ജോസ് പക്ഷത്തെ പുറത്താക്കിയത് യു.ഡി.എഫ്; പ്രകമ്പനം എല്‍.ഡി.എഫില്‍
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് എമ്മിലെ തര്‍ക്കങ്ങളെ തുടര്‍ന്ന് ജോസ് കെ. മാണി വിഭാഗത്തെ യു.ഡി.എഫില്‍നിന്നു പുറത്താക്കിയപ്പോള്‍ അതിന്റെ പ്രകമ്പനം സ്വന്തം തട്ടകത്തിലായപ്പോള്‍ എല്‍.ഡി.എഫിന് ഞെട്ടല്‍. സി.പി.ഐക്കു പിന്നാലെ എന്‍.സി.പിയും മാണി കോണ്‍ഗ്രസിന്റെ മുന്നണി പ്രവേശനത്തെ എതിര്‍ത്ത് രംഗത്തുവന്നു.
യു.ഡി.എഫിലാകട്ടെ ജോസ് വിഭാഗത്തെ തിരിച്ചുകൊണ്ടുവരാനുള്ള ചര്‍ച്ചകളെക്കുറിച്ചുള്ള ആലോചനകളിലേക്ക് കാര്യങ്ങള്‍ നീങ്ങുകയും ചെയ്തു. ജോസിന്റെ പുറത്തുപോക്ക് യു.ഡി.എഫിന് ദോഷമുണ്ടാക്കുമെന്ന വിലയിരുത്തലുകള്‍ക്കിടെയാണ് കെട്ടുറപ്പോടെ നിലകൊള്ളുന്ന എല്‍.ഡി.എഫില്‍ പ്രശ്‌നങ്ങള്‍ ഉടലെടുത്തിരിക്കുന്നത്.
ജോസ് വിഭാഗത്തെ എല്‍.ഡി.എഫിലേക്ക് കൊണ്ടുവരുന്നതിനെതിരേ രൂക്ഷമായ ഭാഷയിലാണ് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പ്രതികരിച്ചത്. യു.ഡി.എഫ് ദുര്‍ബലപ്പെടുമ്പോള്‍ ഏതെങ്കിലും വിഭാഗത്തെ സഹായിക്കാനോ, വെന്റിലേറ്ററായി പ്രവര്‍ത്തിക്കാനോ എല്‍.ഡി.എഫിന് ബാധ്യതയില്ലെന്ന് കാനം പറഞ്ഞു.
എല്‍.ഡി.എഫില്‍ ചര്‍ച്ച ചെയ്യുമ്പോള്‍ നിലപാട് വ്യക്തമാക്കും. ജോസ് വിഭാഗം എങ്ങോട്ടുപോയാലും എല്‍.ഡി.എഫിന് പ്രശ്‌നമില്ല. അവരുടെ വിധി അവര്‍ തീരുമാനിക്കട്ടെയെന്നും കാനം വ്യക്തമാക്കി. എല്‍.ഡി.എഫ് നയത്തിന്റെ അടിസ്ഥാനത്തിലുള്ള മുന്നണിയാണ്. ആരെങ്കിലും ഓടിവന്നാല്‍ കയറ്റുന്ന മുന്നണിയല്ല. അവര്‍ നയത്തില്‍ മാറ്റം വരുത്തി നിലപാട് സ്വീകരിച്ചു വന്നാല്‍ അപ്പോള്‍ സി.പി.ഐ അഭിപ്രായം പറയുമെന്നും കാനം കൂട്ടിച്ചേര്‍ത്തു. ഇതിനിടെ ജോസ് വിഭാഗത്തെ മുന്നണിയില്‍ പ്രവേശിപ്പിക്കാനുള്ള ആലോചനകളിലുള്ള വിയോജിപ്പ് എന്‍.സി.പി നേതാവ് കൂടിയായ പാല എം.എല്‍.എ മാണി സി. കാപ്പന്‍ മുഖ്യമന്ത്രിയെ നേരിട്ടുകണ്ട് അറിയിച്ചു.
പാലായിലെ തന്റെ വിജയത്തെ വിലകുറച്ചു കാണാന്‍ ചില ഇടതുനേതാക്കള്‍ ശ്രമിക്കുന്നുണ്ട്. കേരള കോണ്‍ഗ്രസിലെ ചേരിപ്പോരല്ല തന്റെ വിജയത്തിന് ആധാരം. തന്റെ കഴിവുകൊണ്ടാണ് പാലായില്‍ വിജയിച്ചതെന്നും മാണി സി. കാപ്പന്‍ മുഖ്യമന്ത്രിയോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."