കനത്തമഴയില്‍ കനത്തനാശം
ചെറുവത്തൂര്‍: മരം കടപുഴകിവീണ് ഓട്ടോയും വൈദ്യുത ലൈനുകളും തകര്‍ന്നു. വഴിമാറിയത് വന്‍ദുരന്തം. ഇന്നലെ വൈകിട്ട് 6.30 ഓടെയായിരുന്നു സംഭവം. ചെറുവത്തൂര്‍ ടൗണിലെ ഫാഷന്‍ ഗോള്‍ഡിന് മുന്‍വശത്തെ പാലമരമാണ് കടപുഴകിയത്. പാതയോരത്ത് നിര്‍ത്തിയിട്ടിരുന്ന കണ്ണംകുളം സ്വദേശി ആഷിഖിന്റെ ഓട്ടോ പൂര്‍ണമായും തകര്‍ന്നു. ആഷിഖ് തൊട്ടടുത്ത കടയിലേക്ക് പോയിരുന്നതിനാല്‍ അപകടം വഴിമാറി.
ചെറുവത്തൂര്‍ സ്റ്റേഷന്‍ റോഡില്‍ ജനത്തിരക്കുള്ള പ്രദേശത്താണ് മരം കടപുഴകിയത്. നിരവധി കച്ചവടസ്ഥാപനങ്ങള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ ഇറങ്ങിവരുന്നവരും പടന്ന ഭാഗത്തേക്കുള്ള യാത്രക്കാരും കടന്നുപോകുന്ന വഴിയാണിത്. ഫയര്‍ഫോഴ്‌സും പൊലിസും നാട്ടുകാരും ചേര്‍ന്ന് എട്ടുമണിയോടെ മരം മുറിച്ച് മാറ്റി. വൈദ്യുത തൂണുകള്‍ തകര്‍ന്നതിനാല്‍ ചെറുവത്തൂര്‍ ടൗണിലെ വൈദ്യുത വിതരണം നിലച്ചു. എം. രാജഗോപാലന്‍ എം.എല്‍.എ, ചെറുവത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് മാധവന്‍ മണിയറ സ്ഥലത്തെത്തി.
ബെള്ളൂര്‍: കഴിഞ്ഞ മുന്ന് ദിവസങ്ങളിലായി പെയ്ത കനത്തമഴയില്‍ ബെളളൂര്‍ ഗ്രാമപഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ വ്യാപക നഷ്ടം. മണ്ണിടിഞ്ഞുവീണും മരം കടപുഴകിവീണും നിരവധി വീടുകള്‍ക്ക് കേടുപാട് സംഭവിച്ചു. ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു.
മലയോര പ്രദേശമായ ബെള്ളൂര്‍ നാട്ടക്കല്‍ കൊഡ്വളയിലെ കാവേരിയുടെ വീടിന്റെ പുറകുവശത്ത് മണ്ണിടിഞ്ഞ് വീണു. ഇവിടെയുള്ള കൂറ്റന്‍ പാറ ഏത് സമയവും വീടിന് മുകളില്‍ വീഴാവുന്ന അവസ്ഥയിലുമാണ്. അഡ്വള നരസിംഹ ബല്ലാളിന്റെ വീട്ടിന്റെ ഷെഡില്‍ നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടര്‍ പൂര്‍ണമായും മണ്ണിനടിയില്‍പ്പെട്ടു. എടമുഗര്‍ ഗുത്തു തറവാട് ക്ഷേത്രത്തിന് സമീപത്ത് മണ്ണിടിച്ചലിലും കാറ്റിലും റബര്‍ മരങ്ങള്‍ കടപുഴകി വീണു. കൊയങ്കോട് എസ്.സി കോളനിയിലെ യമുനയുടെ വീട് കനത്ത മഴയിലും മണ്ണിടിച്ചലിലും ഭാഗികമായി തകര്‍ന്നു. ബെള്ളൂരിലെ അമരാവതിയുടെ ഓട് മേഞ്ഞ വീട് ഭാഗികമായും തകര്‍ന്നു.
കിന്നിംഗാറിലെ രാമണ്ണയുടെയും ബാബു പൂജാരിയുടെയും വീടിന്റെ ഷെഡിനും നാശം സംഭവിച്ചു. ബേരിക്കെ ഗംഗാധര ഗൗഡയുടെ വീടിന്റെ സ്ലാബിന്റെ ഒരു ഭാഗവും ജനല്‍ ചില്ലിനും മണ്ണിടിച്ചലില്‍ കേടുപാടുകള്‍ സംഭവിച്ചു. പുതുതായി നിര്‍മിച്ച കായര്‍പദവ് ശാന്തിഗുരി റോഡ് മണ്ണിടിച്ചലിലും കുത്തി ഒലിച്ച മഴവെള്ള പാച്ചലിലും തകര്‍ന്ന് ഗതാഗതം പൂര്‍ണമായും തടസപെട്ടു. അഡ്വള ഭൂത്തനം സ്‌കൂളിലേക്ക് കടന്ന് പോകുന്ന നടവഴി പൂര്‍ണമായും മണ്ണിടിച്ചലില്‍ തടസപ്പെട്ടു.
ഐത്തനടുക്കയിലെ രഘുനാഥ റൈയുടെ വീടിന്റെ മുന്‍വശത്ത് മണ്ണ് നിറഞ്ഞതിനാല്‍ വീടിന് അകത്തേക്ക് പ്രവേശിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. വീട്ടുപകരണങ്ങള്‍ക്കും കേടുപാട് സംഭവിച്ചു. സമാനമായ രീതിയില്‍ പഞ്ചായത്തിന്റെ മറ്റ് പ്രദേശങ്ങളിലും അപകടം നടന്നിട്ടുണ്ട്. കാര്‍ഷിക വിളകളും നശിച്ചു. ബെള്ളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. ലത, കാറഡുക്ക ബ്ലോക്ക് പഞ്ചായത്തംഗം എം. ശ്രീധരന്‍, മാലതി ജെ റൈ, കെ. ഗീത, വില്ലേജ് ഓഫിസര്‍ ഗോപാലകൃഷ്ണന്‍ പഞ്ചായത്ത് സെക്രട്ടറി ഗീതാകുമാരി സ്ഥലം സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."