മൃതദേഹം മറവുചെയ്യുന്നതു സംബന്ധിച്ച് തര്‍ക്കം
ഉപ്പുതറ: പൊതുശ്മശാനത്തില്‍ മൃതദേഹം സംസ്‌കരിക്കുന്നതുമായി ബന്ധപ്പെട്ട് ഉപ്പുതറ പത്തേക്കറില്‍ സംഘര്‍ഷം. മണിക്കൂറുകള്‍ നീണ്ട തര്‍ക്കത്തിനുശേഷം പഞ്ചായത്തിന്റെ നിരോധന ഉത്തരവ് അവഗണിച്ച് മൃതദേഹം സംസ്‌കരിച്ചു.
പത്തേക്കര്‍ കൊച്ചുപറമ്പില്‍ പരേതനായ ചന്ദ്രന്റ ഭാര്യ ശാരദ (80) യുടെ മൃതദേഹം സംസ്‌കരിക്കുന്നതുമായി ബന്ധപ്പെട്ടാണ് തര്‍ക്കമുണ്ടായത്. ഇന്നലെ രാവിലെ പത്തോടെ പൊതുശ്മശാനത്തില്‍ കുഴിയെടുക്കാന്‍ എത്തിയവരെ ഒരുവിഭാഗം നാട്ടുകാര്‍ തടഞ്ഞു. ഇതിനെ ചോദ്യംചെയ്ത് ശാരദയുടെ ബന്ധുക്കളും ഇവരെ അനുകൂലിക്കുന്ന മറ്റൊരു വിഭാഗം നാട്ടുകാരും രംഗത്തുവന്നതോടെ സംഘര്‍ഷം ഉടലെടുത്തു. സ്ഥലത്ത് സംസ്‌കാരം നിരോധിച്ച് മനുഷ്യാവകാശ കമ്മിഷന്റെ ഉത്തരവുണ്ടന്നു പറഞ്ഞാണ് ഒരുവിഭാഗം എതിര്‍ത്തത്. ഇതംഗീകരിക്കാന്‍ മറുവിഭാഗം കൂട്ടാക്കാതെ വന്നതോടെ അവര്‍ പഞ്ചായത്തിനെ സമീപിച്ചു. സംസ്‌കാരം തടഞ്ഞുകൊണ്ടുള്ള ഉത്തരവുമായി പഞ്ചായത്തില്‍നിന്നും ഉദ്യോഗസ്ഥരെത്തിയപ്പോഴേക്കും കഴിയെടുത്തിരുന്നു. ഉത്തരവ് കൈപ്പറ്റാന്‍ ആദ്യം ബന്ധുക്കള്‍ തയാറായില്ല. നിര്‍ബന്ധപൂര്‍വം ഉത്തരവുനല്‍കി ഉദ്യോഗസ്ഥര്‍ മടങ്ങിയതോടെ മൃതദേഹം സംസ്‌കരിക്കാനുള്ള തയാറെടുപ്പുകള്‍ പൂര്‍ത്തിയാക്കി.
എതിര്‍ത്തവര്‍ ഉടന്‍തന്നെ സ്റ്റേഷനിലെത്തി പൊലിസുമായി സ്ഥലത്തെത്തിയപ്പോഴേക്കും മൃതദേഹം കുഴിയിലാക്കി ഭൂരിഭാഗവും മണ്ണിട്ടുമൂടി. മൃതദേഹം പുറത്തെടുക്കാന്‍ അധികാരമില്ലെന്ന നിലപാടാണ് പൊലിസ് സ്വീകരിച്ചത്. സ്ഥലത്തിന്റ ഉടമസ്ഥാവകാശം ആര്‍ക്കാണെന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ലാത്തതിനാല്‍ നിയമപരമായ മാറ്റുനടപടികള്‍ സ്വീകരിക്കാന്‍ കഴിയില്ലെന്നും സംഘര്‍ഷം അനുവദിക്കില്ലന്നും പൊലിസ് പറഞ്ഞു.
പീരുമേട് ടീകമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ് പത്തേക്കറിലെ ഭൂമി. 50 വര്‍ഷത്തിലധികമായി പൊതുശ്മശാനമായി ഉപയോഗിച്ചു വരുന്നതാണ്.
രണ്ടായിരത്തില്‍ ഉടമ തോട്ടം ഉപേക്ഷിച്ചുപോയതോടെ ആരാധനാലയങ്ങളും സ്വകാര്യ വ്യക്തികളും ഭൂമി കൈവശപ്പെടുത്തി. കുറച്ചുഭൂമി മാത്രമാണ് അവശേഷിക്കുന്നത്. ഇത് പൊതുശ്മശാനമായി ഉപയോഗിച്ചുകൊണ്ടിരിക്കുന്നതാണെന്നും ശാരദയുടെ വീട്ടുകാരെ അനുകൂലിക്കുന്ന നാട്ടുകാര്‍ പറഞ്ഞു. ശാരദയുടെ ഭര്‍ത്താവിനേയും അടക്കംചെയ്തത് ഇവിടെയാണ്. രണ്ടര സെന്റ് സ്ഥലമാണ് ശാരദയുടെ വീട്ടുകാര്‍ക്കുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."