എസ്.പി.സി പദ്ധതി ഈ വര്‍ഷം 100 സ്‌കൂളുകളിലേക്കും വ്യാപിപ്പിക്കും 'വേനല്‍മഴ 2017' ന് തുടക്കമായി
ആലപ്പുഴ: 2017 18 സാമ്പത്തിക വര്‍ഷം 100 സ്‌കൂളുകളില്‍ക്കൂടി സ്റ്റുഡന്റ് പൊലിസ് കേഡറ്റ് പദ്ധതി ആരംഭിക്കുമെന്ന് പൊതുമരാമത്ത്, രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി ജി. സുധാകരന്‍. സ്റ്റുഡന്റ് പൊലിസ് കേഡറ്റിന്റെ ജില്ലാതല സമ്മര്‍ ക്യാംപ് 'വേനല്‍മഴ 2017' പുന്നപ്ര അംബേദ്ക്കര്‍ മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പുതുതായി എസ്.പി.സി പദ്ധതി അനുവദിക്കപ്പെടുമ്പോള്‍ ജില്ലയിലെ സ്‌കൂളുകള്‍ക്കും അതിന്റെ ഗുണം ലഭിക്കും.
വരുന്ന അഞ്ചുവര്‍ഷത്തിനുള്ളില്‍ സ്റ്റുഡന്റ് പൊലിസ് കേഡറ്റുകളുടെ എണ്ണം ഒരു ലക്ഷം കവിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. എല്ലാ സര്‍ക്കാര്‍എയ്ഡഡ് സ്‌കൂളുകളിലും പദ്ധതി ആരംഭിക്കണമെന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.
കേരള പൊലിസില്‍ അംഗബലം ആവശ്യത്തിനില്ല. ക്രമസമാധാനംപോലെ തന്നെ ഗതാഗത നിയന്ത്രണവും പൊലിസിന്റെ ഭാരിച്ച ചുമതലയായിട്ടുണ്ട്.
കേരളത്തിലേത് എറ്റവും വഴിവിട്ട ഡ്രൈവിങ്ങാണ്. ഇത് വാഹനാപകടങ്ങള്‍ വിളിച്ചുവരുത്തും. പൊലിസില്‍ റിക്രൂട്ട്‌മെന്റ് നടക്കുമ്പോള്‍ എസ്.പി.സിക്കാര്‍ക്ക് പ്രത്യേക പരിഗണന നല്‍കേണ്ടിവരും. ബ്രിട്ടീഷ് പാരമ്പര്യത്തില്‍ നിന്നുള്ള നിഷേധാത്മക സമീപനം കേരളത്തിലെ പൊലിസില്‍ നിന്ന് വിട്ടുപോയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
ജില്ലാ പൊലിസ് മേധാവി വി.എം മുഹമ്മദ് റഫീഖ് അധ്യക്ഷ്യനായി. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. കെ.റ്റി മാത്യു, എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍ എന്‍.എ സലിംകുമാര്‍, എസ്.പി.സി. ജില്ലാ നോഡല്‍ ഓഫിസര്‍ പി.കെ ഗോപാലന്‍ ആചാരി, ജില്ലാ പട്ടികജാതി വികസന ഓഫിസര്‍ കെ.കെ ശാന്താമണി, എം.ആര്‍.എസ് സുപ്രണ്ട് പി. ശ്രീകല, ജോയിന്റ് ആര്‍.ടി.ഒ പി.ആര്‍ സുരേഷ്, ഡെപ്യൂട്ടി കമാന്‍ഡന്റ് കെ. അനിയന്‍, കെ.ഇ ഫാസില്‍, അസിസ്റ്റന്റ് ജില്ലാ നോഡല്‍ ഓഫിസര്‍ കെ.വി ജയചന്ദ്രന്‍ പ്രസംഗിച്ചു.
ജില്ലയില്‍ വിവിധ സ്‌കൂളുകളില്‍ നിന്ന് 650 കേഡറ്റുകളും നൂറോളം അദ്ധ്യാപകരും പൊലിസ് ഉദ്യോഗസ്ഥരും ക്യാംപില്‍ പങ്കെടുക്കുന്നു. കെ.സി വേണുഗോപാല്‍ എം.പി, ഡോ. അലക്‌സാണ്ടര്‍ ജേക്കബ്ബ്, കൊച്ചി റേഞ്ച് ഐ.ജി പി. വിജയന്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദലീമ ജോജോ, ഡോ. വി.പി.വി ഗംഗാധരന്‍, ജില്ലാ സബ്ജഡ്ജി വി. ഉദയകുമാര്‍, പരിശീലകരായ മധു ഭാസ്‌ക്കരന്‍, ബ്രഹ്മനായകം, സുനില്‍കുമാര്‍ , കെ.ജി. ബാബു എന്നിവര്‍ യുവ തലമുറകള്‍ക്ക് പ്രചോദനം നല്‍കുതിനായി ക്ലാസെടുക്കും. ഏപ്രില്‍ 28ാം തിയതി വരെയാണ് ക്യാംപ് .
വിസ്മയം തീര്‍ത്ത് മെഗാ തിരുവാതിര അരങ്ങേറി
ചേര്‍ത്തല: കരപ്പുറത്തിന് പുതിയൊരനുഭവമായി കാണികള്‍ക്ക് ദൃശ്യവിസ്മയം ഒരുക്കി മൂവായിരം വനിതകള്‍ അണിനിരന്ന് നിറഞ്ഞാടിയ മെഗാ തിരുവാതിര വേറിട്ട കാഴ്ചയും ചരിത്രവുമായി.
എസ്.എന്‍.ഡി.പിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ശ്രീനാരായണ ദര്‍ശന മഹാസത്രത്തിന്റെ പ്രചരണാര്‍ഥമാണ് മെഗാ തിരുവാതിര ഒരുക്കിയത്.
ചേര്‍ത്തല, കണിച്ചുകുളങ്ങര യൂനിയനുകളിലെ വനിതാ സംഘത്തിന്റെ നേതൃത്വത്തില്‍ ചേര്‍ത്തല ദേവീ ക്ഷേത്ര മൈതാനിയാണ് ഈ കലാവിരുന്നിന് വേദിയായത്. നെറ്റിയില്‍ ചന്ദനക്കുറിയും ചീകി കെട്ടിയ മുടിക്കെട്ടില്‍ ദശപുഷ്പവും ആഭരണങ്ങളും അണിഞ്ഞ് കസവ് സെറ്റുമുണ്ടും ബ്രൗണ്‍നിറത്തിലുള്ള ബ്ലൗസും ധരിച്ചാണ് വനിതകള്‍ അണിനിരന്നത്.
മൈതാനിയുടെ മധ്യത്തില്‍ നിലവിളക്കും നിറപറയും ഒരുക്കിയിരുന്നു.എസ്.എന്‍ ട്രസ്റ്റ് ബോര്‍ഡ് അംഗം പ്രീതിനടേശന്‍ ദീപം തെളിച്ചു പരിപാടിക്ക് തുടക്കം കുറിച്ചു. പാട്ടിന്റെ താളത്തിനൊത്ത് ചുവടുവച്ചും കരചലനങ്ങള്‍ ചിട്ടപ്പെടുത്തിയും വൃത്താകാരം തെറ്റാതെ മുവായിരത്തോളം വനിതകള്‍ നിറഞ്ഞാടി. ഗുരുദേവന്റെ ജീവചരിത്രത്തെ ആധാരമാക്കി ഗാനരചയിതാവ് രാജീവ് ആലുങ്കല്‍ രചിച്ച ഗാനത്തിലായിരുന്നു തുടക്കം. മായാ ബല്‍റാമാണ് ഗാനം ആലപിച്ചത്. ആര്‍.എല്‍.വി ഓങ്കാര്‍ ചുവടുകള്‍ ചിട്ടപ്പെടുത്തി. ഇതോടനുബന്ധിച്ച് ചേര്‍ന്ന സമ്മേളനം എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്തു. 29, 30, മേയ് ഒന്ന് തിയതികളില്‍ ചേര്‍ത്തലയിലാണ് ശ്രീനാരായണ ദര്‍ശന മഹാസത്രം നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."