കരുത്തുറ്റ മൂന്നു നേതാക്കളില്ലാതെ ജില്ലയിലെ ആദ്യ തെരഞ്ഞെടുപ്പ്
കാസര്‍കോട്: ജില്ല തെരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് സജീവമാകുന്നതോടെ മൂന്നുനേതാക്കന്മാരുടെ അസാന്നിധ്യം പ്രവര്‍ത്തകരില്‍ ഇപ്പോഴും നൊമ്പരമാകുന്നു. കരുത്തുറ്റ മൂന്നു നേതാക്കള്‍ ഇല്ലാതെ ജില്ലയിലെ ആദ്യ തെരഞ്ഞെടുപ്പാണ് യു.ഡി.എഫിന് ഇത്തവണത്തേത്. മുസ്‌ലിം ലീഗ് സംസ്ഥാന ട്രഷററായിരുന്ന ഹമീദലി ഷംനാട്, ചെര്‍ക്കളം അബ്ദുല്ല, എം.എല്‍.എ ആയിരുന്ന പി.ബി.അബ്ദുല്‍ റസാഖ് എന്നിവരുടെ അസാന്നിധ്യമാണ് തെരഞ്ഞെടുപ്പ് വേളയില്‍ പ്രവര്‍ത്തകരുടെ മനസില്‍ നിറഞ്ഞുനില്‍ക്കുന്നത്.
ലോക്‌സഭ-നിയമസഭ ഉള്‍പ്പെടെയുള്ള തെരഞ്ഞെടുപ്പുകളില്‍ ശക്തമായ പോരാട്ടങ്ങള്‍ നടന്ന ജില്ലയിലെ മണ്ഡലങ്ങളിലും പ്രാദേശിക തലങ്ങളിലും ഉള്‍പ്പെടെ ഹമീദലി ഷംനാടും ചെര്‍ക്കളം അബ്ദുല്ലയും പി.ബി അബ്ദുല്‍ റസാഖും പ്രവര്‍ത്തകര്‍ക്ക് നല്‍കിയിരുന്ന പിന്തുണയും കരുത്തും വളരെ വിലപ്പെട്ടതായിരുന്നു.
അവരുടെ വിയോഗം കനത്ത നഷ്ടമാണെങ്കിലും ഇവരുടെ ഓര്‍മകള്‍ തന്നെയാണ് മുന്നോട്ടു നീങ്ങാന്‍ പ്രവര്‍ത്തകര്‍ക്ക് കരുത്താകുന്നത്. തെരഞ്ഞെടുപ്പ് രാഷ്ട്രീയ തന്ത്രത്തില്‍ എതിരാളികളെ എങ്ങിനെ നേരിടണമെന്ന് കൃത്യമായും മനസിലാക്കിയ മൂന്നു നേതാക്കളും ഇത് എങ്ങിനെ പ്രാവര്‍ത്തികമാക്കാമെന്ന് അണികള്‍ക്ക് കാണിച്ചു കൊടുക്കുകയും ചെയ്തിരുന്നു.
ഇതിനുദാഹരണമാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ പി.ബി അബ്ദുല്‍ റസാഖ് കൈവരിച്ച ജയം. അതിനു മുമ്പുള്ള തെരഞ്ഞെടുപ്പുകളില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ പതിനായിരവും അതിലധികവും വോട്ടുകള്‍ക്കു വിജയം കൈവരിച്ചിരുന്ന സാഹചര്യത്തില്‍നിന്നു മാറി കഴിഞ്ഞ തവണ മത്സരം കടുക്കുകയായിരുന്നു. മുഖ്യ എതിരാളി ബി.ജെ.പിയുടെ കെ. സുരേന്ദ്രനായിരുന്നു. മത്സരം കനത്തതോടെ മണ്ഡലം കൈവിടുമെന്ന അവസ്ഥയുണ്ടായപ്പോഴും പതറാതെ പ്രവര്‍ത്തകരെ ആവേശത്തില്‍ നിര്‍ത്തി നേതാക്കള്‍ പ്രവര്‍ത്തിച്ചതോടെ 89 വോട്ടിന്റെ ഭൂരിപക്ഷവുമായി മണ്ഡലം യു.ഡി.എഫ് നിലനിര്‍ത്തി.
നേതാക്കള്‍ അന്ന് പ്രവര്‍ത്തകര്‍ക്കു പകര്‍ന്നുനല്‍കിയ കരുത്ത് ചെറുതായിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."