പവന് 35,520; സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിലേക്ക്
സ്വന്തം ലേഖിക
കൊച്ചി: സ്വര്‍ണവില റെക്കോര്‍ഡ് ഭേദിച്ച് മുന്നേറ്റം തുടരുന്നു. ഇന്നലെ പവന് 280 രൂപ വര്‍ധിച്ച് സര്‍വകാല റെക്കോര്‍ഡായ 35,520 രൂപയിലെത്തി.
ഇന്നലെ രണ്ടു തവണയാണ് സ്വര്‍ണവില ഉയര്‍ന്നത്. രാവിലെ ഗ്രാമിന് 20 രൂപയും ഉച്ചയ്ക്ക് ശേഷം ഗ്രാമിന് 15 രൂപയുമാണ് വര്‍ധിച്ചത്. 4,440 രൂപയായിരുന്നു ഇന്നലെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം പവന് 120 രൂപ കൂടി 35,240 രൂപയിലെത്തിയിരുന്നു. ഇന്ത്യ- ചൈന അതിര്‍ത്തി സംഘര്‍ഷമാണ് സ്വര്‍ണവില കുത്തനെ ഉയരാന്‍ കാരണമായത്. വന്കിടനിക്ഷേപകര് സുരക്ഷിത നിക്ഷേപമെന്ന നിലയ്ക്ക് സ്വര്‍ണത്തിലേക്ക് തിരിയുകയായിരുന്നു. വരും ദിവസങ്ങളിലും സ്വര്‍ണവില ഉയരുമെന്നാണ് സൂചന. 6,520 രൂപയാണ് ഈ വര്‍ഷം സ്വര്‍ണത്തിന് വര്‍ധിച്ചത്. ജനുവരി ഒന്നിന് 29,000 രൂപയായിരുന്ന ഒരു പവന് സ്വര്‍ണത്തിന്റെ വിലയാണ് ഇപ്പോള്‍ സര്‍വകാല റെക്കോര്‍ഡായ 35,520 രൂപയിലെത്തി നില്‍ക്കുന്നത്. സ്വര്‍ണത്തിന് വില കുത്തനെ കൂടിയെങ്കിലും ഇന്നലെ ജ്വല്ലറികളില്‍ തിരക്കനുഭവപ്പെട്ടു. നേരത്തെ കുറഞ്ഞ നിരക്കില്‍ ബുക്ക് ചെയ്തവരാണ് ജ്വല്ലറികളിലെത്തി ആഭരണങ്ങള്‍ സ്വന്തമാക്കിയത്. വില കുത്തനെ ഉയര്‍ന്നതോടെ സ്വര്‍ണം വിറ്റ് പണമാക്കാനും ആള്‍ക്കാരെത്തിയിരുന്നു. എന്നാല്‍ അത്യാവശ്യക്കാരുടെ മാത്രം സ്വര്‍ണം സ്വീകരിച്ച് പണം നല്‍കുകയായിരുന്നു ജ്വല്ലറികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."