ഇലക്ഷന്‍ വിഭാഗത്തില്‍ 3,500ലധികം അപേക്ഷകള്‍ ബാക്കി
നാദാപുരം: തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപനത്തിന് ശേഷം വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ താലൂക്ക് ഇലക്ഷന്‍ വിഭാഗത്തില്‍ ലഭിച്ചത് അയ്യായിരത്തിലധികം അപേക്ഷകള്‍. തീര്‍പ്പുകല്‍പിക്കാന്‍ 3,500ലധികം അപേക്ഷകള്‍ ഇനിയും ബാക്കി. ഡാറ്റാ എന്‍ട്രി വര്‍ക്കിനായി പത്തിലധികം കരാര്‍ തൊഴിലാളികള്‍ രാപ്പകല്‍ അധ്വാനിച്ചിട്ടും അവസാന ദിവസമായ ചൊവ്വാഴ്ച അധികപ്പട്ടിക പ്രസിദ്ധീകരിക്കാന്‍ കഴിയുമോ എന്ന ആശങ്കയിലാണ് താലൂക്ക് ഇലക്ഷന്‍ വിഭാഗം.
ഡിസംബറില്‍ നടത്തിയ കരടു വോട്ടര്‍ പട്ടികയുടെ പുതുക്കല്‍ സമയത്ത് പതിമൂവായിരത്തിലധികം പുതിയ അപേക്ഷകളാണ് വടകര താലൂക്ക് ഇലക്ഷന്‍ വിഭാഗത്തില്‍ കുറ്റ്യാടി, വടകര, നാദാപുരം മണ്ഡലങ്ങളില്‍ നിന്നായി ലഭിച്ചത്. ഇവ ഉള്‍പ്പെടുത്തിയ അന്തിമ പട്ടിക ജനുവരി അഞ്ചിന് സംസ്ഥാനത്ത് പ്രസിദ്ധീകരിച്ചിരുന്നു. ഇതിന് പുറമേയാണ് മാര്‍ച്ച് 25 വരെ വീണ്ടും പേരുകള്‍ ഉള്‍പ്പെടുത്താന്‍ അവസരം നല്‍കിയത്.
ഇലക്ഷന്‍ പ്രഖ്യാപിച്ചതോടെ രാഷ്ട്രീയ പാര്‍ട്ടികള്‍ വീടുകള്‍ കയറി പട്ടികയിലില്ലാത്തവരെ ഉള്‍പ്പെടുത്താനുള്ള ശ്രമം നടത്തിയതാണ് അപേക്ഷകരുടെ എണ്ണം വീണ്ടും വര്‍ധിക്കാനിടയാക്കിയത്. ബുത്തുകള്‍ കേന്ദ്രീകരിച്ച് നിയമിച്ച ബി.എല്‍.ഒമാര്‍ക്കാണ് അപേക്ഷയുടെ അന്തിമ റിപ്പോര്‍ട്ട് നല്‍കാനുള്ള ഉത്തരവാദിത്വം.
എന്നാല്‍ ഓരോ ബി.എല്‍.ഒമാരെയും ഇലക്ഷന്‍ വിഭാഗത്തില്‍ അടുത്ത രണ്ടു ദിവസങ്ങളില്‍ വിളിച്ചുവരുത്തി തീര്‍പ്പു കല്‍പ്പിക്കാനാണ് താലൂക്ക് അധികൃതരുടെ ശ്രമം. ഇതിനായി ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ ബി.എല്‍ഒമാരും ഉദ്യോഗസ്ഥരും ഒരുമിച്ച് ഡാറ്റ എന്‍ട്രി നടത്താനുള്ള സഹായം ഡെപ്യൂട്ടി തഹസില്‍ദാര്‍ അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."