സ്വപ്നയെ അറിയില്ലെന്ന് മുഖ്യമന്ത്രി പറയുന്നത് പച്ചക്കള്ളം- ആരോപണവുമായി കെ.സുരേന്ദ്രന്‍
കോഴിക്കോട്: സ്വര്‍ണ്ണക്കടത്തുകേസിലെ പ്രതി സ്വപ്ന സുരേഷിനെ അറിയില്ലെന്ന് മുഖ്യമന്ത്രി പറയുന്നത് പച്ചക്കള്ളമാണെന്ന ആരോപണവുമായി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. 'താന്‍ 'മാവിലായി'ക്കാരനാണെന്നും സ്വപ്ന സുരേഷിനെ അറിയില്ല എന്നുമൊക്കെ മുഖ്യമന്ത്രി പറയുന്നത് പച്ചക്കള്ളമാണെന്നും 2017 മുതല്‍ മുഖ്യമന്ത്രിക്ക് അവരെ പരിചയമുണ്ടെന്നും സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി.
'ഷാര്‍ജയിലെ ഷെയ്ക്കിനു നല്‍കിയ സ്വീകരണവും കേരള സര്‍വകലാശാലയുടെ ബിരുദ ദാനവുമടക്കം അഞ്ചു ദിവസത്തെ പരിപാടികളില്‍ 'സ്വപ്ന'കരങ്ങള്‍ സജീവ സാന്നിധ്യമായിരുന്നു. ലോക കേരള സഭയുടെ ആതിഥേയ സംഘത്തില്‍പെട്ട സ്വപ്ന സുരേഷിനെ മുഖ്യമന്ത്രിക്ക് അറിയില്ലയെന്നു പറയുന്നത് പച്ചക്കള്ളമാണ്. സ്വപ്നയെ 2017 മുതല്‍ മുഖ്യമന്ത്രിക്ക് പരിചയമുണ്ട്'- അദ്ദേഹം പറഞ്ഞു.
സ്പ്രിംക്ലര്‍ വിവാദ സമയത്ത് ശിവശങ്കരനെ പൂര്‍ണ വിശ്വാസമാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞിരുന്നത്. മുഖ്യമന്ത്രിയുടെ ഓഫിസിനേറ്റ കളങ്കമല്ല സ്വര്‍ണക്കടത്ത് വിവാദമെങ്കില്‍ സെക്രട്ടറി ശിവശങ്കരനെ സ്ഥാനത്തു നിന്ന് മാറ്റിയത് എന്തിനാണെന്ന് മുഖ്യമന്ത്രി പറയണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. എം.ശിവശങ്കറിനെ അത്രപെട്ടെന്ന് മുഖ്യമന്ത്രിക്ക് ഒഴിവാക്കാനാകില്ലെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി. മകളുടെ ബിസിനസ് വിവരങ്ങള്‍ ശിവശങ്കറിന് അറിയാമെന്നതാണ് കാരണം. അദ്ദേഹം ഇപ്പോഴും ഐടി സെക്രട്ടറി സ്ഥാനത്തു തുടരുന്നതിന്റെ കാരണം അതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്പീക്കര്‍ ശ്രീരാമകൃഷ്ണനുമായുള്ള ബന്ധം ഉപയോഗിച്ചാണ് ലോക കേരളസഭയുടെ ഭാഗമായത്. രാഷ്ട്രീയ ഇടനാഴികളില്‍ സ്വാധീനമുള്ള സ്വപ്നയ്ക്ക് സ്പീക്കറും സി.പി.എം എം.എ.ല്‍എമാരുമടക്കമുള്ള ഉന്നതരുമായി സൗഹൃദങ്ങളുണ്ട്. ഇതു സംബന്ധിച്ച് കൊച്ചിയിലെ കസ്റ്റംസ് ജോയിന്റ് കമ്മിഷണറിന്റെ വെളിപ്പെടുത്തലുകള്‍ ഉടന്‍ പുറത്തു വരുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."