സ്വര്‍ണക്കടത്തിന്റെ മുന നീളുന്നത് മുഖ്യമന്ത്രിയുടെ ഓഫിസിലെ ഉന്നതനിലേക്കെന്നു സൂചന
കൊച്ചി: തിരുവനന്തപുരത്തെ സ്വര്‍ണക്കടത്തിന്റെ മുന നീളുന്നത് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതനിലേക്കെന്നു സൂചന.
ഏറെ നാളായി ഇദ്ദേഹം മുഖ്യമന്ത്രിയുടെ ഓഫീസിനെ വച്ച് പല നീക്കങ്ങളും നടത്തുന്നതായി സി.പി.എമ്മില്‍ത്തന്നെ ആരോപണമുയര്‍ന്നിരുന്നതാണ്. ഒട്ടുമിക്ക മേഖലയിലും കൈവച്ചിട്ടുള്ള ഇദ്ദേഹം സ്വര്‍ണക്കടത്തുകേസിലും അന്വേഷണോദ്യോഗസ്ഥരുമായി ബന്ധപ്പെട്ടെന്നാണ് സൂചന.
സ്വര്‍ണമുള്ള ബാഗേജിന് ഭാരം കൂടുതലുണ്ടെന്ന കാരണത്താല്‍ തടഞ്ഞതോടെ അത് വിട്ടുകൊടുക്കണമെന്നാവശ്യപ്പെട്ട് ഇദ്ദേഹം ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടിരുന്നു. സംഗതി കുഴപ്പമാകുന്നെന്നു മനസിലായതോടെ ഇദ്ദേഹം തിരശീലയ്ക്കുപിന്നിലേക്ക് മറയുകയായിരുന്നു.
പ്രധാനപ്രതി സ്വപ്‌നയ്ക്ക് ഒളിവില്‍ പോകാന്‍ നിര്‍ദേശം നല്‍കിയതും അതിനുള്ള ചുറ്റുവട്ടമൊരുക്കിയതും ഇദ്ദേഹമാണെന്നും സൂചനകളുണ്ട്.
ഇദ്ദേഹം നടത്തിയിട്ടുള്ള വിദേശ യാത്രകളും അന്വേഷണപരിധിയിലെത്തുമെന്നാണ് സൂചന.
അതേസമയം, സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കാന്‍ കേന്ദ്ര ഏജന്‍സികള്‍ എത്തുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. കള്ളക്കടത്തിന് രാജ്യാന്തരമാനമുണ്ടെന്നുള്ളതാണ്. നിലവില്‍ വിദേശ രാജ്യവുമായി ബന്ധപ്പെടുന്ന കേസുകളും മറ്റും കൈകാര്യം ചെയ്യേണ്ടത് സി.ബി.ഐ പോലുള്ള കേന്ദ്ര ഏജന്‍സികളാണ്. കേസ് പ്രാഥമിക ഘട്ടത്തിലായതിനാല്‍ കസ്റ്റംസിന്റെ റിപ്പോര്‍ട്ട് അനുസരിച്ചാവും ഈ ഏജന്‍സിയുടെ ഇടപെടല്‍.
മാത്രമല്ല, സ്വര്‍ണക്കടത്തിലുപരി, ബാഗേജുമായി ബന്ധപ്പെട്ട പണം കൈമാറ്റത്തിലും കസ്റ്റംസ് അസ്വാഭാവികത കണ്ടെത്തിയിട്ടുണ്ട്. രാജ്യ സുരക്ഷയ്ക്ക് ഭീഷണി ഉണ്ടാക്കുന്നത് എന്ന തരത്തില്‍ സ്വര്‍ണക്കടത്തുമാറുന്നത് ആപത്ക്കരവും രാജ്യത്ത് മൂല്യത്തകര്‍ച്ചയ്ക്ക് കാരണമാകുന്നതുമാണ്.
നയതന്ത്ര പ്രശ്‌നമുള്ളതിനാല്‍ തിരുവനന്തപുരത്തെത്തിയ പാക്കേജ് തുറന്നുപരിശോധിക്കാന്‍ വിദേശകാര്യമന്ത്രാലയത്തിന്റെ അനുമതി ആവശ്യമായിരുന്നു. അങ്ങനെ വിദേശകാര്യമന്ത്രാലയം ഇടപെട്ട് അനുവാദം നല്‍കിയ കേസില്‍ സ്വാഭാവികമായും ആഭ്യന്തരവകുപ്പിന്റെ ഇടപെടല്‍ തേടേണ്ടത് അവരാണ്.
പ്രധാനപ്രതികളില്‍ ഒരാള്‍ ഒളിവിലാണെന്നതിനാലും വമ്പന്‍ സ്രാവുകള്‍ പുറത്തുണ്ടെന്നതിനാലും കേന്ദ്ര ഏജന്‍സികള്‍ രഹസ്യാന്വേഷണം ആരംഭിച്ചതായും വിവരമുണ്ട്. ഔദ്യോഗിക അറിയിപ്പ് മാത്രമാണ് ബാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."