേക്ക് ആവശ്യമായ വെള്ളം ലഭിച്ചിരുന്നത് വാട്ടര്‍ അഥോറിറ്റിയുടെ ജല വിതരണത്തിലൂടെയായിരുന്നു. ഇപ്പോള്‍ കച്ചടവടക്കാര്‍ക്കും മറ്റും വെള്ളം വേണമെങ്കില്‍ സമീപത്തുള്ള വീട്ടുകാരെ ആശ്രയിക്കേണ്ട അവസ്ഥയാണ്.
വണ്ണപ്പുറം ടൗണില്‍ പഞ്ചായത്ത് വക ഒരു കുളം നിലവിലുണ്ടെങ്കിലും ഈ കുളം വൃത്തിയാക്കാനുള്ള നടപടി പഞ്ചായത്ത് കൈക്കൊണ്ടിട്ടില്ല.
കുടിവെള്ള പദ്ധതിയുടെ പേരില്‍ പല മേഖലകളിലും പൈപ്പുകള്‍ സ്ഥാപിച്ചെങ്കിലും പകുതിയോളം പൈപ്പുകളും പൊട്ടിപ്പൊളിഞ്ഞ് താറുമാറായി കിടക്കുകയാണ്. നിലവില്‍ കാളിയാര്‍, പച്ചില, വെണ്‍മറ്റം, എഴുപതേക്കര്‍, തൊമ്മന്‍കുത്ത്, മുണ്ടന്‍മുടി തുടങ്ങി വിവിധ മേഖലകളിലാണ് കുടിവെള്ള ക്ഷാമം അതി രൂക്ഷമായിരിക്കുന്നത്. ഈ മേഖലകളിലെ പല വീടുകളിലും വാട്ടര്‍ അഥോറിറ്റിയുടെ ഹൗസ് കണക്ഷന്‍ എടുത്തിട്ടുണ്ടെങ്കിലും കൂടുതല്‍ ദിവസങ്ങളിലും കുടിവെള്ളം ലഭിക്കുന്നില്ലെന്ന പരാതിയും നിലവിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."