കൗതുകമുണര്‍ത്തി സ്റ്റാമ്പ്, നാണയ, കറന്‍സി പ്രദര്‍ശനം
തിരുവനന്തപുരം: രാജരാജ ചോളന്റെ നിധി കുംഭം മുതല്‍ നൂറു ലക്ഷം കോടിയുടെ ഒറ്റനോട്ടുവരെ അണിനിരത്തിയ സ്റ്റാമ്പ്, നാണയ, കറന്‍സി പ്രദര്‍ശനം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഏറെ കൗതുകമായി. ഫിലാറ്റിക് ആന്‍ഡ് ന്യൂമിസ്മാറ്റിക് അസോസിയേഷനിലെ 25 അംഗങ്ങള്‍ ചേര്‍ന്നാണ് ഭാഗ്യമാല ഓഡിറ്റോറിയത്തില്‍ പ്രദര്‍ശനം സംഘടിപ്പിച്ചത്. ഇന്ത്യയില്‍ പ്രചാരത്തിലുണ്ടായിരുന്ന ഏറ്റവും പഴയ നാണയങ്ങളാണ് പഞ്ച് നാണയങ്ങള്‍. 2300 വര്‍ഷം പഴക്കമുള്ള ഈ പഞ്ച് നാണയങ്ങളാണ് പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
മുന്‍കാലങ്ങളില്‍ പണം എണ്ണിത്തിട്ടപ്പെടുത്താന്‍ ഉപയോഗിച്ചിരുന്ന പണപ്പലകയും കൗതുകരമായ മറ്റൊരു കാഴ്ചയാണ്. നാണയം ശേഖരം, സ്റ്റാമ്പ് ശേഖരം മുതലായ രസകരമായ ഹോബികള്‍ ഇല്ലാത്തതാണ് ഇന്നത്തെ കുട്ടികളുടെ പ്രധാന പ്രശ്‌നങ്ങളിലൊന്ന് എന്ന് പട്ടം സെന്റ് മേരീസ് സ്‌കൂളിലെ ഹിസ്റ്ററി അധ്യാപകന്‍ കൂടിയായ മാത്യു ജോണ്‍ പറഞ്ഞു. ശരിയായ വഴിയിലേക്ക് കുട്ടികളെ നയിക്കുകയാണ് ഇത്തരം പ്രദര്‍ശനങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
കാളിപ്പണം, വെള്ളി ചക്രം, തിരൈകാശ്, പരശുകാശ് തിരുവിതാകൂര്‍ നാട്ടുരാജ്യത്ത് പണ്ടു വിനിമയത്തിനായി ഉപയോഗിച്ചിരുന്ന നാണയങ്ങളുടെ വലിയ ശേഖരണവുമായാണ് സോമശേഖരന്‍ നായര്‍ എത്തിയത്. കടലിനു നടുവില്‍ ഉയര്‍ന്നു നില്‍ക്കുന്ന രണ്ടു ടവറിനുമേല്‍ സ്ഥിതി ചെയ്യുന്ന രാജ്യമായ സീലാന്‍ഡിലെ നാണയവും വൃത്താകൃതിയിലുള്ള കറന്‍സിയായ ഫ്രഞ്ച് ലില്ലെയും പ്രദര്‍ശനത്തിലെ കൗതുകകാഴ്ചകളായി.
ലോകത്തിലെ ആദ്യത്തെ സ്റ്റാമ്പ് ആയ പെന്നി ബ്ലാക്ക്, ലോകത്തിലെ ആദ്യത്തെ പ്ലാസ്റ്റിക് കറന്‍സിയായ ഓസ്‌ട്രേലിയയില്‍ പത്തു ഡോളറിന്റെ നോട്ട്, പ്ലാസ്റ്റിക് നാണയങ്ങള്‍, വിക്ടോറിയ ക്രോസ്, സൂര്യഗ്രഹണം നിരീക്ഷിക്കുന്നതിനായി പ്രത്യേകമായി നിര്‍മിച്ച സൂര്യഗ്രഹണ നോട്ട് തുടങ്ങിയവ ശ്രദ്ധാകേന്ദ്രമായി മാറി. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."