കാര്‍ഷിക ഗ്രാമ വികസന ബാങ്ക്: സഹകരണ വകുപ്പ് ജീവനക്കാര്‍ ഹാജരാകാന്‍ ലോകായുക്ത നോട്ടിസ്
സുല്‍ത്താന്‍ ബത്തേരി: സുല്‍ത്താന്‍ ബത്തേരി കാര്‍ഷിക ഗ്രാമ വികസന ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ട് സഹകരണ വകുപ്പ് ജീവനക്കാര്‍ക്ക് ഹാജരാകാന്‍ ലോകായുക്ത നോട്ടിസ് നല്‍കി.
മുന്‍ ഭരണസമിതി അംഗങ്ങളായ അനീഷ് മാമ്പള്ളി, വി.ടി തോമസ്, കെ.ആര്‍ ഭാസ്‌കരന്‍ ഫയല്‍ ചെയ്ത കേസിലാണ് എതിര്‍ കക്ഷികളായ വി മുഹമ്മദ് നൗഷാദ്, ശ്രീവിദ്യ, ജോണ്‍സണ്‍, അഡ്മിനിസ്‌ട്രേറ്റര്‍ വിജയന്‍ എന്നീ സഹകരണ വകുപ്പ് ജീവനക്കാര്‍ ഓഗസ്റ്റ് 13ന് ഹാജരാകാന്‍ ലോകായുക്ത ഉത്തരവിറക്കിയതെന്ന് കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി അറിയിച്ചു. ഭരണ സമിതി ഫയല്‍ ചെയ്ത പരാതിയില്‍ സഹകരണ വകുപ്പിലെ ഉദ്യോഗസ്ഥരും സി.പി.എമ്മും ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയുടെ ഫലമാണ് ഭരണ സമിതി പിരിച്ചുവിട്ടതെന്ന് ലോകായുക്തക്ക് ബോധ്യമായതിനാലാണ് കുറ്റക്കാര്‍ക്കെതിരെ നോട്ടിസ് ഉത്തരവായതെന്നും ഇവര്‍ അവകാശപ്പെട്ടു. ഭരണസമിതിക്കെതിരെ വയനാട് ജോയിന്റ് രജിസ്ട്രാര്‍ പുറപ്പെടുവിച്ച സര്‍ചാര്‍ജ് ഉത്തരവിന്റെ തുടര്‍ നടപടികള്‍ തടഞ്ഞ് ഹൈക്കോടതി വിധിയുണ്ടായി.
എല്ലാ നടപടികളും നിര്‍ത്തിവെക്കാനുള്ള ഹൈക്കോടതി വിധി പരിഗണിക്കാതെയാണ് വ്യാജ രേഖ ഉണ്ടാക്കി വാഹനം വാങ്ങിയെന്ന പരാതി വയനാട് ജോയിന്റ് രജിസ്ട്രാര്‍ സുല്‍ത്താന്‍ ബത്തേരി പൊലിസില്‍ നല്‍കിയതെന്നും ഭാരവാഹികള്‍ അവകാശപ്പെട്ടു. കോണ്‍ഗ്രസ് ഭരിക്കുന്ന സഹകരണ സ്ഥാപനങ്ങള്‍ മറിച്ചിട്ട് ഭരണം കൈയാളാന്‍ സി.പി.എം നടത്തിയ ഗൂഢാലോചനയാണ് കാര്‍ഷിക വികസന ബാങ്കിന്റെ ഭരണസമിതിയെ പിരിച്ചുവിട്ടതും സര്‍ചാര്‍ജ് ചുമത്തിയതുമെന്ന് ലോകായുക്തയെ ബോധ്യപ്പെടുത്താന്‍ മുന്‍ ഭരണസമിതിക്ക് കഴിഞ്ഞതായും ഇവര്‍ പറഞ്ഞു. ഭരണസമിതിയുടെ കാലത്ത് രണ്ടു കോടി 60 ലക്ഷം രൂപ ബാങ്കിന് ലാഭമുണ്ടായിരുന്നു.
എന്നാല്‍ ഭരണസമിതി പിരിച്ചുവിട്ട് ഒന്നര വര്‍ഷമായപ്പോള്‍ നഷ്ടം 12 കോടിയായി മാറി. സംസ്ഥാന ബാങ്കില്‍ 75 ശതമാനം കടമാണ്. അതിനാല്‍ ഫണ്ട് കൊടുക്കുന്നില്ലെന്നും മുന്‍ ഭരണസമിതി പ്രസിഡന്റ് കെ.കെ ഗോപിനാഥന്‍, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ടി.ജെ ജോസഫ്, ആര്‍.പി ശിവദാസ്, എന്‍.എം വിജയന്‍, എന്‍.സി കൃഷ്ണകുമാര്‍, വി.ടി തോമസ്, സക്കറിയ മണ്ണില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."