പൊള്ളലേറ്റ് ദമ്പതികളുടെ മരണം: അന്വേഷണം ഊര്‍ജിതമാക്കി
അമ്പലപ്പുഴ: ദമ്പതികള്‍ ചിട്ടികമ്പനി ഉടമയുടെ വീടിന് സമീപം ദുരൂഹ സാഹചര്യത്തില്‍ പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ പൊലിസ് അന്വേഷണം ഊര്‍ജിതമാക്കി. അമ്പലപ്പുഴ സി.ഐ എം. വിശ്വംഭരന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
നിശ്ചിത സമയത്ത് പണം ലഭിക്കാതെ വന്നതോടെ നിരാശരായ ദമ്പതികള്‍ സ്വയം തീകൊളുത്തിയതാണെന്നും അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ട്. തങ്ങളെ ബി ആന്‍ഡ് ബി ചിട്ടികമ്പനി ഉടമ ഭക്തവത്സലന്‍ തീയിട്ടു കൊന്നതാണെന്ന് പൊലിസിന് ഇവര്‍ മരണ മൊഴി നല്‍കിയിരുന്നു. ഇന്നലെ ജില്ലാ പൊലിസ് മേധാവി എം. മുഹമ്മദ് റഫീക്ക്, ചേര്‍ത്തല ഡിവൈ.എസ്.പി വൈ.ആര്‍ റസ്റ്റം, പാലാ ഡിവൈ. എസ്.പി വി. ജി വിനോദ് കുമാര്‍, ആലപ്പുഴ ഡിവൈ. എസ്.പി എം.ഇ ഷാജഹാന്‍, സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്. പി മുഹമ്മദ് കബീര്‍ റാവുത്തര്‍ എന്നിവര്‍ അമ്പലപ്പുഴ സ്റ്റേഷനിലെത്തി. കസ്റ്റഡിയിലുളള ചിട്ടികമ്പനി ഉടമ സുരേഷ് ഭക്തവത്സലനെ ഉന്നത പൊലിസ് സംഘം മണിക്കൂറുകളോളം ചോദ്യം ചെയ്തു.
ഫോറന്‍സിക് വിദഗ്ധര്‍ സംഭവം നടന്ന സുരേഷിന്റെ വീടും പരിസര പ്രദേശവും മരണമടഞ്ഞ വേണുവും സുമയും വന്ന കാര്‍ എന്നിവ പരിശോധിച്ചു.
പെട്രോള്‍ നിറച്ച് കൊണ്ടുവന്നുവെന്ന് കരുതുന്ന പ്ലാസ്റ്റിക് കുപ്പി കണ്ടെടുത്തു. കത്തിയ നിലയിലായിരുന്ന കുപ്പിയില്‍ 50 മില്ലി ലിറ്ററോളം പെട്രോള്‍ ഉണ്ടായിരുന്നു. സ്റ്റേഷനിലെത്തിച്ച കാര്‍ പരിശോധിച്ചപ്പോള്‍ ഒരു ഫോണും കണ്ടുകിട്ടി.
വിരലടയാള വിദഗ്ധന്‍ ജി.അജിത്, സയന്റിഫിക്ക് ഓഫിസര്‍ ശീതള്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. പെട്രോള്‍ ദമ്പതികള്‍ കൊണ്ടുവന്നതാണോ അതോ സുരേഷിന്റെ കൈവശം ഉണ്ടായിരുന്നതാണോ എന്നതും പരിശോധനക്ക് വിധേയമാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."