എസ്.എഫ്.ഐ -എസ്.ഡി.പി.ഐ സംഘര്‍ഷം: ഒരാള്‍ കൂടി അറസ്റ്റില്‍
ചാരുംമൂട്: എറണാകുളം മഹാരാജാസ് കോളജിലെ അക്രമ സംഭവങ്ങളെ തുടര്‍ന്ന് ചാരുംമൂട്ടില്‍ നടന്ന എസ്.എഫ്.ഐ-എസ്.ഡി.പി.ഐ സംഘര്‍ഷത്തില്‍ പ്രതിയായിരുന്ന ഒരാളെ കൂടി നൂറനാട് പൊലിസ് പിടികൂടി. താമരക്കുളം ചരുവുപറമ്പില്‍ മുഹമ്മദ് ഷംനാദ് (27) ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം ഗുരുനാഥന്‍ കുളങ്ങര ഭാഗത്തു നിന്നും സബ്ബ് ഇന്‍സ്‌പെക്ടര്‍ വി. ബിജുവിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘമാണ് കസ്റ്റഡിയിലെടുത്തത്. ഇതോടെ കേസുമായി ബന്ധപ്പെട്ട് അഞ്ചു പേരാണ് അറസ്റ്റിലായത്.
തെക്കുംമുറിയില്‍ രാജ്ഭവനത്തില്‍ നിഷാദ് മോന്‍, താമരക്കുളം പേരൂര്‍ കാരാഴ്മ ചരുവുപറമ്പില്‍ നിഷാദ്, ചുനക്കര തെക്കുംമുറി കല്ലിരിക്കും വിളയില്‍ മുഹമ്മദ് സാദത്ത്, താമരക്കുളം പേരൂര്‍ കാരാഴ്മ ഹാവൂണ്‍ നിവാസില്‍ ഹൈയ്‌റൂല്‍ എന്നിവരായിരുന്നു നേരത്തെ അറസ്റ്റിലായവര്‍. മുഹമ്മദ് ഷംനാദിനെ മാവേലിക്കര കോടതിയില്‍ ഹാജരാക്കി. കോടതി ഇയാളെ റിമാന്‍ഡ് ചെയ്തു. ഈ കേസുമായി ബന്ധപ്പെട്ട് ഇനിയും ചിലരെക്കൂടി കിട്ടാനുണ്ടെന്നും അവര്‍ക്കായി തിരച്ചില്‍ തുടങ്ങിയതായും അന്വേഷണ സംഘം അറിയിച്ചു.
തോട്ടില്‍ മുങ്ങിത്താഴ്ന്ന മുത്തശ്ശിക്ക് കൊച്ചുമകള്‍ രക്ഷകയായി
കുട്ടനാട്: തോട്ടില്‍ മുങ്ങി താഴ്ന്നുകൊണ്ടിരുന്ന മുത്തശ്ശിയെ കൊച്ചുമകള്‍ രക്ഷിച്ചു. കാവാലം നെന്മലാറയ്ക്കല്‍ വീട്ടില്‍ കമലമ്മ(78)യ്ക്കാണ് ഏഴാംക്ലാസ് വിദ്യാര്‍ഥിനിയായ കൊച്ചുമകള്‍ ദേവപ്രിയയുടെ മനോധൈര്യം പുതുജീവന്‍ നല്‍കിയത്.
കഴിഞ്ഞ ദിവസം വൈകിട്ട് 4.15 നായിരുന്നു സംഭവം. കാവാലം ഗവ. യു.പി സ്‌കൂള്‍ വിദ്യാര്‍ഥിനിയായ ദേവപ്രിയ സ്‌കൂള്‍ വിട്ട് വീട്ടിലെത്തിയപ്പോള്‍ ആരും അവിടെയുണ്ടായിരുന്നില്ല. പതിവായി കാപ്പിയുമായി എത്തുന്ന മുത്തശിയെയും കാണാനില്ല. ബാഗ് മുറിക്കുള്ളില്‍വച്ച് വീടിനടുത്തുണ്ടായിരുന്ന അനുജത്തിയോട് മുത്തശ്ശിയെ തിരക്കിയപ്പോഴാണ് വീടിനു മുന്നിലുള്ള തോട്ടിലൊരു ശബ്ദം കേട്ടത്. പോയി നോക്കിയപ്പോള്‍ വെള്ളത്തില്‍ കൈകളിട്ടടിച്ച് താഴ്ന്നുപോകുന്ന മുത്തശ്ശിയെയാണ് കണ്ടത്. നിലവിളിച്ചെങ്കിലും ഉടന്‍ അടുത്തെങ്ങും ആരുമുണ്ടായിരുന്നില്ല.
തോട്ടിലേക്ക് ചാടിയ ദേവപ്രിയ മുത്തശിയെ എടുത്ത് കരയ്‌ക്കെത്തിച്ചു. ഈ സമയം വഴിയിലൂടെ വന്ന സ്ത്രീകള്‍ ചേര്‍ന്ന് പ്രഥമ ശുശ്രൂഷ നല്‍കി. തുണി നയ്ക്കാന്‍ തുടങ്ങിയപ്പോള്‍ കാല്‍വഴുതി വെള്ളത്തില്‍ വീഴുകയായിരുന്നെന്ന് കമലമ്മ പറയുന്നു.
മുങ്ങി താഴ്ന്ന് മരണത്തെ മുഖാമുഖം കണ്ട സമയത്ത് ദേവപ്രിയ എത്തിയെന്ന് അവര്‍ ഓര്‍ക്കുന്നു. കമലമ്മയുടെ മകന്‍ ദേവരാജന്റെ മകളാണ് ദേവപ്രിയ. പ്രമീളയാണ് മാതാവ്.
സാഹസികമായി രക്ഷാപ്രവര്‍ത്തനം നടത്തിയ ദേവപ്രിയയെ 13ന് ഉച്ചകഴിഞ്ഞ് ഗവ.യു.പി സ്‌കൂളില്‍ ചേരുന്ന യോഗത്തില്‍ അനുമോദിക്കുമെന്ന് ഹെഡ്മിസ്ട്രസ് ടി.കെ ഇന്ദിരയും പി.ടി.എ പ്രസിഡന്റ് ടി.പി പ്രസന്നനും അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."