കരിപ്പൂര്‍ വിമാനത്താവളത്തിനെതിരേ ഗൂഢാലോചന നടക്കുന്നു: എം.പി വീരേന്ദ്രകുമാര്‍
സ്വന്തം ലേഖകന്‍
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തിനെതിരേ ഗൂഢാലോചന നടക്കുന്നുണ്ടെന്ന് എം.പി വീരേന്ദ്രകുമാര്‍ എം.പി. കേരള പ്രവാസി സംഘം കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള്ള 24 മണിക്കൂര്‍ രാപകല്‍ സമരം മാവൂര്‍ റോഡിലെ എയര്‍ ഇന്ത്യാ ഓഫിസിനു മുന്നില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
2005 വരെ വലിയ വിമാനങ്ങള്‍ ഇറങ്ങിയ വിമാനത്താവളമാണിത്. അതിനുശേഷം പല കാരണങ്ങളാല്‍ ചെറിയ വിമാനങ്ങളാക്കി. ഹജ്ജിനു പോകുന്നവരുടെ സൗകര്യത്തിനായി കരിപ്പൂരില്‍ ലക്ഷങ്ങള്‍ ചെലവിട്ട് ഹജ് ഹൗസ് നിര്‍മിച്ച് സൗകര്യമൊരുക്കി. ഇപ്പോള്‍ അതും കൊച്ചിയിലേക്കു മാറ്റി. മലബാറില്‍നിന്നാണ് ഹജ്ജിനു പോകുന്നവര്‍ ഏറെയും.
ഹജ്ജിനും ജോലി ആവശ്യത്തിനുമായി 11.5 ലക്ഷം മുതല്‍ 12.5 ലക്ഷം വരെ യാത്രക്കാര്‍ സഊദിയിലേക്കു മാത്രമായി കരിപ്പൂരില്‍ നിന്നു പോകുന്നുണ്ട്. എന്നിട്ടും വിമാനത്താവളത്തിനെ പരിഗണിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. കരിപ്പൂര്‍ വിമാനത്താവളത്തെ സംരക്ഷിക്കുക, കേന്ദ്ര സര്‍ക്കാരിന്റെ അവഗണന അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണു രാപകല്‍ സമരം.
സമരത്തിന്റെ ഭാഗമായി മുതലക്കുളത്തുനിന്ന് എയര്‍ ഇന്ത്യയുടെ ഓഫിസിലേക്കു മാര്‍ച്ചും നടന്നു. പ്രവാസി സംഘം സംസ്ഥാന ട്രഷറര്‍ ബാദുഷ കടലുണ്ടി അധ്യക്ഷനായി. സി.പി.ഐ നേതാവ് ബിനോയ് വിശ്വം, പ്രവാസി സംഘം ജില്ലാ സെക്രട്ടറി സി.വി ഇക്ബാല്‍, അഡ്വ. പി.ടി.എ റഹീം എം.എല്‍.എ, സി.പി.എം ജില്ലാ സെക്രട്ടറി പി. മോഹനന്‍, ഡോ. കെ. മൊയ്തു, ആറ്റക്കോയ പള്ളിക്കണ്ടി, ഹസന്‍ തിക്കോടി, കെ. ഹസന്‍കോയ, കെ. സേതുമാധവന്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."