'എനിക്കും പഠിക്കണം, പക്ഷേ...'
തിരുവനന്തപുരം: അക്ഷരലോകത്തെ ഉയരങ്ങളിലേക്ക് കാലെടുത്തുവയ്ക്കുന്നതിനായി ഉജ്വലബാല്യം പുരസ്‌കാര ജേതാവും ഭിന്നശേഷിക്കാരനുമായ മുഹമ്മദ് ആസിം നടത്തിയ സഹനസമര വീല്‍ചെയര്‍ യാത്ര ഇന്നലെ സെക്രട്ടേറിയറ്റിനു മുന്നില്‍ സമാപിച്ചു.
താന്‍ പഠിക്കുന്ന വെള്ളിമണ്ണ യു.പി സ്‌കൂള്‍ അപ്‌ഗ്രേഡ് ചെയ്ത് ഹൈസ്‌കൂളാക്കി തുടര്‍പഠനത്തിന് അവസരമൊരുക്കണമെന്നാവശ്യപ്പെട്ട് ഫെബ്രുവരി 15ന് സ്‌കൂള്‍ പരിസരത്തു നിന്നാണ് ആസിം സഹനസമര വീല്‍ചെയര്‍ യാത്ര ആരംഭിച്ചത്. തൊണ്ണൂറ് ശതമാനം വൈകല്യമുള്ള ആസിമിന്റെ സമരത്തിന് യാത്രാവഴികളില്‍ നിരവധി സന്നദ്ധസംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും പിന്തുണ അര്‍പ്പിച്ചിരുന്നു.
ഇന്നലെ സെക്രട്ടേറിയറ്റിനു മുന്നില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല യാത്ര സമാപനം ഉദ്ഘാടനം ചെയ്തു. ആസിം പഠിക്കുന്ന സ്‌കൂളിനെ ഹൈസ്‌കൂളാക്കി അപ്‌ഗ്രേഡ് ചെയ്യാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. കുട്ടിയെ ഇത്രയും ദൂരം യാത്ര ചെയ്യിപ്പിച്ചതുതന്നെ മാനക്കേടാണ്. കൂടുതല്‍ മാനക്കേട് ഉണ്ടാക്കുന്നതിനേക്കാള്‍ നല്ലത് സര്‍ക്കാര്‍ കോടതി വിധി നടപ്പിലാക്കുകയാണ് വേണ്ടതെന്നും ചെന്നിത്തല പറഞ്ഞു.
മനുഷ്യാവകാശ കമ്മിഷനും ബാലാവകാശ കമ്മിഷനും സ്‌കൂളിനെ അപ്‌ഗ്രേഡ് ചെയ്യണമെന്ന് നിര്‍ദേശിച്ചിരുന്നു. തന്റെ കാലുകൊണ്ടെഴുതിയ കത്തുമായി ആസിം മുഖ്യമന്ത്രി പിണറായി വിജയനെ ഇക്കാര്യത്തിനായി സമീപിച്ചിരുന്നു. ആദ്യം പരിഗണിക്കാമെന്ന് വാഗ്ദാനം നല്‍കിയ മുഖ്യമന്ത്രി പിന്നീട് നിരസിച്ചുവെന്നും വിഷയം ഉന്നയിച്ച് സര്‍ക്കാരിന് കത്തുനല്‍കുമെന്നും അദ്ധേഹം പറഞ്ഞു.
ഭിന്നശേഷിക്കാരനായ ആസിം തുടര്‍പഠനത്തിനുവേണ്ടിയുന്നയിച്ച ആവശ്യം സര്‍ക്കാര്‍ പരിഗണിച്ചില്ല. ഇതുമായി ബന്ധപ്പെട്ടുള്ള എല്ലാ സമരങ്ങള്‍ക്കും താന്‍ പിന്തുണ നല്‍കുമെന്ന് യോഗത്തില്‍ അധ്യക്ഷനായ കെ.പി.സി.സി മുന്‍ പ്രസിഡന്റ് വി.എം സുധീരന്‍ പറഞ്ഞു. സമരസമിതി ചെയര്‍മാന്‍ കരിം പാല, പൗരസമിതി കണ്‍വീനര്‍ മാലിക്, ജി.ബി ഹരി, സലാഹുദ്ദീന്‍ ഐ.ഒ ബി, ഹാരീസ് രാജ്, ഡോ. നൗഷാദ് തെക്കയില്‍, കുഞ്ഞിമൊയ്തീന്‍ ഹാജി, ആനന്ദ് തിരുവുല്ലവാരം തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."