അടിസ്ഥാന സൗകര്യങ്ങള്‍ അന്യം; ഊരംകുന്ന് കോളനിയില്‍ ദുരിതം
വൈത്തിരി: പൊഴുതന പഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍പെട്ട ഊരംകുന്ന് കോളനിവാസികള്‍ അടിസ്ഥാന സൗകര്യങ്ങളില്ലാതെ ദുരിതത്തില്‍. വാസയോഗ്യമായ വീടും കക്കൂസ് ഉള്‍പ്പെടെ അനുബന്ധ സൗകര്യങ്ങള്‍ കോളനിക്കാര്‍ക്ക് ഇന്നും അന്യമാണ്.
തെരഞ്ഞെടുപ്പ് കാലങ്ങളില്‍ ഭരണത്തിലുള്ളവരും അല്ലാത്തവരും വാഗ്ദാനങ്ങള്‍ ഏറെ നല്‍കിയിരുന്നെങ്കിലും ഇതെല്ലാം പാഴ് വാക്കായിരിക്കുകയാണ്. 14 പണിയ കുടുംബങ്ങളാണ് ഊരംകുന്ന് കോളനിയിലുള്ളത്. ഒരു കുടുംബത്തിന്റെ വീടുപോലും വാസയോഗ്യമല്ല.
10 വര്‍ഷം മുമ്പ് പഞ്ചായത്ത് ഐ.എ.വൈ പദ്ധതിയില്‍ നിര്‍മിച്ച വീടുകളാണ് കോളനിയിലേത്. മഴ പെയ്താല്‍ ചോര്‍ന്നൊലിക്കുന്നതാണ് ജീര്‍ണാവസ്ഥയിലുള്ള വീടുകളെല്ലാം. പുതിയ വീട് ലഭിക്കുന്നതിനു കോളനിക്കാര്‍ കഴിഞ്ഞവര്‍ഷം അപേക്ഷിച്ചെങ്കിലും പല വീടുകളുടെയും മേല്‍ക്കൂരയിലെ അറ്റകുറ്റപ്പണികള്‍ക്കു മാത്രമാണ് പഞ്ചായത്ത് തയ്യാറായത്.
പ്രധാന പാതയില്‍ നിന്നു കോളനിയിലേക്ക് ഗതാഗതയോഗ്യമായ വഴിയില്ല. സ്ഥലപരിമിതിയാണ് കോളനിക്കാര്‍ നേരിടുന്ന മറ്റൊരു പ്രശ്നം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."