ചൂട് 4.4 ഡിഗ്രി വരെ കൂടും; സമുദ്രനിരപ്പ് 30 സെ.മീ ഉയരും
രാജ്യത്തെ ആദ്യ കാലാവസ്ഥാ വ്യതിയാന വിലയിരുത്തല്‍ റിപ്പോര്‍ട്ട് തയാറായി
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: രാജ്യത്തെ കാലാവസ്ഥാ വ്യതിയാനം വിലയിരുത്തിക്കൊണ്ട് കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള വിവിധ ഏജന്‍സികള്‍ തയാറാക്കിയ ആദ്യ റിപ്പോര്‍ട്ട് പുറത്തുവന്നു. രാജ്യവ്യാപകമായി ശരാശരി 4.4 ഡിഗ്രി സെല്‍ഷ്യസ് ചൂട് കൂടുമെന്നും ഉഷ്ണ തരംഗങ്ങളുടെ ആവൃത്തി മൂന്ന് മുതല്‍ നാലിരട്ടി വരെ ഉയരുമെന്നും പറയുന്നു. അതുപോലെ ഉഷ്ണമേഖലാ ചുഴലിക്കാറ്റുകള്‍ സ്ഥായിയായി വര്‍ധിക്കുകയും കഴിഞ്ഞ രണ്ടു മൂന്ന് പതിറ്റാണ്ടുകളെ അപേക്ഷിച്ച് ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ സമുദ്രനിരപ്പ് 30 സെന്റീമീറ്റര്‍ വരെ ഉയരുമെന്നുമുള്ള ആശങ്കപ്പെടുത്തുന്ന വിവരങ്ങള്‍ റിപ്പോര്‍ട്ടിലുണ്ട്.
എന്നാല്‍ ഏതെങ്കിലും സംസ്ഥാനങ്ങളെയോ നഗരങ്ങളെയോ പ്രത്യേകമായി പഠിച്ച് ഈ റിപ്പോര്‍ട്ടില്‍ വിശദാംശങ്ങള്‍ രേഖപ്പെടുത്തിയിട്ടില്ല. സിന്ധു ഗംഗാ സമതലങ്ങള്‍, പശ്ചിമഘട്ടം, ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ തീരപ്രദേശങ്ങള്‍, കിഴക്ക്, പടിഞ്ഞാറന്‍ ഹിമാലയം എന്നിവിടങ്ങളില്‍ കഴിഞ്ഞകാലത്തുണ്ടായ കാലാവസ്ഥാ മാറ്റങ്ങളുടെ വിശകലനവും ഈ റിപ്പോര്‍ട്ടിന്റെ ഭാഗമായി നടത്തിയിട്ടുണ്ട്.
മധ്യേന്ത്യയില്‍ ഈര്‍പ്പം കൂടിയ മേഖലകളില്‍ കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി വരള്‍ച്ചയും വെള്ളപ്പൊക്കവും ക്രമാനുഗതമായി വര്‍ധിക്കുന്നുണ്ട്. ഇത് ഈ മേഖലകളെ വരള്‍ച്ചബാധിത പ്രദേശങ്ങളാക്കി മാറ്റിയിട്ടുണ്ട്. കിഴക്കന്‍ തീരമേഖല, പശ്ചിമബംഗാള്‍, കിഴക്കന്‍ യു.പി, ഗുജറാത്ത്, കൊല്‍ക്കത്ത മേഖലകളും രാജ്യത്തെ പ്രധാന മെട്രോ നഗരങ്ങളായ മുംബൈ, കൊല്‍ക്കത്ത, ചെന്നൈ എന്നിവിടങ്ങളും വെള്ളപ്പക്ക സാധ്യത കൂടിയ പ്രദേശങ്ങളായി മാറിയിട്ടുണ്ടെന്ന് മുന്‍കാല വിലയിരുത്തലുകള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ട് പറയുന്നു.
20-ാം നൂറ്റാണ്ടിന്റെ മധ്യത്തോടെ തന്നെ ഇന്ത്യയില്‍ വിവിധ തരത്തിലുള്ള കാലാവസ്ഥാ വ്യതിയാനങ്ങള്‍ സംഭവിച്ചു തുടങ്ങി. 1986 മുതല്‍ 2015 വരെയുള്ള കാലയളവില്‍ പകല്‍ച്ചൂട് ഏറ്റവും കൂടിയത് 0.63 ഡിഗ്രി സെല്‍ഷ്യസ് വരെയും രാത്രി തണുപ്പ് ഏറ്റവും കൂടിയത് 0.4 ഡിഗ്രി സെല്‍ഷ്യസ് വരെയും കൂടിയിട്ടുണ്ട്. ഇത് ഈ നൂറ്റാണ്ടിന്റെ അവസാനത്തില്‍ ഇത് ഏതാണ്ട് യഥാക്രമം 4.7 ഡിഗ്രി സെല്‍ഷ്യസ് വരെയും 5.5 ഡിഗ്രി സെല്‍ഷ്യസ് വരെയും വര്‍ധിക്കുമെന്ന് റിപ്പോര്‍ട്ട് വിലയിരുത്തുന്നു.
കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയം തയാറാക്കിയ ശാസ്ത്രീയ റിപ്പോര്‍ട്ട് പൂനെയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കല്‍ മിറ്റിറോളജിയിലെ ശാസ്ത്രജ്ഞരാണ് ക്രമപ്പെടുത്തിയത്. കഴിഞ്ഞ ദിവസമാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."