നവകേരള നിര്‍മാണം: കെ.പി.എം.ജിയെ ഒഴിവാക്കി
തിരുവനന്തപുരം: നവകേരള നിര്‍മാണത്തിന് പുതിയ കണ്‍സല്‍ട്ടന്റുമാരെ തേടി സംസ്ഥാന സര്‍ക്കാര്‍ ടെന്‍ഡര്‍ ക്ഷണിച്ചു.
വന്‍ ദുരന്തങ്ങളുണ്ടായ മേഖലകളില്‍ പുനര്‍നിര്‍മാണം നടത്തി പരിചയമുള്ള കമ്പനികള്‍ക്കാകും മുന്‍ഗണന നല്‍കുക. ഇനിയൊരു മഹാപ്രളയം ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കരുതലും തകര്‍ന്ന മേഖലകളുടെ പുനര്‍നിര്‍മാണവുമാണ് നവകേരള നിര്‍മാണത്തിന്റെ ലക്ഷ്യം.
കഴിഞ്ഞ ആറുമാസത്തിലേറെയായി വിവിധതലങ്ങളില്‍ നടന്ന ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ 11 മേഖലകള്‍ക്കാണ് മുന്‍ഗണന നല്‍കുന്നത്. തകര്‍ന്ന മേഖലകളില്‍ ഭൂമിയുടെ ഘടന പരിഗണിച്ചാകും പുനര്‍നിര്‍മാണം. ഭൂവിനിയോഗത്തിന്റെ കാര്യത്തിലും നിയന്ത്രണങ്ങളുണ്ടാകും. ഇക്കാര്യങ്ങള്‍ ഉള്‍പ്പെടുത്തി സമഗ്ര പുനര്‍നിര്‍മാണ രൂപരേഖ തയാറാക്കാനാണ് സര്‍ക്കാര്‍ കണ്‍സല്‍ട്ടന്റിനെ തേടുന്നത്.
സ്വിറ്റ്‌സര്‍ലന്‍ഡ് ആസ്ഥാനമായ കെ.പി.എം.ജി സൗജന്യമായി ചില നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നെങ്കിലും ക്രൗഡ് ഫണ്ടിങ് അടക്കമുള്ളവ ലക്ഷ്യം കണ്ടില്ല. ഈ സാഹചര്യത്തില്‍ ഭൂചലനവും കൊടുങ്കാറ്റും അടക്കം വന്‍ ദുരന്തമുണ്ടായ മേഖലകളില്‍ പുനര്‍നിര്‍മാണം നടത്തി പരിചയമുളള കമ്പനിയുടെ സേവനം തേടാനാണ് തീരുമാനം.
സംസ്ഥാന സര്‍ക്കാര്‍ രൂപികരിച്ച റീബില്‍ഡ് കേരള ഇനിഷ്യേറ്റീവിന്റെ കീഴിലാകും കണ്‍സല്‍ട്ടന്റിന്റെ പ്രവര്‍ത്തനം. തെരഞ്ഞെടുപ്പിന് ശേഷമാകും ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കുക. ലോകബാങ്ക് വായ്പ ആശ്രയിച്ചാകും പുനര്‍നിര്‍മാണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."