കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ ആര്‍.പി.എഫ് ഔട്ട്‌പോസ്റ്റ് അനുവദിക്കും
കാഞ്ഞങ്ങാട്: റെയില്‍വേ സുരക്ഷാസേന (ആര്‍.പി.എഫ്) ഔട്ട്‌പോസ്റ്റ് കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ അനുവദിക്കാന്‍ നടപടി എടുക്കുമെന്ന് പാലക്കാട് ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ നരേഷ് ലാല്‍വാനി.
ഇന്നലെ കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കൊപ്പം സന്ദര്‍ശനത്തിനെത്തിയ ഡി.ആര്‍.എമ്മിനോട് കാഞ്ഞങ്ങാട്ടെ ആര്‍.പി.എഫ് ഔട്ട്‌പോസ്റ്റ് അനുവദിക്കണമെന്ന് റെയില്‍വേ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടിരുന്നു.
റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ്‌ഫോമുകള്‍ രാത്രികാലങ്ങളില്‍ സാമൂഹ്യവിരുദ്ധര്‍ താവളമാക്കുന്നതും മദ്യപാനികളും യാചകരും ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ളവരും അഴിഞ്ഞാടുന്നതും മൂലം യാത്രക്കാര്‍ക്ക് ഉണ്ടാകുന്ന പ്രയാസങ്ങള്‍ ഡി.ആര്‍.എമ്മിന്റെ ശ്രദ്ധയില്‍പ്പെടുത്തി. ഇതിനു പരിഹാരമായാണ് ആര്‍.പി.എഫ് ഔട്ട്‌പോസ്റ്റ് അനുവദിക്കാമെന്ന് ഡി.ആര്‍.എം ഉറപ്പുനല്‍കിയത്.
സീനിയര്‍ ഡി.സി.എം ദാമോദരന്‍, ചീഫ് കൊമേഴ്‌സ്യല്‍ ഇന്‍സ്‌പെക്ടര്‍ ബാബുരാജ് തുടങ്ങി ഉയര്‍ന്ന ഉദ്യോഗസ്ഥരോടൊപ്പം എത്തിച്ചേര്‍ന്ന ഡി.ആര്‍.എമ്മിനെ കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന്‍ സൂപ്രണ്ട് ജയരാജ് മേനോന്‍, പാസഞ്ചേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ടി. മുഹമ്മദ് അസ്‌ലം, കൊമേഴ്‌സ്യല്‍ സൂപ്പര്‍വൈസര്‍ അഷറഫ് എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു.
റെയില്‍വേ സ്റ്റേഷന്‍, പാര്‍ക്കിംഗ് ഏരിയ, റെയില്‍വേ ഗേറ്റുവരെയുളള സ്റ്റേഷന്‍ പരിസരം തുടങ്ങിയവ ഡി.ആര്‍.എമ്മും സംഘവും വിശദമായി പരിശോധന നടത്തി.
വൈദ്യുതിത്തകരാറുകള്‍ ഉണ്ടാകുമ്പോള്‍ പ്ലാറ്റ്‌ഫോമുകളില്‍ ആവശ്യമായ എമര്‍ജന്‍സി വിളക്കുകള്‍ ഇല്ലെന്നും ഇത് വളരെയേറെ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നുണ്ടെന്നും യാത്രക്കാര്‍ ഡി.ആര്‍.എമ്മിനോട് പരാതിപ്പെട്ടു. കൂടുതല്‍ എമര്‍ജന്‍സി വിളക്കുകളും റെയില്‍വേ സ്റ്റേഷനിലെ മറ്റു സംവിധാനങ്ങളും പ്രവര്‍ത്തിപ്പിക്കുവാന്‍ അഞ്ച് കെ.വി ഡീസല്‍ ജനറേറ്റര്‍ സ്ഥാപിക്കുക, ഇരുപ്ലാറ്റ്‌ഫോമുകളിലും ആവശ്യമായ മേല്‍ക്കൂരകള്‍ സ്ഥാപിക്കുക, കൂടുതല്‍ ശൗചാലയങ്ങള്‍ സ്ഥാപിക്കുക, പ്ലാറ്റുകളില്‍ അടര്‍ന്ന് വീണ കോണ്‍ക്രീറ്റ് സ്ലാബുകള്‍ മാറ്റിസ്ഥാപിക്കുക, ടിക്കറ്റ് ബുക്കിങ് കൗണ്ടറുകളില്‍ പ്രത്യേകം യു.പി.എസ് അനുവദിക്കുക, കുടിവെള്ള വിതരണ സംവിധാനം കാര്യക്ഷമമാക്കുക, പാര്‍ക്കിങ് സൗകര്യങ്ങള്‍ വിപുലീകരിക്കുക, സ്റ്റേഷന്റെ പടിഞ്ഞാറു ഭാഗത്തും പാര്‍ക്കിങ് സംവിധാനം ഏര്‍പ്പെടുത്തുക തുടങ്ങിയ വിവിധ ആവശ്യങ്ങളും ഉന്നയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."