കമ്മ്യൂണിറ്റി വെൽഫയർ ഫണ്ട് ഉപയോഗിച്ച് പ്രവാസികളെ നാട്ടിലെത്തിക്കാൻ കേന്ദ്ര സർക്കാരിന് നിവേദനം നൽകാൻ സുപ്രീം കോടതി നിർദേശം
റിയാദ്: ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ ഫണ്ട് ഉപയോഗിച്ച് പ്രവാസികളെ നാട്ടിൽ എത്തിക്കാൻ കേന്ദ്ര സർക്കാരിന് നിവേദനം നൽകാൻ സുപ്രീം കോടതി നിർദ്ദേശിച്ചതായി സുപ്രീം കോടതിയെ സമീപിച്ച പ്ലീസ് ഇന്ത്യ ചെയർമാൻ പ്രവാസി ലീഗൽ സെൽ ഗ്ലോബൽ കോ ഓർഡിനേറ്റർ ലത്തീഫ് തെച്ചി റിയാദിൽ അറിയിച്ചു. ഇന്ത്യൻ കമ്മൂണിറ്റി വെൽഫയർ ഫണ്ട് ഉപയോഗിച്ച് പ്രവാസികളെ നാട്ടിലെത്തിക്കാൻ കേന്ദ്ര സർക്കാരിന് നിർദേശം നൽകണമെന്ന ആവശ്യം ഉന്നയിച്ചു പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡന്റ് അഡ്വ:ജോസ് എബ്രഹാം നൽകിയ ഹർജിയിലാണ് സുപ്രീം കോടതി നിർദേശം.
ഇത് സർക്കാരിന്റെ നയപരമായ തീരുമാനത്തിന്റെ പരിധിയിൽ വരുന്ന കാര്യമാണെന്നും ഇത് പരിഗണിക്കുവാനായി നിവേദനം ലഭിക്കുകയാണെങ്കിൽ നിയപരമായി ആ നിവേദനം പരിഗണിച്ചു വേണ്ട നടപടി സ്വീകരിക്കുമെന്നും കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ അഡ്വ: ശ്രീ തുഷാർ മേത്ത കോടതിയെ അറിയിച്ചതിനെ തുടർന്നാണ് ജസ്റ്റിസ് അശോക് ഭൂഷൺ സഞ്ജയ് കിഷൻ കൗൾ, എം ആർ ഷാ, എന്നിവരടങ്ങിയ ബെഞ്ജ് ഉത്തരവ് പാസാക്കിയത്.
ഓരോ എംബസികളിലും കോടിക്കണക്കിനു രൂപ ഈ ഫണ്ടിലുണ്ടെന്നും അതുപയോഗിച്ചു അർഹരായ പ്രവാസികളെ അടിയന്തിരമായി നാട്ടിലെത്തിക്കണമെന്നും സുപ്രീം കോടതി നിർദേശത്തെ തുടർന്ന് വിദേശകാര്യ മന്ത്രലയത്തിനു നൽകിയ നിവേദനത്തിൽ ആവശ്യപെട്ടു. അതിഥി തൊഴിലാളികളെ സൗജന്യമായി നാട്ടിലെത്തിക്കുന്നത് പോലെ ജോലിയും ശമ്പളവുമില്ലാതെ പ്രയാസപ്പെടുന്ന പാവപ്പെട്ട പ്രവാസികളെ ഇന്ത്യൻ കമ്മൂണിറ്റി വെൽഫെയർ ഫണ്ട് ഉപയോഗിച്ച് നാട്ടിലെത്തിക്കാൻ വേണ്ട നടപടികൾ ഉണ്ടാവണമെന്നും പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡന്റ് അഡ്വ: ജോസ് എബ്രഹാം നൽകിയ നിവേദനത്തിൽ ആവശ്യപെടുന്നു. നിവേദനം നിയമപരമായി പരിഗണിക്കുമെന്ന് സുപ്രീം കോടതിക്ക് നൽകിയ വാക്ക് പാലിക്കപ്പെടുമെന്നും പാവപെട്ട പ്രവാസികളെ സൗജന്യമായി നാട്ടിലെത്തിക്കാൻ കേന്ദ്ര സർക്കാർ ഇടപെടും എന്നാണ് പ്രവാസലോകം പ്രതീക്ഷിക്കുന്നത്.
സമാനമായ ഹർജിയിൽ പ്രവാസികൾ അപേക്ഷ നൽകിയാൽ പരിഗണിക്കാമെന്ന കേരള ഹൈക്കോടതി നൽകിയ നിർദേശവും നിലവിലുണ്ടെന്ന് ലത്തീഫ് തെച്ചി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."