ടെക്സ്റ്റൈല്സിനടുത്ത് മൂത്രമൊഴിച്ചത് ചോദ്യംചെയ്ത കടയുടമ മര്‍ദനമേറ്റ് മരിച്ചു
ശാസ്താംകോട്ട(കൊല്ലം): ടെക്സ്റ്റൈല്സിനു സമീപം മൂത്രമൊഴിച്ചതു ചോദ്യംചെയ്ത കടയുടമ മര്‍ദനമേറ്റു മരിച്ചു. ഒളിവിലായിരുന്ന പ്രതിയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി.
പോരുവഴി ഇടയ്ക്കാട് കുളക്കണ്ടത്തില്‍ ബാബു വിഹാറിലെ ചന്ദ്രബാബുവാണ് (57) മരിച്ചത്. ഇക്കഴിഞ്ഞ രണ്ടിന് ഉച്ചയോടെയാണ് മര്‍ദനമേല്‍ക്കാനിടയായ സംഭവം നടന്നത്. കടയ്ക്ക് സമീപം മൂത്രമൊഴിച്ചതു ചോദ്യംചെയ്തപ്പോള്‍ ടാക്സി ഡ്രൈവറായ അജി മര്‍ദിക്കുകയായിരുന്നെന്നു പറയപ്പെടുന്നു. പരുക്കേറ്റ് തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ ചികിത്സയിലായ ചന്ദ്രബാബു ബുധനാഴ്ച അര്‍ധരാത്രിയോടെ മരിക്കുകയായിരുന്നു.
ചന്ദ്രബാബുവിനെ മര്‍ദിച്ച കേസില്‍ ഒളിവിലായിരുന്ന പ്രതി ഇടയ്ക്കാട് ചരുവില്‍ പുത്തന്‍വീട്ടില്‍ ഭാസ്കരന്റെ മകന് അജി(35യെ ഇന്നലെ വൈകിട്ടോടെ അരമത്തുമഠത്തിലെ ബന്ധുവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ശൂരനാട് എസ്.ഐയുടെ നേതൃത്വത്തില്‍ പൊലിസ് ഒരാഴ്ചയായി അന്വേഷിച്ച് വരുന്നതിനിടെയായിരുന്നു അജിയുടെ മരണം. ബുധനാഴ്ച രാത്രിയോടെ ബന്ധുവീട്ടിലെത്തിയ അജി ചന്ദ്രബാബുവിന്റെ മരണവിവരം അറിഞ്ഞതോടെ മനോവിഷമത്തിലാവുകയും തടുര്‍ന്ന് ആത്മഹത്യ ചെയ്യുകയുമായിരുന്നെന്ന് കരുതുന്നു. കരുനാഗപ്പള്ളി പൊലിസ് കേസെടുത്തു. സംഭവത്തെക്കുറിച്ച് പൊലിസ് പറയുന്നത്: ഇടയ്ക്കാട് ജങ്ഷനില്‍ ചന്ദ്രബാബുവിന്റെ തുളസി ടെക്സ്റ്റൈല്സിനു സമീപം ചിലര്‍ സ്ഥിരമായി മൂത്രമൊഴിക്കാറുണ്ട്. ഇതേത്തുടര്‍ന്നുണ്ടാവുന്ന അസഹ്യമായ ദുര്‍ഗന്ധം സ്ഥാപനത്തിന്റെ പ്രവര്‍ത്തനത്തെപ്പോലും ബാധിച്ചിരുന്നു. സമീപത്തെ ലോറിസ്റ്റാന്‍ഡിലെ പിക്അപ് വാന്‍ ഡ്രൈവര്‍ അജി മൂത്രമൊഴിക്കാന്‍ എത്തിയതാണു പ്രശ്നത്തിനു തുടക്കം. ചന്ദ്രബാബു കടയില്‍നിന്ന് ഇറങ്ങിച്ചെന്ന് അജിയോട് അവിടെ മൂത്രമൊഴിക്കരുതെന്ന് പറഞ്ഞു. ഇതോടെ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും പ്രകോപിതനായ അജി ചന്ദ്രബാബുവിനെ മര്‍ദിക്കുകയുമായിരുന്നു.
ചന്ദ്രബാബു ഹൃദ്രോഗത്തിന് ചികിത്സ നടത്തി വരികയായിരുന്നുവെന്നാണു വിവരം. സുധര്മാണ് ചന്ദ്രബാബുവിന്റെ ഭാര്യ. മക്കള്‍: ആശ, അഞ്ജലി, മരുമകന്: രാഹുല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."