നടിയെ ആക്രമിച്ച കേസ്: പ്രാരംഭവാദം തുടങ്ങി
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പൊലിസ് സമര്‍പ്പിച്ച കുറ്റപത്രത്തിലെ പ്രാരംഭ വാദം തുടങ്ങി. പ്രത്യേക സി.ബി.ഐ കോടതിയിലെ വനിതാ ജഡ്ജിയുടെ മുന്‍പാകെയാണ് വാദം.
ദിലീപ് അടക്കമുള്ള പ്രതികള്‍ കോടതിയില്‍ എത്തിയിരുന്നു. സ്വകാര്യതയെ ബാധിക്കാത്ത രേഖകള്‍ പ്രതികള്‍ക്ക് നല്‍കുന്നതില്‍ തടസമില്ലെന്നും കോടതി വ്യക്തമാക്കി. പ്രാരംഭ വാദത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ഓരോ പ്രതികള്‍ക്കുമെതിരേ പൊലിസ് ചുമത്തിയിരിക്കുന്ന കുറ്റം നിലനില്‍ക്കുമോയെന്ന കാര്യം കോടതി തീരുമാനിക്കുക. കുറ്റം നിലനില്‍ക്കുമെങ്കില്‍ മാത്രമേ വിചാരണാ നടപടികളിലേക്ക് കോടതി കടക്കൂ. കേസുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ അടക്കമുള്ള രേഖകള്‍ ആവശ്യപ്പെട്ടുകൊണ്ട് പ്രതിയായ ദിലീപ് സമര്‍പ്പിച്ച ഹരജി പരിഗണിക്കുന്നത് സുപ്രിംകോടതി മാറ്റിവച്ചിരുന്നു.
അതേസമയം നടിയെ ആക്രമിച്ച കേസില്‍ രഹസ്യ വിചാരണയായിരിക്കും നടക്കുകയെന്ന് എറണാകുളം അഡിഷണല്‍ സെഷന്‍സ് കോടതി വ്യക്തമാക്കി. ഹൈക്കോടതിയുടെ നിര്‍ദേശമനുസരിച്ച് വിചാരണക്കോടതിയിലെ നടപടിക്രമങ്ങള്‍ രഹസ്യവിചാരണയായി നടത്താന്‍ നിര്‍ദേശമുണ്ടായിരുന്നു. സുപ്രിംകോടതി കുറ്റം ചുമത്തുന്നതു താല്‍കാലികമായി തടഞ്ഞിട്ടുണ്ടെന്ന് ദിലീപിന്റെ അഭിഭാഷകന്‍ കോടതിയില്‍ ബോധിപ്പിച്ചു. കുറ്റം ചുമത്തുന്നതിന് മാത്രമേ താമസമുള്ളൂവെന്നും പ്രാഥമികവാദം കേള്‍ക്കുന്നതിന് തടസമില്ലെന്നും കോടതി വ്യക്തമാക്കി. കേസ് ഈ മാസം പത്തിന് വീണ്ടും പരിഗണിക്കും. എറണാകുളം സി.ബി.ഐ പ്രത്യേക കോടതി ജഡ്ജി ഹണി എം. വര്‍ഗീസാണ് കേസ് പരിഗണിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."