പ്രസവിച്ച കുഞ്ഞിനെ മാതാവ് ആദ്യമായി കണ്ടത് നാലു മാസങ്ങള്‍ക്ക് ശേഷം
ബ്യൂണസ് അയേഴ്സ്: പ്രസവിച്ച കുഞ്ഞിനെ മാതാവ് ആദ്യമായി കാണുന്നത് നാലു മാസത്തിന് ശേഷം. അര്‍ജന്റീനയിലെ സിറ്റി ഓഫ് പൊസാഡാസിലെ ആശുപത്രിയിലാണ് പൊലിസ് ഉദ്യോഗസ്ഥയായ 34കാരി അമേലിയ ബെന്നാന്‍ പ്രസവിച്ചത്.
വാഹനാപകടത്തില്‍ അമേലിയക്കും കുടുംബത്തിനും ഗുരുതര പരുക്കേറ്റിരുന്നു. പൊലിസ് വാഹനത്തില്‍ ഭര്‍ത്താവും മറ്റൊരു ഉദ്യോഗസ്ഥനുമായി പോകവെ നവംബര്‍ ഒന്നിനായിരുന്നു അപകടം. കോമ അവസ്ഥയിലായ ഇവര്‍ ക്രിസ്മസ് തലേന്നാണ് സിസേറിയനിലൂടെ കുഞ്ഞിന് ജന്മം നല്‍കിയത്.
സാന്റിനോ എന്നു പേരിട്ട കുഞ്ഞിനെ കഴിഞ്ഞ ദിവസമാണ് അമേലിയ ആദ്യമായി കാണുന്നത്. ആദ്യമായി കുഞ്ഞിനെ കണ്ടപ്പോള്‍ ബന്ധുവിന്റെ കുഞ്ഞാണെന്നാണ് കരുതിയത്. പിന്നീട് സംഭവം വിശദീകരിച്ചപ്പോഴാണ് തന്റെ കുഞ്ഞാണെന്ന് മനസിലായത്.
അമേലിയയുടെ സഹോദരി നോര്‍മയാണ് ഇതുവരെ കുഞ്ഞിനെ പരിചരിച്ചിരുന്നത്. ദിവസവും കുറച്ചു നേരം മാതാവിന്റെ ചൂടേറ്റ് കുഞ്ഞിനെ കിടത്തുമായിരുന്നുവെന്ന് ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു. പെസഹ ദിനത്തിലാണ് അമേലിയക്ക് ബോധം തെളിഞ്ഞത്.
ബോധം വന്നപ്പോള്‍ കുഞ്ഞിനെ കൊണ്ടുവന്നു കാണിച്ചു. ഇവര്‍ പൂര്‍ണ ആരോഗ്യം വീണ്ടെടുക്കാന്‍ ചികിത്സ തുടരണമെന്ന് ന്യൂറോ സര്ജന് മാര്കലോ ഫെറൈറ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."