HOME
DETAILS
MAL
10,000 കിടക്കകള്‍ ലോകത്തെ ഏറ്റവും വലിയ കൊവിഡ് ചികിത്സാകേന്ദ്രം ഡല്‍ഹിയില്‍ തുറന്നു
backup
July 06 2020 | 01:07 AM
ന്യൂഡല്‍ഹി; 10,000 കിടക്കകളുള്ള രാജ്യത്തെ ഏറ്റവും വലിയ കൊവിഡ് ചികിത്സാകേന്ദ്രമായ സര്‍ദാര്‍ പട്ടേല്‍ കൊവിഡ് കെയര്‍ സെന്റര്‍ ഡല്‍ഹിയിലെ ഛത്തര്‍പൂരില്‍ ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാല്‍ ഉദ്ഘാടനം ചെയ്തു.
ലോകത്തെ തന്നെ ഏറ്റവും വലിയ കൊവിഡ് ചികിത്സാകേന്ദ്രമാണിതെന്ന് അധികൃതര്‍ പറഞ്ഞു. രാധാ സോആമി സത്‌സങ് ബിയാസ് എന്ന ആത്മീയ സംഘടനയുടെ സ്ഥലത്താണ് ഇത് നിര്‍മിച്ചിരിക്കുന്നത്. ചെറിയ രോഗലക്ഷണങ്ങളുള്ളവരും രോഗലക്ഷണങ്ങളില്ലാത്തവരും വീട്ടില്‍ ഐസൊലേഷനിലിരിക്കാന്‍ സാധിക്കാത്തവരുമായ രോഗികളെയാണ് ഇവിടെ ചികിത്സിക്കുക. 1,700 അടി നീളവും 700 അടി വീതിയുമുള്ളതാണ് ചികിത്സാകേന്ദ്രം. ഏകദേശം 20 ഫുട്‌ബോള്‍ മൈതാനത്തിന്റെ വലുപ്പം വരും.
10 ശതമാനം കിടക്കകളില്‍ ഓക്‌സിജന്‍ സൗകര്യമുണ്ട്. ദീന്‍ ദയാല്‍ ഉപാധ്യായ ആശുപത്രി, മദന്‍മോഹന്‍ മാളവ്യ ആശുപത്രി എന്നിവയാണ് ഇവിടെ ചികിത്സാസൗകര്യമൊരുക്കുന്നത്. ലോക്‌നായക് ആശുപത്രി, രാജീവ് ഗാന്ധി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി എന്നിവ ഇതിന്റെ റഫറല്‍ ആശുപത്രികളായിരിക്കും. ഇന്തോ- ടിബറ്റന്‍ ബോര്‍ഡര്‍ പൊലിസിനാണ് ഇതിന്റെ നടത്തിപ്പു ചുമതല. 2,000 കിടക്കകളില്‍ ഇന്തോ- ടിബറ്റന്‍ ബോര്‍ഡര്‍ പൊലിസ് നേരിട്ട് ചികിത്സ ലഭ്യമാക്കും. ഇതിനായി അവര്‍ 170 ഡോക്ടര്‍മാരെയും 700 നഴ്‌സുമാരെയും നിയോഗിച്ചിട്ടുണ്ട്.
50 ബെഡ്ഡുകളിട്ട, 200 പ്രത്യേകം തിരിച്ച വാര്‍ഡുകളാണ് ഇതിലുള്ളത്. ഡല്‍ഹി സര്‍ക്കാര്‍ ആവശ്യമായ സഹായം ചെയ്യും. രോഗികളെ സഹായിക്കാന്‍ രാധാ സോആമി സത്‌സങ് ബിയാസ് വളണ്ടിയര്‍മാരെയും നിയോഗിച്ചിട്ടുണ്ട്. ഇവിടേക്കു വേണ്ട കിടക്കകള്‍ ഉള്‍പ്പടെയുള്ള എല്ലാ സൗകര്യങ്ങളും വിവിധ സംഘടനകള്‍ സംഭാവന നല്‍കിയതാണ്. രോഗികള്‍ക്ക് ദിവസം അഞ്ചു നേരം ഭക്ഷണം നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."