രണ്ടു സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു
പാലക്കാട്: നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള മൂന്നാം ദിനം ജില്ലയില്‍ ലഭിച്ചത് രണ്ട് നാമനിര്‍ദേശ പത്രികകള്‍. ജില്ലയില്‍ ആദ്യമായി ലഭിച്ച നാമനിര്‍ദേശ പത്രിക ആലത്തൂര്‍ ലോകസഭാമണ്ഡലം സ്ഥാനാര്‍ഥി പി.കെ ബിജുവിന്റേതാണ്. സി.പി.എം സ്ഥാനാര്‍ഥിയായ പി.കെ ബിജു ജില്ലാ വരണാധികാരിയായ ജില്ലാ കലക്ടര്‍ ഡി. ബാലമുരളിക്ക് രാവിലെ 11.45ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. മൂന്ന് സെറ്റ് പത്രികകളാണ് സമര്‍പ്പിച്ചത്. മൂന്ന് സെറ്റുകളിലായി സി.കെ രാജേന്ദ്രന്‍, വി. ചെന്താമരാക്ഷന്‍, എന്‍.ആര്‍ ബാലന്‍ എന്നിവര്‍ പിന്താങ്ങി.
കോട്ടയം വൈക്കം താലൂക്കിലെ മാഞ്ഞൂര്‍ സ്വദേശിയായ ബിജു പോളിമര്‍ കെമിസ്ട്രിയില്‍ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്ന സമയത്ത് പി.കെ ബിജുവിന്റെ കയ്യില്‍ പതിനായിരം രൂപയുള്ളതായി രേഖപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഭാര്യയുടെ കൈവശം 23,000 രൂപയുണ്ട്. അമ്മയുടെ കൈവശം 2,000 രൂപയുമുണ്ട്. ബിജുവിന്റെ പേരില്‍ 16 ലക്ഷം മതിപ്പു വിലയുള്ള കെ.എല്‍-48-എച്ച്-6001 നമ്പര്‍ 2015 മോഡല്‍ ഇന്നോവ കാര്‍, ഒരു ലക്ഷം രൂപ വില മതിക്കുന്ന 40 ഗ്രാം സ്വര്‍ണം, മലയാളം കമ്മ്യൂണിക്കേഷനില്‍ 1000 രൂപയുടെ ബോണ്ട്, 12 സെന്റ് ഭൂമിയില്‍ 124 അവകാശം, 500 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഓടിട്ട വീട് എന്നിവയാണ് പി.കെ ബിജുവിന്റെ പേരില്‍ നാമനിര്‍ദേശപത്രികയില്‍ സമര്‍പ്പിച്ചിരിക്കുന്ന സ്വത്തുക്കള്‍. ഇതിനു പുറമെ 519379 രൂപയുടെ കാര്‍ ലോണും ഉണ്ട്. ക്രിമിനല്‍ കേസുകളിലൊന്നും തന്നെ പ്രതി ചേര്‍ക്കപ്പെട്ടിട്ടില്ല. ഇന്‍കം ടാക്‌സ് റിട്ടേണില്‍ കാണിച്ചിട്ടുളള ആകെ വരുമാനം 2014-15 ല്‍ 78000, 2015-16 ല്‍7,80,000 2016-17ല്‍ 7,80,000 2017-18 ല്‍ ആറ് ലക്ഷം 2018-19 ല്‍ ആറ് ലക്ഷം എന്നിങ്ങനെയാണ്. കൃഷിഭൂമി, കാര്‍ഷികേതര ഭൂമി, വാണിജ്യാവശ്യത്തിനുള്ള ഭൂമി എന്നിവ ഇല്ല. മൊത്തം 2,354,826 രൂപയുടെ സ്വത്തുവിവരം നാമനിര്‍ദേശ പത്രികയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
പി.കെ ബിജുവിന്റെ ഭാര്യയുടെ കൈയില്‍ ആറ് ലക്ഷം രൂപ വിലമതിക്കുന്ന 240 ഗ്രാം സ്വര്‍ണവും മകന്റെ കയ്യില്‍ ഒരു ലക്ഷം രൂപ വിലമതിക്കുന്ന 40 ഗ്രാം സ്വര്‍ണവുമുണ്ട്. ഭാര്യയുടെ പേരില്‍ 15,26,177 രൂപയുടെ സ്വത്തുക്കളും മകന്റെ പേരില്‍ രണ്ട് ലക്ഷം രൂപയും ഉള്ളതായി പത്രികയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ആലത്തൂര്‍ മണ്ഡലത്തിലെ സി.പി.എം ഡമ്മി സ്ഥാനാര്‍ഥിയായ വി. പൊന്നുക്കുട്ടന്‍ ഉച്ചയ്ക്ക് 12.15ന് ജില്ലാ കലക്ടര്‍ക്ക് നാമിനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. കെ. രജനീഷ് പിന്താങ്ങി. പൊന്നുക്കുട്ടന്റെ പേരില്‍ ബാങ്കില്‍ 2048 രൂപയും കൈരളി ചാനലില്‍ 1,000 രൂപയുടെ ബോണ്ടും ഒരു ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സും ഉണ്ട്. കൂടാതെ ഒന്‍പത് മുക്കാല്‍ സെന്റ് ഭൂമി, 800 ചതുരശ്രയടിയുള്ള വീട് എന്നിവയും ഉണ്ട്. ഭാര്യയുടെ പേരില്‍ ബാങ്കില്‍ 3,500 രൂപയും 8,50,000 രൂപയുടെ ഇന്‍ഷുറന്‍സ്, ഇരുചക്രവാഹനം, 2,50,000 രൂപ വിലമതിക്കുന്ന പത്ത് പവന്‍ സ്വര്‍ണം, പത്ത് സെന്റ് ഭൂമി എന്നിവയാണ് നാമനിര്‍ദേശ പത്രികയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. ഇതിനു പുറമെ പൊന്നുക്കുട്ടന്റെ പേരില്‍ 14,000 രൂപയുടെ ബാങ്ക് ലോണും ഭാര്യയുടെ പേരില്‍ 1,50,000 രൂപയുടെ ബാങ്ക് ലോണും ഉണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."