പതിനൊന്ന് മാസമായി ശമ്പളമില്ല; മുന്നൂറോളം തൊഴിലാളികള്‍ ദുരിതത്തില്‍
ജിദ്ദ: ജോലി ചെയ്തിരുന്ന കമ്പനി പാപ്പരായതോടെ പതിനൊന്ന് മാസമായി ശമ്പളം കിട്ടാതെ ഇന്ത്യക്കാര്‍ ഉള്‍പ്പെടെ മുന്നൂറോളം തൊഴിലാളികള്‍ ദുരിതത്തില്‍. ദമാമിലെ അല്‍ കോബാറില്‍ റാക്ക കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന നാസിര്‍ ബിന്‍ ഹസ്സ കമ്പനിയിലെ തൊഴിലാളികളാണ് ദുരിതത്തില്‍ കഴിയുന്നത്.
മുമ്പ് ലാഭകരമായി പ്രവര്‍ത്തിച്ചിരുന്ന കമ്പനി, സ്ഥാപക ഉടമസ്ഥന്റെ മരണശേഷം മക്കള്‍ ഏറ്റെടുത്ത് നടത്താന്‍ തുടങ്ങിയതോടെയാണ് നഷ്ടത്തിലേയ്ക്ക് കൂപ്പ് കുത്തിയത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായതോടെ ജോലിക്കാരുടെ ശമ്പളം അടക്കമുള്ള ആനുകൂല്യങ്ങള്‍ കൊടുക്കാന്‍ കഴിയാതെ, അടച്ചു പൂട്ടലിന്റെ വക്കിലാണ്.
ഇന്ത്യ, നേപ്പാള്‍, ഫിലിപ്പൈന്‍സ്, ബംഗ്ലാദേശ് തുടങ്ങി വിവിധ രാജ്യക്കാരായ ഇരുന്നൂറോളം തൊഴിലാളികളാണ്, സഊദിയുടെ വിവിധ ഭാഗങ്ങളില്‍ ഉള്ള ക്യാമ്പുകളില്‍, ആഹാരത്തിനു പോലും പണമില്ലാതെ വിഷമിക്കുന്നത്. ഇന്‍ഷുറന്‍സ് പുതുക്കാത്തതിനാല്‍ രോഗികളായവര്‍ക്ക് ചികിത്സ ലഭിയ്ക്കുന്നില്ല.
സാമൂഹിക പ്രവര്‍ത്തകരുടെ സഹായത്തോടെ നിരവധി തൊഴിലാളികള്‍ ലേബര്‍ കോടതിയില്‍ കേസ് നല്‍കിയെങ്കിലും, കമ്പനി സഊദി സര്‍ക്കാരിന് പാപ്പര്‍ ഹര്‍ജി നല്‍കി സാവകാശം വാങ്ങി കേസുകള്‍ അനന്തമായി നീട്ടികൊണ്ടു പോകുകയാണ്.
അതേ സമയം പരാതിയുമായി ദമാമിലെ സമൂഹിക പ്രവര്‍ത്തകരായ ഷിബുകുമാറും ഷാജി മതിലകവും ഇടപെട്ട് ഇന്ത്യന്‍ എംബസിയില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് എംബസി സഊദി തൊഴില്‍ മന്ത്രാലയ അധികൃതരുമായി നടത്തുന്ന ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായും പ്രശ്‌നത്തിന് ഉടന്‍ തീരുമാനമുണ്ടാവുമെന്നും ഇവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."