സഊദിയിലെ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളുകളില്‍ ഫീസുകള്‍ക്ക് വാറ്റ് നിര്‍ബന്ധമാക്കി
ജിദ്ദ: സഊദിയിലെ എംബസിക്കു കീഴിലെ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളുകളില്‍ ജൂണ്‍ മാസം മുതലുള്ള സ്‌കൂള്‍ ഫീസുകള്‍ക്ക് മൂല്യ വര്‍ധിത നികുതി നിര്‍ബന്ധമാക്കി.
രാജ്യത്തെ സകാത്ത് ആന്റ് ടാക്‌സ് അതോറിറ്റിയുടെ നിര്‍ദ്ദേശ പ്രകാരമാണ് നടപടിയെടുത്തിരിക്കുന്നത്.
സ്‌കൂള്‍ വാഹന സേവനത്തിനും നികുതി ഏര്‍പ്പെടുത്തി.
ഈ വര്‍ഷം ജനുവരി ഒന്ന് മുതലാണ് രാജ്യത്ത് മൂല്യ വര്‍ധിക നികുതി നടപ്പില്‍ വന്നത്. തുടക്കത്തില്‍ സേവന വിഭാഗമായ സ്‌കൂളുകളെ മൂല്യ വര്‍ധിത നികുതിയില്‍ നിന്ന് ഒഴിവാക്കിയിരുന്നു.
എന്നാല്‍ പുതിയ നിര്‍ദ്ദേശ പ്രകാരം സ്‌കൂളില്‍ അടക്കുന്ന മുഴുവന്‍ ഫീസിനത്തിനും അഞ്ച് ശതമാനം മൂല്യ വര്‍ധിത നികുതി കൂടി രക്ഷിതാക്കള്‍ അടക്കേണ്ടി വരും.
മാസാന്ത ട്യൂഷന്‍ ഫീസിനു പുറമെ സ്‌കൂള്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ കൂടി ഉപയോഗപ്പെടുത്തുന്നവരാണെങ്കില്‍ മൂല്യ വര്‍ധിത നികുതി അതിനുകൂടി ബാധകമാകും.
ജൂണ്‍ മാസം മുതല്‍ മുന്‍കാല പ്രാബല്യത്തിലായിരിക്കും മുല്യവര്‍ധിത നികുതി ഈടാക്കുന്നത്.
ദമ്മാം ഇന്ത്യന്‍ സ്‌കൂളില്‍ ഇത് സംബന്ധിച്ച സര്‍ക്കുലര്‍ പുറത്തിറക്കിയിട്ടുണ്ട്. വാറ്റ് ഉള്‍പ്പെടുത്തിയുള്ള പുതിയ സോഫ്റ്റ്‌വെയര്‍ ഉടന്‍ തന്നെ പ്രവര്‍ത്തന ക്ഷമമാകുമെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.
അടുത്തിടെ നടപ്പില്‍ വന്ന അജീര്‍ ലെവിയെ തുടര്‍ന്ന് മാസങ്ങള്‍ക്ക് മുമ്പാണ് സ്‌കൂളില്‍ ഫീസ് വര്‍ധനവ് നടപ്പില്‍ വന്നത്.
അതേ സമയം ഇനിയും ഫീസ് വര്‍ധിപ്പിച്ചാല്‍ അതു താങ്ങാന്‍ സാധിക്കില്ലെന്നും പല രക്ഷിതാക്കള്‍ അഭിപ്രായപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."