ബഷീര്‍:വായനശാലയിലെ അത്ഭുതം
വെജിറ്റേറിയന്‍ നോണ്‍ വെജിറ്റേറിയന്‍ എന്നതുപോലെ സാഹിത്യത്തില്‍ ഞാനൊരു ബഷീറിയനാണ്. വൈക്കം മുഹമ്മദ് ബഷീറിന്റെ കഥകളാണ് എന്നെ സംബന്ധിച്ചെടുത്തോളം ലോകത്തിലെ ഏറ്റവും വലിയ കഥകള്‍. ലോക സാഹിത്യത്തില്‍ ജീവിതം കഥയാക്കി എഴുതിയവരാണ് ഏറെയും. എന്നാല്‍ ബഷീറിനെപ്പോലെ കഥ ജീവിതമാക്കിയവര്‍ ചുരുക്കം. ഭാഷയുടെ നൈര്‍മല്യവും ആഖ്യാനത്തിന്റെ സുഗന്ധവും കൊണ്ട് ബഷീര്‍ സൃഷ്ടിച്ച ലോകം ഇമ്മിണി വലുതാണ്.
ഗ്രാമ്യജീവിതത്തിന്റെ എട്ടുകാലികളില്‍നിന്ന് ആനവാരിയിലേക്കും പൊന്‍കുരിശിലേക്കും വായന വളരുമ്പോള്‍ ഭാഷാ സാഹിത്യത്തില്‍ ബഷീര്‍ കുടുകുടെ ചിരിക്കുന്നു. ചിരിപ്പിക്കുന്നു, ചിന്തിപ്പിക്കുന്നു. എന്നിട്ടും അദ്ദേഹത്തിന് ജ്ഞാനപീഠത്തിലിരിക്കാന്‍ യോഗമുണ്ടായില്ല. സാഹിത്യ പാഷാണന്മാര്‍ അതിനു കണ്ടെത്തിയ ' ലൊട്ടുലൊടുക്കുകള്‍ ' അദ്ദേഹം വലിയ കൃതികളൊന്നും ചമച്ചിട്ടില്ല എന്നതായിരുന്നു. അതൊരു ന്യായമാണ്.
കേവലം ഉറുമ്പുകള്‍ക്കുപോലും എടുത്തുപൊക്കാന്‍ പാകത്തിലുള്ള ചെറിയ , വളരെ ചെറിയ പുസ്തകങ്ങളാണല്ലോ ഒട്ടുമിക്കവയും. വലിയ വലിയ തടിയന്‍ പുസ്തകങ്ങള്‍ പടക്കുന്നവര്‍ക്കിടയില്‍ ബഷീര്‍ തീരെ ചെറുതാണ്. മതില് ചാരി ബഷീര്‍ വിളിച്ചു. ' നാരായണീ , നീ എന്നെ കാണുന്നുണ്ടാ.....'
നാരായണി വിളികേട്ടിട്ടും ഒന്നും മിണ്ടിയില്ല. എന്താണ് അവള്‍ മിണ്ടാത്തത് ? അയാള്‍ മതിലിനു പുറത്തേക്കിറങ്ങി ആരോടെന്നില്ലാതെ അലറി. ' ഹൂ വാണ്ട് ഫ്രീഡം.....? '
ചുവന്ന റോസാപ്പൂ ചവിട്ടിപ്പോയെന്ന് അറിഞ്ഞപ്പോള്‍ പ്രണയത്തോട് പറഞ്ഞു. ' അതെന്റെ ഹൃദയമായിരുന്നു '
' കുറുക്കാ , ഇനിയും നീ വരരുത്. താമ്രപത്രംകൊണ്ട് ഞാന്‍ നിന്നെ വീണ്ടും എറിഞ്ഞെന്നു വരും......'
ഇങ്ങനെ രോഷവും പ്രണയവും പുഴുങ്ങിയ കോഴിമുട്ടയും ഒളിപ്പിച്ചു മണ്ടന്‍ മുത്തപ്പയെ പാട്ടിലാക്കിയ മലയാളത്തിന്റെ എക്കാലത്തെയും സുല്‍ത്താന്‍ ബാല്യകാല സഖിയോടു പറയുന്നു. ' എന്റെ ജീവിതം നിറയെ ഉറുമ്പാണ്. ചോണനുറുമ്പ്. അത് കടിക്കും.....'
എന്നിട്ട് ഏകാന്തതയുടെ അപാരതീരത്തേക്കു നോക്കി പൊട്ടിച്ചിരിക്കും.
വായനയില്‍ ഞാനിത്രമാത്രം അനുഭവിച്ച വേറൊരെഴുത്തുകാരനില്ല. എന്നെ അനുഭവിപ്പിക്കുകയും അമ്പരപ്പിക്കുകയും ചെയ്ത ആ എഴുത്തുകാരന്‍ ഇന്നില്ല. ഒടുവില്‍, പള്ളിക്കാട്ടിലേക്കു അന്ത്യവിശ്രമത്തിന് പോകും മുമ്പ് കടുത്ത ശ്വാസം മുട്ടും നിര്‍ത്താതെയുള്ള ചുമയുമായിരുന്നു. അതൊക്കെ തന്റെ ദേഹാസ്വാസ്ഥ്യത്തിലുപരി അദ്ദേഹം വലിയ ഒച്ചയില്‍ പുറത്തേക്കു തുപ്പിക്കളഞ്ഞു. ആ ഓരോ കാറിത്തുപ്പലും സാഹിത്യ സാംസ്‌ക്കാരിക ജീര്‍ണതക്കെതിരായിരുന്നു.
ബഷീര്‍ ഒരു ലോകമാണ്. വായനശാലയിലെ അത്ഭുതലോകം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."