ഇടതുമുന്നണിയും ബി.ജെ.പിയും കള്ളം പറയട്ടെ, സത്യം പറഞ്ഞ് വിജയിക്കും: ശശി തരൂര്‍
തിരുവനന്തപുരം: തനിക്കെതിരേ നുണപ്രചാരണം നടക്കുന്നതായി തിരുവനന്തപുരം ലോക്‌സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി ശശി തരൂര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
താന്‍ സ്വയം പരിഹസിച്ചെഴുതിയ വാക്കുകള്‍ ഉപയോഗിച്ചാണ് തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നത്. മത്സ്യത്തൊഴിലാളികളെ അപമാനിച്ചിട്ടില്ല. തന്റെ കുടുംബാംഗങ്ങളെല്ലാം മത്സ്യം കഴിക്കുന്നവരാണ്. 'ഓക്കാനം വരുന്ന' എന്ന അര്‍ഥത്തിലല്ല സ്‌ക്വീമിഷ് എന്ന വാക്ക് ഉപയോഗിച്ചത്. സ്വയം പരിഹസിക്കുന്നത് താന്‍ നിര്‍ത്തുകയാണ്.
തെരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രശ്‌നത്തില്‍ ഇടപെടണം. ഓഖി ദുരന്തത്തില്‍ ആദ്യാവസാനം വരെ മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം താന്‍ നിന്നു. ബി.ജെ.പിയുടെയും എല്‍.ഡി.എഫിന്റെയും സ്ഥാനാര്‍ഥികള്‍ മത്സ്യത്തൊഴിലാളികളെ സഹായിക്കാത്തവരാണ്. എല്‍.ഡി.എഫും ബി.ജെ.പിയും നുണ പ്രചരിപ്പിക്കട്ടെ. സത്യം പറഞ്ഞ് ജയിക്കുമെന്നും തരൂര്‍ പറഞ്ഞു.
മത്സ്യക്കച്ചവടക്കാരോട് വോട്ട് അഭ്യര്‍ഥിച്ച ശേഷം തരൂര്‍ കഴിഞ്ഞ ദിവസം ട്വിറ്ററില്‍ കുറിച്ച പോസ്റ്റ് ചര്‍ച്ചയായിരുന്നു. അതില്‍ ഉപയോഗിച്ചിരിക്കുന്ന സ്‌ക്വീമിഷ്‌ലി എന്ന വാക്ക് എതിരാളികള്‍ ഏറ്റുപിടിക്കുകയായിരുന്നു. മീന്‍ മണം അടിച്ചാല്‍ ഓക്കാനം വരുന്ന വെജിറ്റേറിയനാണെന്നാണ് തരൂര്‍ എഴുതിയതെന്നും ഓക്കാനം എന്ന വാക്കുപയോഗിച്ചത് അപമാനിക്കാനാണെന്നുമാണ് ഇടത്, ബി.ജെ.പി നേതാക്കളുടെ ആരോപണം. സ്‌ക്വീമിഷ്‌ലി എന്ന വാക്കുപയോഗിച്ചത് ശുദ്ധ വെജിറ്റേറിയന്‍ എന്ന് പറയാനാണെന്നാണ് തരൂര്‍ പറയുന്നത്. വാക്കിന്റെ അര്‍ഥം അറിയാതെ ആരോപണം ഉന്നയിക്കുന്നവരെ കളിയാക്കാനും തരൂര്‍ മറന്നില്ല.
ഓര്‍ഡര്‍ ഡെലിവേര്‍ഡ് എന്ന ഇംഗ്ലീഷ് വാക്കിനെ കല്‍പ്പന പ്രസവിച്ചു എന്ന് മനസിലാക്കുന്നതിന് തുല്യമാണ് ആരോപണമെന്നാണ് തരൂരിന്റെ പരിഹാസം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."