കത്തികാട്ടി യുവതിയുടെ മൂന്നര പവന്റെ മാല കവര്‍ന്നു
ബോവിക്കാനം: നടന്നു പോവുകയായിരുന്ന യുവതിയുടെ മൂന്നരപവന്‍ സ്വര്‍ണാഭരണം ഹെല്‍മെറ്റ് ധരിച്ചെത്തിയ ആള്‍ കത്തികാട്ടി കവര്‍ന്നുവെന്നു പരാതി. ബോവിക്കാനം സൈങ്കോലടുക്കയിലെ മണികണ്ഠന്‍ ഓംബയിലിന്റെ ഭാര്യ ശ്രീകല(33)യുടെ ആഭരണമാണ് കവര്‍ച്ച ചെയ്തത്. കഴിഞ്ഞ ദിവസം വൈകുന്നേരം ആറരയോടെ ബോവിക്കാനം കാനത്തൂര്‍ റോഡിലെ മഞ്ചക്കല്‍ സൈങ്കോല്‍ അടുക്കം ബസ് സ്റ്റോപ്പിനു സമീപം വച്ചാണ് സംഭവം. മൂന്നുപവന്‍ മാലയും അരപവന്‍ താലിയുമാണ് നഷ്ടമായത്. സംഭവം നടന്ന സ്ഥലത്ത് നിന്നും 150 മീറ്റര്‍ ദൂരത്താണ് യുവതിയുടെ വീട്. പിന്നീട് ഭര്‍ത്താവിനൊപ്പം യുവതി ആദൂര്‍ പൊലിസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. റോഡരികില്‍ ഒരു ബൈക്ക് നിര്‍ത്തിയിട്ടതായും മുപ്പതു വയസിനോടടുത്ത് പ്രായമുള്ളയാളാണ് കവര്‍ച്ച നടത്തിയതെന്നും ആളെ കണ്ടാല്‍ തിരിച്ചറിയാനാകുമെന്നും ശ്രീകല പറഞ്ഞു.
പരാതി ലഭിച്ചപ്പോള്‍ തന്നെ ആദൂര്‍ സി.ഐയുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘം സംശയമുള്ള രണ്ടു പേരെ കേന്ദ്രികരിച്ച് അന്വേഷണം നടത്തി വരികയാണ്. ബോവിക്കാനം പരിസരത്തെ സി.സി.ടി.വി കാമറ ദൃശ്യങ്ങളും പൊലിസ് പരിശോധിക്കുന്നുണ്ട്. നേരത്തെയും ഈ ഭാഗത്ത് സമാനമായ രീതിയില്‍ നിരവധി കവര്‍ച്ച നടന്നിരുന്നു. മഞ്ചക്കല്‍, ബാവിക്കര അടുക്കം, മണയംകോട് റോഡ് തുടങ്ങിയ സ്ഥലങ്ങളില്‍ സന്ധ്യ മയങ്ങിയാല്‍ സാമൂഹ്യ വിരുദ്ധരുടെ ശല്യം വര്‍ധിച്ചതായി പരിസരവാസികള്‍ പറയുന്നു. ഇവിടങ്ങളില്‍ പൊലിസ് പട്രോളിങ് വേണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."