HOME
DETAILS
MAL
വീടുകളിലെത്തി കൊവിഡ് പരിശോധനയ്ക്ക് സ്രവമെടുക്കും
backup
July 04 2020 | 01:07 AM
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: ആരോഗ്യപ്രവര്‍ത്തകര്‍ ഇനി വീടുകളിലെത്തി കൊവിഡ് പരിശോധനയ്ക്കായി സ്രവമെടുക്കും. സംസ്ഥാനത്ത് പരിശോധന കൂട്ടാന്‍ തീരുമാനിച്ചതിനെ തുടര്‍ന്നാണ് ആരോഗ്യ വകുപ്പിന്റെ നടപടി. നിലവില്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും താലൂക്ക് തലത്തിലും ബ്ലോക്ക് തലത്തിലും ഒരുക്കിയ കിയോസ്‌കുകളിലുമാണ് സ്രവമെടുക്കുന്നത്.
തുടര്‍ന്ന് ഓരോ ജില്ലകളിലുമുള്ള ലാബുകളിലേക്ക് പരിശോധനയ്ക്കായി സ്രവം കൊണ്ടു പോകുകയാണ് ചെയ്യുന്നത്. ഇത് കാലതാമസമുണ്ടാക്കുന്നെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് അടിയന്തിര നടപടിക്ക് ആരോഗ്യ വകുപ്പിനു സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്. ദിനംപ്രതി രോഗികളൂടെ എണ്ണം കൂടുന്നതിനാലും സമൂഹവ്യാപന ഭീഷണി നിലനില്‍ക്കുന്നതിനാലും പല ജില്ലകളിലും ഉറവിടമറിയാത്ത കേസുകളുടെ എണ്ണം കുതിച്ചുയരുന്നതിനാലുമാണ് കൂടുതല്‍ പരിശോധനകള്‍ നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
ഇന്നലെ വായില്‍ നിന്നും മൂക്കില്‍ നിന്നും എടുക്കുന്ന സ്രവത്തിലെ വൈറസിന്റെ പ്രോട്ടീന്‍ ഘടകങ്ങള്‍ തിരിച്ചറിഞ്ഞ് കൊവിഡ് സാന്നിധ്യം കണ്ടെത്തുന്ന ആന്റിജന്‍ പരിശോധന ആരംഭിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് വീടുകളിലെത്തി സ്രവമെടുക്കാന്‍ തീരുമാനിച്ചത്.
നിലവില്‍ പരിശോധന കുറയുന്നെന്നും സ്രവമെടുത്താലും ഫലം വരാന്‍ പത്തു ദിവസത്തിലധികമാകുന്നെന്നും കണ്ടെത്തിയതിനെ തുടര്‍ന്ന് വേഗത്തില്‍ പരിശോധനാ ഫലം ലഭ്യമാക്കണമെന്ന് ലാബുകളോട് ആവശ്യപ്പെടാനും സര്‍ക്കാര്‍ ആരോഗ്യ വകുപ്പിനു നിര്‍ദേശം നല്‍കി. ശ്വാസകോശ സംബന്ധമായ രോഗമുള്ളവര്‍, വയോധികര്‍, പനിയും ജലദോഷവുമുള്ളവര്‍, മറ്റ് അസുഖങ്ങളുള്ളവര്‍ തുടങ്ങി മുന്‍ഗണനാ വിഭാഗത്തിലുള്ളവരുടെ സ്രവമായിരിക്കും വീടുകളിലെത്തി ആദ്യമെടുക്കുക.
ഉറവിടമറിയാത്ത കേസുകള്‍ കൂടിയ തിരുവനന്തപുരം, എറണാകുളം, മലപ്പുറം എന്നീ ജില്ലകളിലെ കണ്ടെയ്ന്‍മെന്റ് സോണുകളിലെ സംശയമുള്ള എല്ലാവരുടെയും സ്രവം പരിശോധനയ്‌ക്കെടുക്കും.
ഇതു കൂടാതെ ആന്റിബോഡി, പി.സി.ആര്‍ പരിശോധനയും കൂടുതലായി നടത്തും. മരിച്ചവര്‍, അടിയന്തിര ശാസ്ത്രക്രിയയ്ക്ക് വിധേയമാകുന്നവര്‍ എന്നിവരുടെ കൊവിഡ് പരിശോധന വേഗത്തിലാക്കണമെന്ന് ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജന്‍ ഖൊബ്രഗഡേ ലാബുകള്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം, ആദ്യഘട്ടത്തില്‍ നടത്തിയ 10,000 ആന്റിബോഡി പരിശോധനാഫലം ആരോഗ്യ വകുപ്പ് ഉപേക്ഷിച്ചേക്കും. ആന്റിബോഡി പരിശോധനയില്‍ കൂടുതല്‍ പേര്‍ക്കു ഫലം പൊസിറ്റീവായതിനെ തുടര്‍ന്നാണ് നടപടി.
രോഗലക്ഷണമില്ലാത്തവര്‍ക്കും പരിശോധനയില്‍ പൊസിറ്റീവ് കാണിക്കുകയും തുടര്‍ന്നു നടത്തിയ പി.സി.ആര്‍ പരിശോധനയില്‍ ഫലം നെഗറ്റീവാകുകയും ചെയ്തു. എച്ച്.എല്‍.എല്ലില്‍ നിന്നു വാങ്ങിയ കിറ്റുകളുടെ ഗുണമേന്മയില്‍ സംശയമുയര്‍ന്നതിനെ തുടര്‍ന്നാണ് പരിശോധനാഫലം പൂര്‍ണമായും ഒഴിവാക്കാന്‍ ആലോചിക്കുന്നത്. നേരത്തെ പരിശോധിച്ചവരില്‍ വീണ്ടും ആന്റിജന്‍ പരിശോധന നടത്താനും തീരുമാനിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."