ആര്‍.ബി.ഐ റിപോ നിരക്ക് വീണ്ടും കാല്‍ ശതമാനം കുറച്ചു
മുംബൈ: ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്‍പായി നടത്തിയ അവലോകനയോഗത്തില്‍ ആര്‍.ബി.ഐ റിപോ നിരക്കില്‍ കുറവുവരുത്തി. ഇതോടെ റിപോ നിരക്ക് 6.25 ശതമാനത്തില്‍ നിന്ന് ആറ് ശതമാനമായി കുറയും. വാണിജ്യ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്ന ഹ്രസ്വകാല വായ്പയുടെ പലിശയായ റിപോ നിരക്കാണ് കുറച്ചത്. ഇതോടെ ഭവന-വാഹന വായ്പകള്‍ ഉള്‍പ്പെടെയുള്ളവയുടെ പലിശ നിരക്ക് കുറയും. നേരത്തെ റിവേഴ്‌സ് റിപോ നിരക്ക് 5.75 ശതമാനമായി കുറച്ചിരുന്നു.
റിപോ നിരക്ക് ആറു ശതമാനമാക്കി കുറച്ചതിലൂടെ വിപണിയില്‍ പണലഭ്യത ഉയര്‍ത്തുകയും സമ്പദ് വ്യവസ്ഥയില്‍ ഉണര്‍വുണ്ടാക്കുകയുമാണ് ആര്‍.ബി.ഐ ലക്ഷ്യമിടുന്നത്. ഒന്നര വര്‍ഷത്തിനു ശേഷം കഴിഞ്ഞ ഫെബ്രുവരിയില്‍ റിപോ നിരക്ക് കാല്‍ ശതമാനം കുറച്ചിരുന്നു. രാജ്യത്ത് പണപ്പെരുപ്പം നിയന്ത്രണവിധേയമാണെങ്കിലും സാമ്പത്തിക വളര്‍ച്ച 6.6 ശതമാനമായി കുറഞ്ഞ ശേഷം തൊഴിലില്ലായ്മ റെക്കോര്‍ഡ് ഉയരത്തിലെത്തുകയും കാര്‍ഷികവരുമാനത്തില്‍ ഇടിവു വരുകയും ചെയ്തിരുന്നു.
സ്വകാര്യമേഖലയിലെ നിക്ഷേപങ്ങള്‍ക്ക് പ്രചോദനം നല്‍കി ആഭ്യന്തര വളര്‍ച്ച ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണെന്ന് ആര്‍.ബി.ഐ നയരേഖയില്‍ വ്യക്തമാക്കി.
വാര്‍ഷിക ഉപഭോക്തൃ പണപ്പെരുപ്പ നിരക്ക് ഫെബ്രുവരിയില്‍ 2.57ലെത്തിയിരുന്നു. ഈ സാമ്പത്തികവര്‍ഷത്തെ സാമ്പത്തിക വളര്‍ച്ച ഫെബ്രുവരിയിലെ 7.4ല്‍ നിന്ന് 7.2 ആയി കുറയുമെന്നാണ് ആര്‍.ബി.ഐയുടെ കണക്കുകൂട്ടല്‍. അതേസമയം പണപ്പെരുപ്പം കുറഞ്ഞതിനാല്‍ സാമ്പത്തിക വളര്‍ച്ച ത്വരിതപ്പെടുത്താനായി റിസര്‍വ് ബാങ്ക് റിപോ നിരക്ക് ഉടന്‍ കുറയ്ക്കാനിടയുണ്ടെന്ന് സാമ്പത്തിക വിദഗ്ധന്മാര്‍ അഭിപ്രായപ്പെട്ടിരുന്നു. റിപോ നിരക്ക് കുറക്കുമെന്ന് ഓഹരിവിപണി നേരത്തെ പ്രതീക്ഷിച്ചിരുന്നതിനാല്‍ ഇന്നലെ സെന്‍സെക്‌സ് 192 പോയിന്റ് നഷ്ടത്തിലും നിഫ്റ്റി 11,600നു താഴെയുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."