ദുരിതപ്പെയ്ത്ത്; ജില്ലയില്‍ കനത്ത മഴ തുടരുന്നു
ഇരിട്ടി: മലയോര മേഖലയില്‍ നാലുദിവസമായി തുടര്‍ച്ചയായി പെയ്യുന്ന കനത്ത മഴയില്‍ താഴ്ന്ന പ്രദേശങ്ങള്‍ മുഴുവന്‍ വെള്ളത്തിനടിയിലായി. നിരവധി വയലുകളിലും കൃഷിയിടങ്ങളിലും വെള്ളം കയറി. മലയോര കുടിയേറ്റ മേഖലകള്‍ പലയിടങ്ങളും ഉരുള്‍പൊട്ടല്‍ ഭീതിയിലാണ്. തലശ്ശേരി-വളവുപാറ റോഡില്‍ പലയിടങ്ങളും കുന്നിടിച്ചില്‍ ഭീഷണിയിലായി. മിക്ക പുഴകളും കരകവിഞ്ഞു. പായം കാടമുണ്ടയില്‍ കൃഷിയിടങ്ങളില്‍ വെള്ളം കയറി ഏക്കര്‍കണക്കിന് കാര്‍ഷിക വിളകള്‍ വെള്ളത്തിനടിയിലായി.
വിളങ്ങോട്ട് വയല്‍ പ്രഭാകരന്റെ നൂറോളം വാഴകള്‍, പി.കെ രഞ്ചിത്തിന്റെ അന്‍പതോളം വാഴകള്‍ എന്നിവ വെള്ളത്തിലായി. കെ. മാധവി, നാമത്ത് പ്രഭാകരന്‍, ആര്‍. കൃഷ്ണന്‍, എം. ദിനേശന്‍ എന്നിവരുടെ നെല്‍വയലുകളും വെള്ളത്തിനടിയിലായി.
കുന്നോത്ത് കേളന്‍പീടികക്ക് സമീപം കെ.എസ്.ടി.പി റോഡ് നിര്‍മാണത്തിന്റെ ഭാഗമായി കുന്നിടിച്ചെടുത്ത സ്ഥലത്ത് ഇന്നലെ ഉച്ചയോടെ റോഡിലേക്ക് മണ്ണ് ഇടിഞ്ഞുവീണു. ഈ സമയം വാഹനങ്ങളും കാല്‍നട യാത്രക്കാരും മറ്റും റോഡിലില്ലാതിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി. ജെ.സി.ബി ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്താണ് ഇതുവഴിയുള്ള ഗതാഗതം പുനസ്ഥാപിച്ചത്. കര്‍ണാടക ബ്രഹ്മഗിരി മലനിരകളോട് ചേര്‍ന്ന് നില്‍ക്കുന്ന അയ്യങ്കുന്ന് പഞ്ചായത്തിലെ പല മേഖലകളും ഉരുള്‍പൊട്ടല്‍ ഭീഷണിയിലാണ്. മുടിക്കയം, പാറയ്ക്കാമല, പാറയ്ക്കാപ്പാറ, മുടിക്കയം, രണ്ടാം കടവ് എന്നിവിടങ്ങളിലെ അടിവാരങ്ങളിലും പുഴയരികുകളിലും മറ്റും താമസിക്കുന്നവരോട് ജാഗ്രത പാലിക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഇരിക്കൂര്‍: ശക്തമായ മഴയില്‍ ഇരിക്കൂര്‍ പുഴ നിറഞ്ഞ് കവിഞ്ഞ് താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. ചൂളിയാട് വയലിലേക്ക് വെള്ളം കയറി. നെല്ല്, വാഴ, കപ്പ അടക്കമുള്ള കൃഷികള്‍ വെള്ളത്തിനടിയിലായി. ചേടിച്ചേരി, കാവ് വയലുകളിലും വെള്ളം നിറഞ്ഞു.
പഴയ പമ്പ് ഹൗസിനടുത്തെ മിനി പാലവും റോഡുകളും തോടും വെള്ളത്തിനടിയിലായി. ഇതു വഴിയുള്ള ഗതാഗതം ദുഷ്‌കരമായി. സമീപത്തെ താമസക്കാര്‍ വീടുവിട്ടിറങ്ങാനോ വരാനോ പറ്റാത്ത അവസ്ഥയായി. നിടുവള്ളൂരില്‍ കെ.ടി ഫാത്തിമയുടെ വീട് നിര്‍മാണത്തിനായി എടുത്ത സ്ഥലത്തിനു സമീപത്തെ ഉയര്‍ന്ന ഭിത്തി ഇടിഞ്ഞു വീണു. തറ നിര്‍മിക്കാനായി ഇറക്കിയ ചെങ്കല്ലുകള്‍ മണ്ണിനടിയിലായി.
പട്ടീല്‍ വി.കെ.എസ് റോസിലെ മുംതാസിന്റെ വീട്ടുവളപ്പിലെ തേക്ക് മരത്തിന്റെ കൊമ്പ് പൊട്ടി വൈദ്യുതി ലൈനിലേക്ക് വീണു സമീപത്തെ വൈദ്യുതി തൂണുകളും കമ്പികളും പൊട്ടി. പട്ടുവം രാജീവ് ഗാന്ധി നഗറില്‍ സംസ്ഥാന പാതയിലും മരം പൊട്ടി വീണതിനാല്‍ ലൈനുകള്‍ തകര്‍ന്നു. സംസ്ഥാന പാതയില്‍ ഏതാനും സമയം ഗതാഗത തടസമുണ്ടായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."