സി.പി.എമ്മിനും ബി.ജെ.പിക്കും ഒരേ സ്വരം: ചെന്നിത്തല
തിരുവനന്തപുരം: രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കാനെത്തിയതോടെ സി.പി.എമ്മിനും ബി.ജെ.പിക്കും ഒരേ സ്വരമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.
രാഹുലിന്റെ വരവ് സി.പി.എമ്മിനെ വിറളിപിടിപ്പിച്ചിരിക്കുകയാണ്. സി.പി.എം മുഖപത്രമായ ദേശാഭിമാനി ജന്മഭൂമിയെക്കാള്‍ കടുത്ത ഭാഷയിലാണ് രാഹുലിനെതിരേ തിരിഞ്ഞിരിക്കുന്നത്. ബി.ജെ.പി പറയുന്ന അതേ വാചകമാണ് രാഹുലിനെതിരേ സി.പി.എമ്മും പറയുന്നത്. ദേശാഭിമാനിയും ജന്മഭൂമിയും ഒരേ ആളുകള്‍ ഇറക്കുന്നതാണോ എന്നാണ് ഇത് കാണുമ്പോള്‍ തോന്നുക.
കേരളത്തില്‍ സി.പി.എമ്മിനെയും ബി.ജെ.പിയെയും എതിരിട്ട് തോല്‍പ്പിക്കാനുള്ള കരുത്ത് യു.ഡി.എഫിനുണ്ട്. ഇവിടെ 20 സീറ്റുകളും യു.ഡി.എഫ് നേടുമെന്നതില്‍ തര്‍ക്കമില്ല. ഇടതു സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരേയും ആര്‍.എസ്.എസ്-സംഘ്പരിവാറിന്റെ വര്‍ഗീയ ഫാസിസത്തിനെതിരേയും കേരളത്തിലെ ജനങ്ങള്‍ വിധിയെഴുതും. അതുകൊണ്ടുതന്നെ ജനങ്ങള്‍ യു.ഡി.എഫിനെയായിരിക്കും പിന്തുണക്കുക.
കേന്ദ്ര സര്‍ക്കാര്‍ നടത്തിയ റാഫേല്‍ അഴിമതി പോലെ തന്നെ ഗൗരവമുള്ളതാണ് ലാവ്‌ലിന്‍ അഴിമതി. ലാവ്‌ലിന്‍ കേസ് സുപ്രിംകോടതിയില്‍ വരുമ്പോഴൊക്കെ അത് മാറ്റിവയ്ക്കപ്പെടുന്നതില്‍ ദുരൂഹതയുണ്ട്. സി.പി.എമ്മും ബി.ജെ.പിയും തമ്മിലുള്ള രഹസ്യബാന്ധവം മൂലമാണ് അന്വേഷണ ഏജന്‍സിയായ സി.ബി.ഐ തന്നെ ഇടപെട്ട് കേസ് മാറ്റിവയ്പ്പിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."