പെരിന്തല്‍മണ്ണയില്‍ ഓട്ടോകള്‍ക്ക് സൗജന്യ പെട്രോള്‍ വിതരണം; ഓട്ടോകളുടെ തിരക്ക് കൂടിയതോടെ ട്വിസ്റ്റ്
വില അടിക്കടി ഉയരുന്നതിനിടെ പെട്രോള്‍ സൗജന്യമായി വിതരണം ചെയ്യുന്നുണ്ടെന്ന് കേട്ടാല്‍ പമ്പിലേക്കോടില്ലേ. അതു തന്നെയാണ് പെരിന്തല്‍മണ്ണയിലും സംഭവിച്ചത്. ഓട്ടോറിക്ഷകള്‍ക്ക് അഞ്ചു ലിറ്റര്‍ വീതം പെട്രോള്‍ സൗജന്യമായി അടിച്ചുകൊടുക്കാനെന്ന് പറഞ്ഞ് തിങ്കളാഴ്ച വൈകിട്ട് ഒരു യുവാവ് പമ്പില്‍ ഒരു ലക്ഷം രൂപ ഏര്‍പ്പിക്കുകയായിരുന്നു. ഇതനുസരിച്ച് പമ്പുകാരന്‍ ഓട്ടോകള്‍ക്ക് പെട്രോള്‍ അടിച്ചുകൊടുക്കാന്‍ തുടങ്ങി.
ഇതറിഞ്ഞ് വാട്‌സ്ആപ്പില്‍ സന്ദേശം പ്രചരിച്ചു. ഇതോടെ കൂട്ടത്തോടെ ഓട്ടോറിക്ഷകള്‍ പമ്പിലെത്തുകയും ചെയ്തു. തിങ്കളാഴ്ച വൈകിട്ട് വന്‍ തിരക്കാണ് പമ്പില്‍ അനുഭവപ്പെട്ടത്.
ലോക്ക്ഡൗണ്‍ മൂലം പ്രയാസത്തിലായ ഓട്ടോ ഡ്രൈവര്‍മാരെ സഹായിക്കണമെന്ന അഭ്യര്‍ഥനയോടെയാണ് യുവാവ് പമ്പിലെത്തി പണം നല്‍കിയത്. ഇത് വിശ്വാസത്തിലെടുത്താണ് പമ്പ് ഉടമകള്‍ പെട്രോള്‍ സൗജന്യമായി വിതരണം നടത്തിയത്.
എന്നാല്‍ വിതരണം പകുതി ആയതോടെ പമ്പിലേക്ക് ഒരു ഫോണ്‍ കോളെത്തി. സൗജന്യ പെട്രോള്‍ വിതരണം ഉടന്‍ നിര്‍ത്തിവയ്ക്കണമെന്നായിരുന്നു അഭ്യര്‍ഥന. ഇതിനകം 37000 രൂപയുടെ പെട്രോള്‍ അടിച്ചുകഴിഞ്ഞിരുന്നു.
യുവാവ് മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്ന വ്യക്തിയാണെന്ന് പറയുന്നു. ഭൂമി വില്‍പ്പന നടത്തിയ പണം വീട്ടില്‍ സൂക്ഷിച്ചിരുന്നു. ഇതുമായാണ് യുവാവ് പെട്രോള്‍ പമ്പിലെത്തിയത്. അവശേഷിച്ച 63000 രൂപ പമ്പ് ജീവനക്കാര്‍ ബന്ധുക്കള്‍ക്ക് കൈമാറുകയും ചെയ്തു. സൗജന്യ ഇന്ധനം കൈപ്പറ്റിയവര്‍ പണം നല്‍കി യുവാവിനെ സഹായിക്കണമെന്ന് പമ്പ് ജീവനക്കാര്‍ സമൂഹമാധ്യമങ്ങളിലൂടെ അഭ്യര്‍ഥിച്ചിക്കുകയും ചെയ്തു. ഇതോടെ ചിലര്‍ തിരികെ എത്തി പണം നല്‍കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."