ബി.ജെ.പി സ്ഥാനാര്‍ഥിപ്പട്ടികയില്‍ നിന്ന് സുമിത്ര മഹാജനും പുറത്ത്: മത്സരത്തില്‍ നിന്ന് പിന്‍വാങ്ങി ലോക്സഭ സ്പീക്കര്‍
ഭോപാല്‍: ലോക്സഭയിലെ സ്പീക്കറായിരുന്ന സുമിത്ര മാഹജനെയും സ്ഥാനാര്‍ഥിപ്പട്ടികയില്‍ നിന്ന് ബി.ജെ.പി തഴഞ്ഞു. ഇതില്‍ പ്രതിഷേധിച്ച് ലോക്സഭാ തെരഞ്ഞെടുപ്പില്‍ താനിനി മത്സരിക്കുന്നില്ലെന്ന് ബി.ജെ.പി കേന്ദ്ര നേതൃത്വത്തിനെഴുതിയ കത്തില്‍ സുമിത്ര മഹാജന് വ്യക്തമാക്കി. മധ്യപ്രദേശിലെ വാണിജ്യകേന്ദ്രമായ ഇന്‍ഡോറിലെ ബി.ജെ.പി സ്ഥാനാര്‍ഥിയാകുമെന്ന പ്രതീക്ഷയിലായിരുന്നു സുമിത്ര. എട്ടുതവണ എം.പിയായിട്ടുണ്ട് അവര്‍.
ഇതോടെ അഡ്വാനി,മുരളീ മനോഹര്‍ ജോഷി എന്നിവര്‍ക്കൊപ്പം 75 വയസുതികഞ്ഞ മൂന്നാമത്തെ മുതിര്‍ന്ന നേതാവാണ് ബി.ജെ.പി സ്ഥാനാര്‍ഥിപ്പട്ടികയില്‍നിന്നു പുറത്തുപോകുന്നത്. ഇന്‍ഡോറിലെ സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകുന്നതിലെ അസംതൃപ്തിയാണ് കത്തിനു പിന്നിലെന്നു വ്യക്തമാണ്.
നേരത്തേ എല്‍.കെ അദ്വാനിയെയും മുരളീ മനോഹര്‍ ജോഷിയെയും മത്സരിക്കുന്നതില്‍നിന്നു പാര്‍ട്ടി ഒഴിവാക്കിയിരുന്നു.
പാര്‍ട്ടിക്ക് തങ്ങളുടെ നോമിനിയെ മടിയില്ലാതെ പ്രഖ്യാപിക്കാമെന്നും അവര്‍ പറഞ്ഞു. 'ഇതുവരെ പ്രഖ്യാപനമുണ്ടാകാത്തതിനാല് പാര്‍ട്ടിക്ക് അതിലെന്തോ ആശങ്കയുണ്ടെന്നാണു തോന്നുന്നത്. നേരത്തേ മുതിര്‍ന്ന നേതാക്കളുമായി താന്‍ ചര്‍ച്ച നടത്തിയിരുന്നു. അവര്‍ക്കു തീരുമാനം വിട്ടുനല്‍കുകയാണ് അന്നുചെയ്തത്. ഇപ്പോഴും അവര്‍ ആശങ്കയിലാണെന്നു മനസ്സിലാകുന്നതുകൊണ്ടാണു ഞാന്‍ മത്സരിക്കുന്നില്ലെന്ന് അറിയിച്ചത്.' എന്നും അവര്‍ പറഞ്ഞു.
75 വയസ്സിനു മുകളിലുള്ളവര്‍ക്ക് ടിക്കറ്റ് നല്‍കണോ വേണ്ടയോ എന്ന കാര്യം തീരുമാനിക്കുന്നത് പാര്‍ട്ടിയാണെന്നു കഴിഞ്ഞദിവസം ബി.ജെ.പി ദേശീയാധ്യക്ഷന്‍ അമിത് ഷാ വ്യക്തമാക്കിയിരുന്നു.
ഒരിക്കല്‍പ്പോലും പാര്‍ട്ടി നേതൃത്വത്തില്‍നിന്നു മത്സരിക്കാന്‍ ടിക്കറ്റ് ആവശ്യപ്പെട്ടിട്ടില്ലെന്നും അവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."