മാതൃകയായി ഇരപ്പുകുഴി നിവാസികള്‍ കൂട്ടായ പരിശ്രമത്തില്‍ പൊതുകിണര്‍ നവീകരിച്ചു
പേരൂര്‍ക്കട: കുടപ്പനക്കുന്ന് ഇരപ്പുകുഴി നിവാസികള്‍ക്ക് ഇനി വേനലിനെ ഭയമില്ല. മാസങ്ങളായി തങ്ങള്‍ അനുഭവിച്ചുവന്ന കുടിവെള്ളക്ഷാമത്തിന് അവര്‍ തന്നെ പരിഹാരം കണ്ടിരിക്കുന്നു. പ്രദേശത്ത് വൃത്തിഹീനമായിക്കിടന്ന പൊതുകിണര്‍ മികച്ച രീതിയില്‍ നവീകരിച്ചു.
തിരുവനന്തപുരം നഗരസഭയുടെ മേല്‍നോട്ടത്തിലുള്ള ഇരപ്പുകുഴിയിലെ കിണറിന് 50 വര്‍ഷത്തോളം പഴക്കമുണ്ട്. നിരവധി പേര്‍ കുടിവെള്ളത്തിനായി ഈ കിണറിനെ ആശ്രയിച്ചിരുന്നു. പിന്നീട് വാട്ടര്‍അതോറിറ്റിയുടെ പൈപ്പ് കണക്ഷന്‍ വന്നതോടെ കിണര്‍ അവഗണിക്കപ്പെട്ടു. സംരക്ഷിക്കാന്‍ നഗരസഭയും മെനക്കെട്ടില്ല. കാട്ടുചെടികള്‍ വളര്‍ന്നും മാലിന്യം വീണും കിണര്‍ തീര്‍ത്തും ഉപയോഗ ശൂന്യമായി.
വേനല്‍ കടുത്ത് , കുടിവെള്ള ക്ഷാമം രൂക്ഷമായതോടെയാമ് ഇരപ്പുകുഴി നിവാസികള്‍ സ്വന്തം നിലക്ക് കിണര്‍ നവീകരിക്കാന്‍ തീരുമാനിച്ചത്.ഇരപ്പുകുഴി സ്വദേശികളായ അനില്‍, ലതക എന്നിവര്‍ മേല്‍നോട്ടം വഹിച്ചു. സുകുമാരനും ജോണിയും രവീന്ദ്രനും വാസുവും ചന്ദ്രനുമൊക്കെ കിണര്‍ വൃത്തിയാക്കലില്‍ പങ്കാളികളായി.കിണറിന് ഒരു മേല്‍മൂടിയുമിട്ടു. അറുപതിനായിരത്തോളം രൂപയാണ് ചിലവായത്.
വാര്‍ഡ് പരിധിയില്‍ ഇതുപോലുള്ള നിരവധി ജലസ്രോതസ്സുകള്‍ ശുചീകരിച്ച് ഉപയുക്തമാക്കാനാകുമെന്നാണ് നാട്ടുകാര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."