HOME
DETAILS
MAL
സാമൂഹ്യനീതി വകുപ്പില്‍ കൂട്ടപ്പിരിച്ചുവിടല്‍; ജോലി നഷ്ടപ്പെട്ടത് 96 പേര്‍ക്ക്
backup
July 03 2020 | 03:07 AM
തിരുവനന്തപുരം: കൊവിഡ് കാലത്ത് മുഖ്യമന്ത്രിയുടെ നിര്‍ദേശം ലംഘിച്ച് സാമൂഹ്യനീതി വകുപ്പില്‍ കൂട്ടപ്പിരിച്ചുവിടല്‍. സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള ആശാഭവന്‍, ഭിന്നശേഷി കുട്ടികള്‍ക്കുള്ള കെയര്‍ ഹോം, 60 വയസ് കഴിഞ്ഞവര്‍ക്കുള്ള ഡേ കെയര്‍ ഹോം, വികലാംഗര്‍ക്കുള്ള കേന്ദ്രങ്ങള്‍, ഓള്‍ഡ് ഏജ് ഹോം തുടങ്ങി പത്ത് സ്ഥാപനങ്ങളിലുള്ള 96 ജീവനക്കാരെയാണ് പിരിച്ചുവിട്ടത്.
വര്‍ഷങ്ങളായി ഇവിടെ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്ന മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡര്‍, നഴ്‌സ്, സ്‌പെഷ്യല്‍ എജ്യുക്കേറ്റര്‍ തുടങ്ങിയവരെ സാമ്പത്തിക ബാധ്യതയുടെപേരില്‍ പിരിച്ചുവിടുകയായിരുന്നു.
ആറു മാസമായുള്ള ശമ്പളംപോലും നല്‍കാതെയാണ് നടപടി. കൊവിഡ് കാലത്ത് ജീവനക്കാരെ പിരിച്ചുവിടരുതെന്ന് സ്വകാര്യസ്ഥാപനങ്ങളോട് മുഖ്യമന്ത്രി അഭ്യര്‍ഥിക്കുമ്പോഴാണ് സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളില്‍ കൂട്ടപ്പിരിച്ചുവിടല്‍.
ഓരോ വര്‍ഷവും ഇവരുടെ കരാര്‍ പുതുക്കുകയാണ് ചെയ്തിരുന്നത്. 2020 മാര്‍ച്ചില്‍ കരാര്‍ അവസാനിച്ചുവെങ്കിലും കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്ത് മൂന്നുമാസത്തേക്ക് ദീര്‍ഘിപ്പിച്ചു നല്‍കി. എന്നാല്‍, ജൂണ്‍ 30ന് ഇവരെ പിരിച്ചുവിടാന്‍ സാമൂഹ്യനീതി ഡയരക്ടര്‍ നിര്‍ദേശിക്കുകയായിരുന്നു.
കരാര്‍ ജീവനക്കാരുടെ സേവനം പുനഃക്രമീകരിക്കുന്നത് സംബന്ധിച്ച നിര്‍ദേശം സര്‍ക്കാരിന്റെ പരിഗണനയിലാണെന്നും കരാര്‍ തീര്‍ന്നതിനാല്‍ സേവനം അവസാനിപ്പിക്കണമെന്നുമാണ് ഡയരക്ടര്‍ നിര്‍ദേശിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."