തമിഴ്‌നാട്ടില്‍ നേതാക്കളുടെ പ്രതിമകള്‍ പൊതിഞ്ഞുകെട്ടി
തൊടുപുഴ: തെരഞ്ഞെടുപ്പ് കമ്മിഷന്‍ കണ്ണുരുട്ടിയതോടെ തമിഴ്‌നാട്ടിലെ രാഷ്ട്രീയ കക്ഷികള്‍ നേതാക്കളുടെ പ്രതിമകള്‍ പൊതിഞ്ഞു കെട്ടി.
തമിഴ്‌നാട്ടിലെമ്പാടും ചെറിയ ഗ്രാമങ്ങള്‍ മുതല്‍ പട്ടണങ്ങളില്‍ വരെ സ്ഥാപിച്ചിരുന്ന ആയിരക്കണക്കിന് പ്രതിമകളാണ് അണികള്‍ പൊതിഞ്ഞു കെട്ടിയത്.
സംസ്ഥാന അതിര്‍ത്തിയിലെ കുമളി മുതല്‍ തലസ്ഥാനമായ ചെന്നൈ വരെ അണികളുടെ ആദരവ് ഏറ്റുവാങ്ങി നിന്നിരുന്ന പ്രതിമകള്‍ തെരഞ്ഞെടുപ്പ് കഴിയും വരെ മറവില്‍ കഴിയും. മുന്‍ മുഖ്യമന്ത്രിമാരായ എം.ജി.ആര്‍, ജയലളിത, കരുണാനിധി തുടങ്ങി നിരവധി നേതാക്കളുടെ പ്രതിമകളാണ് പഴയ ഫ്‌ളക്‌സുകളും പ്ലാസ്റ്റിക്ക് ചാക്കുകളും ഉപയോഗിച്ച് മറച്ചത്. ഇതോടൊപ്പം രാഷ്ട്രീയ കക്ഷികള്‍, പോഷക സംഘടനകള്‍ എന്നിവ തെരുവോരങ്ങളില്‍ സ്ഥാപിച്ചിരുന്ന ആയിരക്കണക്കിന് കൊടികളും കൊടിമരങ്ങളും നീക്കം ചെയ്തു.
കേരളത്തില്‍ ചുവരെഴുത്തും പോസ്റ്ററുകളും തെരഞ്ഞെടുപ്പ് പോരാട്ടത്തിന്റെ വീര്യം ജനങ്ങളെ ബോധ്യപ്പെടുത്തുമ്പോള്‍ തമിഴ്‌നാട്ടില്‍ തെരഞ്ഞെടുപ്പിന്റെ ആരവങ്ങളില്ല. ഫ്‌ളക്‌സും കൊടിതോരണങ്ങളും മൈക്ക് കോലാഹലങ്ങളുമായി പണക്കൊഴുപ്പ് നിറയേണ്ടിയിരുന്ന തമിഴ്‌നാട്ടിലെ തെരഞ്ഞെടുപ്പ് ഗോദ, കമ്മിഷന്റെ കര്‍ശന നിയന്ത്രണങ്ങളെ തുടര്‍ന്ന് ശാന്തമാണ്. സ്ഥാനാര്‍ഥി എത്തുന്ന ദിവസങ്ങളിലും തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്റെ ദിവസങ്ങളിലും കൊടി തോരണങ്ങളും ആള്‍ക്കൂട്ടവും ആകാം. എന്നാല്‍ പരിപാടി കഴിഞ്ഞാല്‍ അത് നീക്കം ചെയ്തിരിക്കണം. ഇതാണ് തമിഴ്‌നാട്ടില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."