മഹാരാജാസ് കാംപസില്‍നിന്ന് ലഘുലേഖകള്‍ കണ്ടെടുത്തു
കൊച്ചി: രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ഥി അഭിമന്യു കൊല്ലപ്പെട്ട എറണാകുളം മഹാരാജാസ് കോളജില്‍നിന്ന് അന്വേഷണസംഘം ലഘുലേഖകള്‍ കണ്ടെത്തി. വേണ്ടിവന്നാല്‍ എതിരാളികളെ കായികമായി നേരിടണമെന്ന് പറയുന്ന ലഘുലേഖ ആരുടേതെന്ന് സ്ഥിരീകരിച്ചിട്ടില്ല. വിദ്യാര്‍ഥികളിലൂടെ സംഘടന വളര്‍ത്താന്‍ ലഘുലേഖ ആഹ്വാനം ചെയ്യുന്നു. വിദ്യാര്‍ഥികള്‍ക്ക് ആവശ്യമുള്ള സഹായങ്ങള്‍ ചെയ്തുനല്‍കണം. അതിലൂടെ മാത്രമേ സംഘടനയെ വളര്‍ത്താന്‍ സാധിക്കൂ എന്നും പരാമര്‍ശമുണ്ട്. എറണാകുളം സെന്‍ട്രല്‍ പൊലിസ് കോളജില്‍ നടത്തിയ പരിശോധനയിലാണ് ലഘുലേഖകള്‍ കണ്ടെത്തിയത്. ലഘുലേഖ വിശദമായി പരിശോധിച്ചുവരികയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍.
കഴിഞ്ഞ ദിവസം എറണാകുളം നോര്‍ത്തില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ താമസിച്ചിരുന്ന വീട്ടില്‍ പൊലിസ് നടത്തിയ പരിശോധനയില്‍ സമാനസ്വഭാവമുള്ള ലഘുലേഖകള്‍ കണ്ടെത്തിയിരുന്നു. കോളജില്‍നിന്നും എസ്.ഡി.പി.ഐ കേന്ദ്രത്തില്‍നിന്നും സമാനസ്വഭാവമുള്ള ലഘുലേഖകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് എസ്.ഡി.പി.ഐ കേന്ദ്രങ്ങളിലേക്ക് പൊലിസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ഏത് സമയത്തും എസ്.ഡി.പി.ഐ, പോപ്പുലര്‍ ഫ്രണ്ട് ഓഫിസുകളില്‍ പരിശോധന നടത്താന്‍ പ്രത്യേക സ്‌ക്വാഡിന് ഡി.ജി.പി നിര്‍ദേശം നല്‍കിയിട്ടുണ്ട്.എസ്.ഡി.പി.ഐ നേതാക്കളുടെ സ്വത്ത് വിവരങ്ങളും പൊലിസ് പരിശോധിക്കുന്നുണ്ട്.
എസ്.ഡി.പി.ഐ, പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ മറ്റ് സംഘടനകളില്‍ നുഴഞ്ഞുകയറിയിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. സംശയം തോന്നിയാല്‍ ഏത് സമയത്തും എവിടെ വേണമെങ്കിലും സ്‌ക്വാഡ് പരിശോധന നടത്തും. സംശയം തോന്നുന്ന വ്യക്തികളെ കസ്റ്റഡിയില്‍ എടുക്കാനും അന്വേഷണ സംഘത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിനോടകം സമാന കേസുകളില്‍ ഉള്‍പ്പെട്ട എസ്.ഡി.പി.ഐ, പോപ്പുലര്‍ ഫ്രണ്ട്, എന്‍.ഡി.എഫ് പ്രവര്‍ത്തകരുടെ ലിസ്റ്റും തയാറാക്കുന്നുണ്ട്. അഭിമന്യു വധക്കേസില്‍ ഇത്തരത്തില്‍ ആരെങ്കിലും ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് സ്ഥിരപ്പെടുത്തുകയാണ് ലക്ഷ്യം. പോപ്പുലര്‍ ഫ്രണ്ടിനും എസ്.ഡി.പി.ഐക്കും കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തിയാണ് നിരീക്ഷണം പുരോഗമിക്കുന്നത്. സംഘടനയുമായി ബന്ധമുള്ള പൊലിസുകാരും പ്രത്യേക സ്‌ക്വാഡിന്റെ നിരീക്ഷണത്തിലാണ്. സമീപജില്ലകളായ കോട്ടയം, ആലപ്പുഴ, തൃശൂര്‍ എന്നിവിടങ്ങളിലെ എസ്.ഡി.പി.ഐ പ്രവര്‍ത്തകരെ കേന്ദ്രീകരിച്ച് പരിശോധനകള്‍ തുടരും. ആലപ്പുഴയില്‍ കഴിഞ്ഞദിവസം ഒരാള്‍ അറസ്റ്റിലായ പശ്ചാത്തലത്തിലാണിത്. എസ്.ഡി.പി.ഐ നേതാക്കളടക്കം 36 പേരുടെ ഫോണ്‍വിളികളുടെ വിശദാംശങ്ങളും പൊലിസ് പരിശോധിച്ച് വരികയാണ്. കേസുമായി ബന്ധമുണ്ടാകാന്‍ സാധ്യതയുള്ളവരുടെ ബാങ്ക് അക്കൗണ്ടുകളും പൊലിസ് പരിശോധിച്ചുവരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."