അനാസ്ഥ രോഗം മൂര്‍ച്ഛിച്ചു. ഇ.എസ്.ഐ ആശുപത്രിക്ക് ചികിത്സവേണം
കണ്ണൂര്‍: ആവശ്യത്തിന് ഡോക്ടര്‍മാരോ, മരുന്നുകളോ മറ്റു സംവിധാനങ്ങളോ ഇല്ലാതെ തോട്ടട ഇ.എസ്.ഐ ആശുപത്രി നോക്കുകുത്തിയാവുന്നു. ഏതാനും ജീവനക്കാര്‍ക്കു വേണ്ടി മാത്രമാണ് ഈ ആശുപത്രി ഇപ്പോള്‍ തുറന്നു പ്രവര്‍ത്തിക്കുന്നത്.
കണ്ണൂര്‍, കാസര്‍കോട്, വടകര എന്നീ ഭാഗങ്ങളിലെ ഇ.എസ്.ഐ പരിധിയില്‍ വരുന്ന സ്വകാര്യസ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരുടെ ഏക ആശ്രയമാണിത്. ഇവിടെ കാണിച്ചു ഡോക്ടറുടെ കുറിപ്പടി കാണിച്ചാല്‍ മാത്രമേ ഇ.എസ്.ഐ അംഗീകരിച്ചിട്ടുള്ള സൂപ്പര്‍ സ്്‌പെഷ്യാലിറ്റി ആശുപത്രികളില്‍ വിദഗ്ധ ചികിത്സ ലഭിക്കൂ. അപ്പോഴേക്കും ഗുരുതര രോഗം ബാധിച്ചവര്‍ക്ക് ഈ ലോകത്തോട് വിടപറഞ്ഞേക്കും. അതിനാല്‍ ഇ.എസ്.ഐ സൗകര്യമൊഴിവാക്കി കഴുത്തറപ്പന്‍ ബില്‍തുക നല്‍കി സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട ഗതികേടിലാണ് സാധരണക്കാര്‍. ഇ.എസ്.ഐ ഡിസ്‌പെന്‍സറി മുതല്‍ ആശുപത്രിവരെ നടന്നു തീര്‍ത്താലാണ് രോഗികള്‍ക്ക് ആവശ്യമായ ചികിത്സ ലഭിക്കുന്നത്. ശമ്പളത്തില്‍ നിന്നു നല്ലതുക ഇ.എസ്.ഐയിലേക്ക് പിടിക്കുന്നുണ്ടെങ്കിലും മിക്കവര്‍ക്കും അതിനുള്ള സൗകര്യം ലഭിക്കുന്നില്ല.
ഗുണനിലവാരമില്ലാത്ത മരുന്നുകളാണ് ഈ ഡിസ്‌പെന്‍സറികളില്‍ നിന്നു ലഭിക്കുന്നത്. ഈ തടസങ്ങളൊക്കെ മറികടന്ന് ഇ.എസ്.ഐ ചികിത്സ തേടുന്ന ഒരാള്‍ക്ക് ഇ.എസ്.ഐ മെഡിക്കല്‍ റീഇംപേഴ്‌സ്‌മെന്റ് നല്‍കാനും തയാറാകുന്നില്ല. ഏറെക്കാലം കഴിഞ്ഞാണ് അര്‍ഹരായവര്‍ക്ക് ആനുകൂല്യം ലഭിക്കുന്നത്. 2007 മുതല്‍ 2015 വരെ ഇ.എസ്.ഐയും ഒരു സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയും തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് നിരവധിയാളുകള്‍ക്ക് ചികിത്സാ ആനുകൂല്യം ലഭിച്ചിട്ടില്ല. കണ്ണൂരടക്കമുള്ള സ്ഥലങ്ങളില്‍ ഇ.എസ്.ഐ ഡിസ്‌പെന്‍സറി തുറക്കുകയാണെങ്കില്‍ രോഗികള്‍ക്ക് പ്രയോജനകരമാകും. സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥയാണ് തോട്ടടയിലെ ഇ.എസ്.ഐ ആശുപത്രിയുടെ ശോച്യാവസ്ഥയ്ക്കു കാരണമെന്നു തൊഴിലാളികള്‍ പറയുന്നു. മതിയായ ഡോക്ടര്‍മാരെ നിയമിച്ച് കിടത്തിചികിത്സാ സൗകര്യമൊരുക്കിയാല്‍ സ്വകാര്യ സൂപ്പര്‍ സ്‌പെഷ്യാലിറ്റികളുടെ ചൂഷണത്തില്‍ നിന്നു ഒരുപരിധിവരെ രക്ഷിക്കാനാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."