താമരശ്ശേരി ഹൗസിങ് സൊസൈറ്റി പണം തിരികെ നല്‍കുന്നില്ലെന്ന് പരാതി
താമരശ്ശേരി: താമരശ്ശേരി കോഓപറേറ്റീവ് റൂറല്‍ ഹൗസിങ് സൊസൈറ്റിയില്‍ വിവിധ പദ്ധതികളിലായി പണം നിക്ഷേപിച്ചവര്‍ക്ക് തുക തിരികെ നല്‍കുന്നില്ലെന്ന് ആക്ഷേപം.
നാല് വര്‍ഷത്തോളമായുള്ള ചിട്ടിയില്‍ പണം നിക്ഷേപിച്ചവര്‍ ഉള്‍പ്പെടെയുള്ളവരാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. സി.പി .എം നിയന്ത്രണത്തിലുള്ള സൊസൈറ്റിക്ക് നേരെയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. നാല് വര്‍ഷം മുമ്പ് ആരംഭിച്ച ചിട്ടിയില്‍ പണം നിക്ഷേപിച്ചവര്‍ക്ക് കഴിഞ്ഞ നവംബറില്‍ പണം തിരികെ നല്‍കേണ്ടതാണ്. അര ലക്ഷം മുതല്‍ രണ്ട് ലക്ഷം വരെയാണ് പലര്‍ക്കും കിട്ടാനുള്ളത്. മക്കളുടെ വിവാഹത്തിനും വീട് നിര്‍മാണത്തിനും മറ്റുമായി കുറിയില്‍ കൂടിയവരാണ് ഏറെയും. ഇവര്‍ക്കൊന്നും പണം ഇതുവരെ ലഭിച്ചിട്ടില്ല. പണം അന്വേഷിച്ച് സൊസൈറ്റിയിലെത്തുമ്പോള്‍ വ്യക്തമായ മറുപടി ലഭിക്കുന്നില്ലെന്ന് ഇടപാടുകാര്‍ പറയുന്നു. ഇടപാടുകാര്‍ സൊസൈറ്റിയിലെത്തി ബഹളം വെച്ചതോടെ താമരശ്ശേരി പൊലിസ് സ്ഥലത്തെത്തിയാണ് ഇവരെ പിന്തിരിപ്പിച്ചത്. എട്ട് വര്‍ഷത്തിലേറെയായി സൊസൈറ്റി നഷ്ടത്തിലാണെന്നാണ് ബാങ്ക് അധികൃതര്‍ പറയുന്നത്. മുന്‍ ഭരണ സമിതികളുടെ കെടുകാര്യസ്ഥതയാണ് സൊസൈറ്റിയെ നഷ്ടത്തിലാക്കിയതെന്നും ഒരു വിഭാഗത്തിന് ആക്ഷേപമുണ്ട്. മൂന്നര കോടിയോളമാണ് ബാധ്യതയെന്നും സര്‍ക്കാര്‍ അനുമതിയോടെ സൊസൈറ്റിയുടെ ആസ്ഥികള്‍ വില്‍പ്പന നടത്തി ഇടപാടുകാരുടെ പണം നല്‍കുമെന്നും ബാങ്ക് അധികൃതര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."